പി.എഫ്. മാത്യൂസിന്റെ ‘ചാവുനിലം’
‘ഞാന്‍ പ്രകാശത്തെ നിര്‍മിക്കുന്നു.
അന്ധകാരത്തെയും സൃഷ്ടിക്കുന്നു.
ഞാന്‍ നന്മ ഉളവാക്കുന്നു. തിന്മ
യെയും സൃഷ്ടിക്കുന്നു. ദൈവമായ
ഞാന്‍ ഇതെല്ലാം ചെയ്യുന്നു.’
-ഏശായ 45:7
സാത്താന്റെ ലീലകള്‍ക്കു മനുഷ്യനെ വിട്ടുകൊടുത്തിട്ടു ദൈവം പിന്‍മാറുന്ന ഭൂമിയാണ്ഇ യ്യോബിന്റെ പുസ്തകം. ദൈവം ഉപേക്ഷിച്ച മനുഷ്യന്റെ ഭീതിദമായ കാലം,നെഞ്ചില്‍ തടഞ്ഞുനിന്ന അക്കാലത്താണ് പി.എഫ്. മാത്യൂസിന്റെ ‘ചാവുനിലം’ വായിച്ചത്. 20 വര്‍ഷത്തിനുശേഷം അതേ നോവല്‍ ഈ കുറിപ്പെഴുതാനായി വീണ്ടും വായിക്കുമ്പോള്‍ ദെസ്‌തോവ്‌സ്‌കിയുടെ ‘ഭൂതാവിഷ്ടര്‍’ (The Possessed / The Devils) കൂടി ഓര്‍ത്തു. സാത്താനുമായുള്ള സംവാദത്തിനൊടുവില്‍മനുഷ്യന്റെ സത്യം പരീക്ഷിക്കാനായി കൊടിയ പീഡകളിലേക്കുതള്ളിയിടുന്ന ദൈവം, ഒടുവില്‍ മനുഷ്യന്റെ അജ്ഞതയും നിസ്സാരതയും പരിഹസിക്കുന്നത് നാം കാണുന്നു.
ദെസ്‌തോവ്‌സ്‌കിയുടെ നോവലിലാകട്ടെ ദൈവമില്ലെന്നു തെളിയിക്കാന്‍ ആത്മഹത്യയ്ക്കു തയ്യാറെടുത്തിരിക്കുന്ന കിറിലോവ്ഉണ്ട്. ആ നോവലില്‍ റഷ്യയിലെ ഏറ്റവും കഠിനമായ ഒരു മഞ്ഞുകാലം ദുര്‍ന്നിമിത്തമായി നിലകൊള്ളുന്നു. ചെളിയില്‍ കുഴഞ്ഞ രാത്രിവഴികളും
പുലരുംവരെ നീളുന്നഅധോലോക ചര്‍ച്ചകളുമാണ് ഭൂതാവിഷ്ടരിലെങ്കില്‍, ദൈവമില്ലാത്ത, ദൈവം ഗതകാലസ്മരണ മാത്രമായിത്തീര്‍ന്ന കാലമാണ് ചാവുനിലം. ദൈവരഹിതരായ ജന്മങ്ങളെ ഇരുട്ട് സ്വതന്ത്രമാക്കുമ്പോള്‍ അവരേറ്റം വലിയ അശാന്തിയിലേക്കു സഞ്ചരിച്ചു
തുടങ്ങും. ഒടുവില്‍ കഠിനമായ പ്രാണനും പിടിച്ചു മരണത്തിനു കാത്തുകിടക്കുമ്പോള്‍ അതു വരി
കയില്ല. സാത്താനുമായി സഹവസിക്കുന്നവര്‍ക്കു മരണം അകലെയാകുന്നു, മരണം വേഗം സംഭവിക്കാന്‍മനുഷ്യര്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു. നിലയ്ക്കാതെ നീളുന്ന ആ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ മരണം കൊണ്ടുമാത്രം ആശ്വാസം നല്‍കുന്നവനായി ദൈവം പ്രത്യക്ഷനാകുന്നു.
