ചെറിയ കഥകളുടെ രസതന്ത്രം
പി.കെ.പാറക്കടവ്
ഒരു വലിയ കഥയുടെ വാരിയെല്ലുകള്‍ കൊണ്ടു ചെറുതില്‍ ചെറുതായ കഥയുണ്ടാക്കാനാവില്ല. എന്നാല്‍ ഒരു ജീവിതത്തിന്റെ വാരിയെല്ലുകള്‍ കൊണ്ട് ഒരു കൊച്ചുകഥയുണ്ടാക്കാം.
ആറു വരികളിലോ പത്തു വരികളിലോ എഴുതുമ്പോഴല്ല ഒരു കൊച്ചുകഥ പിറക്കുന്നത്. ജീവിതം പിഴിഞ്ഞ് സത്തുണ്ടാക്കി ഇത്തിരി കണ്ണീരും ചേര്‍ത്ത് തപസ്സു ചെയ്യുമ്പോഴാണ് ഒരു കൊച്ചു കഥയുണ്ടാകുന്നത്.
ഒരു വാക്കു പൊട്ടിച്ചു നോക്കുമ്പോള്‍ തീ. മറ്റൊരു വാക്കില്‍ നിന്ന് നിലാവ്. മൂന്നാമത്തെതില്‍ നിന്ന് മഞ്ഞ്. അപ്പോള്‍ ഞാന്‍ പറയും ദൈവമേ ഇതൊരു കൊച്ചു കഥയാണല്ലോ.
ഊതിയൂതി വീര്‍പ്പിച്ചു ഒരു ബലൂണ്‍ വലുതാക്കാം. വാക്കുകള്‍ കുത്തിനിറച്ചു വീര്‍പ്പിച്ചാല്‍ ഒരു കഥയാവില്ല. ഊതിവീര്‍പ്പിച്ച ഒരു പൊങ്ങച്ചത്തിന്നെതിരെ ഒരു കൊച്ചുകഥയുടെ മുന കൊണ്ട് കുത്തുകയാണ് വേണ്ടത്.
ചട്ടികളില്‍ വളര്‍ത്തുന്ന ബോണ്‍സായ് ചെടിയല്ല ചെറിയ കഥ. വലിയ കഥയുടെ രൂപമേയല്ല അത്. കഥയും കവിതയുമല്ലാത്ത മറ്റെന്തോ ഒന്ന്. ഒരു വേള ജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്.
എന്നോട് സുഹൃത്ത് ചോദിച്ചു:’ഈ ഇത്തിരി വരികളില്‍ എന്ത് കഥയാണുള്ളത്?’ ഞാന്‍ പറഞ്ഞു.’പൊട്ടിച്ചു നോക്കൂ’അവന്‍ പൊട്ടിച്ചു നോക്കി. അതില്‍ നിന്ന് തെറിച്ചു വീണത് ജീവിതം.
Comments are closed.