ചേക്കുട്ടിപ്പാവ: പ്രളയാനന്തര കേരളത്തിന്റെ അതിജീവനമാതൃക
ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളുടെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടിപാവകള്‍ ഇന്ന് രാജ്യാന്തര തലത്തില്‍ത്തന്നെ ഏറെ ശ്രദ്ധ നേടിയ ഒരു സംരംഭമാണ്. ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിന് വഴിതെളിച്ച ചേക്കുട്ടിപ്പാവകള്‍ ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പുത്തന്‍ മാതൃകയാണ് നമുക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ദുഃഖവും ദുരിതവും വിതച്ച് പ്രളയം കടന്നുപോയപ്പോള്‍ തകര്‍ന്നടിഞ്ഞത് അനേകമാളുകളുടെ സ്വപ്‌നവും പ്രതീക്ഷയും അധ്വാനവുമായിരുന്നു. ചേന്ദമംഗലത്തെ ബാധിച്ച പ്രളയം അറുനൂറോളം നെയ്ത്തുകാരുടെ ഉപജീവനത്തെ ഗുരുതരമായി ബാധിച്ച പ്രതിസന്ധിയായിരുന്നു. ഓണവിപണി മുന്നില്‍ക്കണ്ട് വില്‍പ്പനക്ക് ഒരുക്കിവെച്ചിരുന്ന 21 ലക്ഷം രൂപയുടെ തുണിത്തരങ്ങളാണ് പ്രളയത്തില്‍ ഉപയോഗശൂന്യമായത്. ഇനിയെന്ത് എന്ന ആലോചനയില്‍ വിവിധ കൈത്തറി യൂണിറ്റുകള്‍ വഴിമുട്ടി നില്‍ക്കുമ്പോഴാണ് ഫാഷന്‍ ഡിസൈനറായ ലക്ഷ്മി മേനോനും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗോപിനാഥ് പാറയിലും ചേര്‍ന്ന് വ്യത്യസ്തമായ ഒരാശയത്തിന് തുടക്കമിടുന്നത്.
ചേറും ചെളിയും പുരണ്ട തുണികള്‍ കഴുകി വൃത്തിയാക്കി, അണുവിമുക്തമാക്കിയ ശേഷം അവയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയില്‍നിന്നാണ് ചേക്കുട്ടി പാവകള്‍ രൂപപ്പെടുന്നത്. ഒരു സാരിയില്‍ നിന്ന് ഏകദേശം 360 ചേക്കുട്ടി പാവകളെ വരെ നിര്‍മ്മിക്കാന്‍ സാധിക്കും. വിവിധ സംഘങ്ങളിലൂടെയുംം കൂട്ടായ്മകളിലൂടെയും ഈ തുണികളില്‍ നിന്നും അനേക ലക്ഷം ചേക്കുട്ടിപ്പാവകള്‍ക്ക് ജീവനേകി. ഒരു പാവയ്ക്ക് 25 രൂപ വീതമാണ് വില ഈടാക്കുന്നത്. ചേറിനെ അതിജീവിച്ച കുട്ടി അഥവാ ചേക്കുട്ടിയുടെ ആശയവും പരിശീലനവും നിര്‍മ്മാണവും വിതരണവും ബ്രാന്‍ഡിങ്ങും അടക്കമുള്ള കാര്യങ്ങളെല്ലാം ലക്ഷ്മി മേനോന്റെയും ഗോപിനാഥ് പാറയിലിന്റെയും നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് ചെയ്യുന്നതെങ്കിലും അതാതു സൊസൈറ്റികളുടെ ഫണ്ടിലേക്കാണ് വില്‍പ്പനയിലൂടെയും സംഭാവനയിലൂടെയും ലഭിക്കുന്ന പണമെത്തുന്നത്. ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ ചേക്കുട്ടിയുടെ നിര്‍മ്മാണത്തിനും പ്രചരണത്തിനുമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളുടെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടി പാവകള്‍ ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മുഖമായി മാറുകയാണ്. അതിഥികളായി കെ.എല്‍.എഫ് വേദിയിലെത്തുന്നവര്‍ക്ക് കോംപ്ലിമെന്ററി ഗിഫ്റ്റായി ചേക്കുട്ടിപ്പാവകളെ സമ്മാനിക്കും. ചേന്ദമംഗലം കൈത്തറിയുടെ പേരും പെരുമയും വര്‍ണ്ണപ്പൊലിമയോടെ പരക്കട്ടെ…
Comments are closed.