ദൈവത്താല്‍ ത്യജിക്കപ്പെടുേമ്പാള്‍, മനുഷ്യന്‍ തന്നില്‍നിന്നു തന്നെയും പുറത്താക്കപ്പെടുന്നു. ഓരോ പാപത്തിന്റെയും മരണം ഓരോന്നാണ്. അതിനാല്‍ പലതരം മരണങ്ങളുടെ പുസ്തകമാണ്
ചാവുനിലം. ക്രൈസ്തവ സന്ദേഹങ്ങളെക്കാള്‍ എന്റെ ബോധത്തെ പിടിച്ചുകുലുക്കിയത് നോവലിലെ ചില മരണങ്ങളാണ്. ഒറ്റപ്പെട്ടു കിടന്ന കൊച്ചിയിലെ ചില ദ്വീപുകളിലേക്കുള്ള പഴയ യാത്രകളില്‍ ആ മരണങ്ങള്‍ എന്നെ പിന്തുടര്‍ന്നു. ചവിട്ടുനാടകക്കാരനായ ചൗരോ ആശാന്റെ മരണമായിരുന്നു അതിലൊന്ന്. കല്യാണപ്പന്തലൊരുക്കിയേപ്പാള്‍ ഈര്‍ക്കില്‍ കയ്യില്‍ കയറി മുറിവുണ്ടായി. ആ മുറിവു പഴുത്ത് അണുാധയേറിയാണ് ചൗരോ ആശാന്‍ മരിക്കുന്നത്. മരണാസന്നനായ ആശാനെ ഒരു വള്ളത്തില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍, കടവിനോടു ചേര്‍ന്നു പുതിയ മരപ്പാലത്തിന്റെ പണി നടക്കുന്നുണ്ടായിരുന്നു.മരപ്പലകമേലുള്ള തട്ടും മുട്ടും അബോധാവസ്ഥയിലായ ചൗരോയില്‍ ധന്യമായ ചില സ്മരണകളെഉണര്‍ത്തി.
”സൂര്യന്‍ ഉദിച്ചു പൊങ്ങിയിരുന്നു. ചൗരോ ആശാന്‍ കണ്ണുകളടച്ചു. ചുണ്ടുകളില്‍ രാജകീയമായ ചിരി പൊട്ടി. മരപ്പാലത്തില്‍, വേദിയിലെ ചവിട്ടുകള്‍പോലെ തട്ടലും മുട്ടലും. ഓളങ്ങളുടെ തേക്കവും…” സ്വരം അകലുന്നു. അകലെ തട്ടില്‍ നിന്നു ചവിട്ടുന്ന സ്വരം. ചെണ്ടമേളം. ചട്ടിയില്‍
കൂട്ടിയിട്ട പൊതിമടലുകള്‍ സൂര്യനെപ്പോലെ ആളിക്കത്തുകയാണ്.’ ഈ പൊതിമടലുകളുടെ
പ്രകാശധാരയിലായിരുന്നു ചൗരോയുടെ അരങ്ങേറ്റം. മരണം ഒരുഈര്‍ക്കില്‍ത്തുമ്പില്‍ ഊയലാടി
അയാളെ എടുത്തുകൊണ്ടു പോകുന്ന ആ നിമിഷങ്ങളില്‍ എന്ന ന്നേക്കുമായി നഷ്ടമായ യൗവന
ത്തിന്റെ അരങ്ങ് ഉണരുന്നു: ‘അരങ്ങേറ്റം. ചട്ടിയിലാളുന്നവെളിച്ചത്തെയും കാണികളെയും സാക്ഷിയാക്കി അണ്ണാവിയുടെകാല്‍ക്കല്‍ വെറ്റിലയില്‍ നാണയംവെച്ചു തൊട്ടുവണങ്ങി…’
പെരമ്പ്രാസിന്റെ ഉടയാടകള്‍ അണിഞ്ഞു ചൗരോ പാടിയത് ഓര്‍മകളിലൂടെ അലയായി ഉയരുന്നുണ്ട്. എന്നാല്‍ ഓര്‍മകളുടെ ഇറക്കംകൂടിയാണത്. ഒരിക്കലും അവ തിരിച്ചുവരാന്‍
പോകുന്നില്ല. എത്ര ഓര്‍ത്താലും– ‘ചൗരോ കാതോര്‍ത്തു. കയ്യടിയില്ല.ഹര്‍ഷാരവമില്ല. മരപ്പലകകളില്‍ ആണി തറയുന്നു. തട്ട് തുടരുന്നു. മരങ്ങളുടെ സ്വരം മാത്രം.’ –പാലം പണിയുടെ സ്വരരാഗത്തില്‍ മരണത്തിന്റെ തേക്കത്തില്‍, സ്മരണയില്‍ നൃത്തംചെയ്താണ് ചൗരോ ഇഹലോകവേദി വിടുന്നത്. ഭയങ്കരമരണങ്ങള്‍ക്കു നടുവില്‍ ഈ നോവലിലെ ഏറ്റവും ആത്മശാന്തിയുള്ളമരണമാണിത്.
