DCBOOKS
Malayalam News Literature Website

‘ഇന്നത്തെ ഇന്ത്യയുടെ കാപട്യങ്ങളെ വെല്ലുവിളിക്കുന്ന മനുഷ്യകഥകള്‍’ ചെമ്പരത്തിയെക്കുറിച്ച് സക്കറിയ

ലതാലക്ഷ്മിയുടെ ഏറ്റവും പുതിയ കഥാസമാഹാരം ചെമ്പരത്തിയെക്കുറിച്ച് സക്കറിയ എഴുതിയ വായനാനുഭവം

ഞാന്‍ സമീപകാലത്ത് വായിച്ച ഏറ്റവും മികച്ച കഥാസമാഹാരമാണ് ലതാലക്ഷ്മിയുടെ പുതിയ പുസ്തകമായ ചെമ്പരത്തി. ഈ കഥകളുടെ മേല്‍ ‘പെണ്‍’ എന്ന സൗകര്യപ്രദമായ വിശേഷണം ചാര്‍ത്താന്‍ സാഹിത്യ എസ്റ്റാബ്ലിഷ്‌മെന്റ് ശ്രമിച്ചേക്കാം. പക്ഷേ, ലതാലക്ഷ്മിയുടെ കഥകള്‍ അത്തരം തന്ത്രപരമായ പോര്‍ വിളികള്‍ക്കും പ്രകാശവര്‍ഷങ്ങള്‍ക്കുമപ്പുറത്ത് സ്ഥിതി ചെയ്യുന്ന ലോകങ്ങളെയാണ് സൃഷ്ടിക്കുന്നത്. വിട്ടുവീഴ്ച ഇല്ലാത്തതും സുന്ദരവും മൗലികവുമായ ഒരു നിലപാട് അവയില്‍ പ്രകാശിക്കുന്നുണ്ട്. എന്നാല്‍ ആ ശബ്ദം ആവിഷ്‌കരിക്കുന്നത് ലിംഗഭേദമില്ലാത്ത ഒരു മാനവിക ദര്‍ശനത്തെയാണ്. അതിന്റെ ലാവണ്യത്തില്‍നിന്ന് പ്രസരിക്കുന്നത് നിര്‍മ്മമമായ സമകാലീന യാഥാര്‍ത്ഥ്യ ബോധവും കുലുങ്ങാത്ത ജനാധിപത്യ വിശ്വാസവും വര്‍ഗ്ഗീയതയോടുള്ള കറകളഞ്ഞ പ്രതിരോധവുമാണ്. അന്തിമവിശകലനത്തില്‍ അവയുടെ ഭാഷ്യവും ആഖ്യാനവും ശില്പചാതുര്യവും പ്രതിഭാസമ്പന്നമാണ്. ലതാലക്ഷ്മിയുടെ കഥകള്‍ ഇന്നത്തെ ഇന്ത്യയുടെ കാപട്യങ്ങളെ വെല്ലുവിളിക്കുന്ന മനുഷ്യകഥകളാണ്. അവ ഒരു പെണ്ണിന്റേതാണ് എന്നത് യാദൃച്ഛികം മാത്രം.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ലതാലക്ഷ്മിയുടെ ചെമ്പരത്തി എന്ന കഥാസമാഹാരം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക 

Comments are closed.