ചൗരി ചൗരാ സംഭവത്തിന്റെ ഓര്‍മയില്‍
1922 ഫെബ്രുവരി 5ന് ഉത്തര്‍പ്രദേശിലെ ചൗരി ചൗരായില്‍ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയില്‍ പങ്കെടുത്ത ആളുകള്‍ക്കെതിരെ പൊലീസ് വെടിവെക്കുകയും തുടര്‍ന്ന് ജനക്കൂട്ടംപോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരില്‍ ഇന്ത്യാ ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഈ സംഭവത്തില്‍ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരുംകൊല്ലപ്പെട്ടു.
ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും തുരത്തണമെങ്കില്‍ ആദ്യം വേണ്ടത് ഇന്ത്യയില്‍ നിന്നും അവര്‍ക്കു ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുകയാണ് വേണ്ടതെന്നുള്ള തീരുമാനപ്രകാരം ഗാന്ധിയും അനുയായികളും 1922 ഫെബ്രുവരി 1ന് സിവില്‍ ആജ്ഞാലംഘനം ഗുജറാത്തിലെ ബര്‍ദോളിയില്‍ നിന്നും തുടങ്ങാന്‍ തീരുമാനിച്ചു. തുച്ഛമായ വിലയ്ക്ക് ബ്രിട്ടണ്‍ ഇന്ത്യയില്‍ നിന്നും പരുത്തി വാങ്ങിക്കൊണ്ടുപോയി തുണി നെയ്തുണ്ടാക്കി അത് കപ്പലില്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് ഗണ്യമായ ലാഭത്തിന് വിറ്റുപോന്ന പ്രവണത അവസാനിപ്പിക്കുവാന്‍ വിദേശവസ്ത്രങ്ങള്‍ വലിച്ചെറിയുവാന്‍ ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇംഗ്ലണ്ടിലുണ്ടാക്കിയ വസ്ത്രങ്ങളുടെ കൂമ്പാരങ്ങള്‍ക്ക് നാടെങ്ങും തീയീട്ടാണ് ജനങ്ങളിതിനോട് പ്രതികരിച്ചത്.
ബ്രിട്ടീഷുകാരുടെ പ്രതികരണം പെട്ടെന്നായിരുന്നു. അവര്‍ മുപ്പതിനായിരത്തോളമാളുകളെ അറസ്റ്റ് ചെയ്തു. പൊതുയോഗങ്ങളും ജാഥകളും ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. ഇതോടെ സമരം കൂടുതല്‍ ശക്തമാകാന്‍ പോവുകയാണെന്ന് ഗാന്ധി വൈസ്രോയിയെ എഴുതിയറിയിച്ചു. നികുതി കൊടുക്കുവാന്‍ വിസമ്മതിക്കുവാനും ബ്രിട്ടീഷ് നിയമങ്ങളെ അവഗണിക്കുവാനും ഗാന്ധിജി ജനങ്ങളോടാവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് ആയിരക്കണക്കിനാളുകള്‍ ജയിലില്‍ പോയി. ബോംബേയിലെ ഗവര്‍ണര്‍ ഈ സമരത്തെ ലോകചരിത്രത്തിലെ ഏറ്റവും ഭീമമായ പരീക്ഷണം എന്നാണ് വിശേഷിപ്പിച്ചത്. അങ്ങനെ സമരം എല്ലാ അര്‍ത്ഥത്തിലും വിജയത്തിനടുത്തെത്താറായി നിന്ന ദിവസങ്ങളിലാണ് ചൗരിചൗരാ സംഭവം അരങ്ങേറുന്നത്.
ഫെബ്രുവരി 2ന് നിസഹകരണപ്രസ്ഥാനത്തിന്റെ അനുയായികള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പ്രാദേശിക മാര്‍ക്കറ്റില്‍ നടത്തിയ ജാഥയ്‌ക്കെതിരെ പോലീസ് ബലപ്രയോഗം നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടക്കുകയും ചെയ്തു. ഇതിനെതിരെ ജനരോഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി 5 ന് ചൗരി ചൗരായിലുള്ള ലോക്കല്‍ മാര്‍ക്കറ്റില്‍ വെച്ച് ഒരു മദ്യശാലയ്‌ക്കെതിരെ ധര്‍ണനടത്താന്‍ ജനനേതാക്കള്‍ തീരുമാനിച്ചത്. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ സായുധപോലീസുകാരെ ഗവന്മെന്റ് പോലീസ് സ്‌റ്റേഷനിലേയ്ക്ക് അയക്കുകയുണ്ടായി. ഗവണ്മെന്റിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആള്‍ക്കൂട്ടം മുന്നോട്ട് നീങ്ങി. സാഹചര്യം നിയന്ത്രണവിധേയമാക്കുവാനായി പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. എന്നാല്‍ ഇത് വിപരീതഫലമാണുണ്ടാക്കിയത്. ജനക്കൂട്ടം പോലീസുകാര്‍ക്കെതിരെ വീറോടെ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും തുടങ്ങി. ഇതോടെ മുന്നോട്ടുകുതിക്കുന്ന ജനക്കൂട്ടത്തിനുനേരെ വെടിവെക്കാന്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് പേര്‍ ആ നിമിഷം വെടിയേറ്റ് വീണു. അതിലധികം പേര്‍ക്ക് പരിക്കേറ്റു.
ഇതോടെ ജനങ്ങളുടെ വീറും വാശിയും പരകോടിയിലെത്തി. അവര്‍ ആക്രോശിച്ചുകോണ്ട് മുന്നോട്ടുകുതിച്ചു. ആയിരക്കണക്കിന് ജനങ്ങള്‍ തങ്ങളുടെ നേര്‍ക്ക് കുതിച്ചുവരുന്നത് കണ്ട് നിയന്ത്രണം കൈവിട്ടത് മനസിലാക്കിയ പോലീസുകാര്‍ പിന്തിരിഞ്ഞോടി പോലീസ് സ്‌റ്റേഷനില്‍ അഭയം പ്രാപിച്ചു. തങ്ങളുടെ സഖാക്കളുടെ മൃതശരീരത്തിന് പകരം ചോദിക്കാനായി പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ നാലുഭാഗത്ത് നിന്നും തീകൊളുത്തി. സബ് ഇന്‍സ്‌പെക്ടറടക്കം 22 പോലീസുകാര്‍ ജീവനോടെ സ്‌റ്റേഷനുള്ളില്‍ കിടന്ന് വെന്തുമരിച്ചു.
ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തിവെക്കുന്നതായി ഗാന്ധിജി ജനങ്ങളെ അറിയിച്ചു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു. സംഭവത്തെത്തുടര്‍ന്ന് അദ്ദേഹം അഞ്ച് ദിവസം നിരാഹാരമനുഷ്ഠിച്ചു. അങ്ങനെ വിജയത്തോടടുത്തു നിന്ന നിസ്സഹകരണപ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ 1922 ഫെബ്രുവരി 12ഓടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ നിര്‍ത്തിവെച്ചു.
Comments are closed.