‘നാം മരിക്കുന്നു. അതു ജീവിതത്തിന്റെ പൊരുളാകാം. എന്നാല്‍ നാം ഭാഷകൊണ്ട് പണിയെടുക്കുന്നു. അതാണു നമ്മുടെ ജീവിതത്തിന്റെ പൊരുള്‍’ എന്ന് ടോണി മോറിസന്റെ ഒരു
വാക്യമുണ്ട്. നോവലില്‍ ഭാഷയാണു ജീവിതവും മരണവും കൊത്തിയെടുക്കുന്നത്. ദുര്‍വിധിയുടെ ഇരകളായ മനുഷ്യരുടെ പാപം യഥാര്‍ത്ഥത്തിലെന്താണ്? അത് അവരുടെ സ്വാതന്ത്ര്യബോധമായിരുന്നു. സ്വന്തം ഇച്ഛയിലും സ്വാതന്ത്ര്യത്തിലുമുള്ള ദൃഢവിശ്വാസം മൂലമാണ് പാതാളത്തോളം കുഴിച്ചുചെല്ലാന്‍ അവന്‍ മടിക്കാത്തത്. എന്നാല്‍ കരുത്തുള്ള ദിനങ്ങള്‍ അകന്നുപോകുന്നു. ദുര്‍മണങ്ങളുടെയും അവസാനമില്ലാത്തഇരുളിന്റെയും കേന്ദ്രമായ പാഴ്നിലത്തെ നോക്കി യോനാസച്ചന്‍നില്‍ക്കുന്നു: ‘ഒന്നരയേക്കറില്‍ വിസ്തരിച്ചുകിടക്കുന്ന പാഴ്നിലത്തിന്റെ തെക്കുവശത്തുലക്ഷണപ്പിശകുപോലെ പന്നിക്കൂടിന്റെ അവശിഷ്ടം. അവയ്ക്കു
താഴെ ഭൂതകാലം മുഴുവനും സംഭരിക്കപ്പെട്ടിരിക്കയാണെന്നു തോന്നി.’
ഈ ഭൂതകാലത്തില്‍നിന്നാണു പൈശാചികമായ തമസ്സ് പാഴ്‌നിലത്തെ ഗ്രസിക്കുന്നത്. മനുഷ്യാവസ്ഥയോടുള്ള ക്രൈസ്തവബോധത്തിലൂന്നിയ പ്രതികരണമാണ് ചാവുനിലത്തിന്റെ ആശയതലം. അതാകട്ടെ ഇളവില്ലാത്ത പാപത്തിന്റെ സഞ്ചാരത്തെ നോവലിന്റെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. പിതാക്കളുടെ പാപം മക്കളെ സന്ദര്‍ശിക്കുന്നു എന്ന പ്രമാണം സത്യമാകുന്നതു നാം ചാവുനിലത്തില്‍ കാണുന്നു. എഴുത്ത്, എന്നാല്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് തുടക്കം മുതല്‍ക്കേ നില്‍ക്കലാണ്. പി.എഫ്. മാത്യൂസിന്റെ എഴുത്തില്‍ ജാഗ്രത എന്നുമുണ്ട്. ഇരുപതുവര്‍ഷം കൊണ്ട് കാലത്തിന്റെ പരിചരണത്തില്‍ ഈ നോവല്‍ തിടംവച്ചതായി എനിക്കു തോന്നുന്നു. ‘വളര്‍ച്ചയറ്റു പൂതലിച്ചു കിടക്കുന്ന’ കഥാപാത്രത്തിന്റെ ജീവിതത്തിലെ കാലമല്ല, സക്രിയമായ വായനയുടെ കാലമാണ് ചാവുനിലത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്.
Comments are closed.