ചാത്തന്‍പുത്തൂരും ദലിത് വിദ്യാഭ്യാസവും
വിനില്‍ പോള്‍
മധ്യകേരളത്തിലെ മിഷനറി പ്രസ്ഥാനത്തില്‍ അംഗങ്ങളായതും അല്ലാത്തതുമായ ദളിതരുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. വിദ്യാഭ്യാസത്തിന്റെ സമസ്ത ഇടങ്ങളില്‍ നിന്നും അവരെ പൂര്‍ണ്ണമായി അകറ്റി നിര്‍ത്തിയിരുന്നു. ഇത്തരത്തിലുള്ള വിവേചനത്തിന് നടുവിലാണ് കോട്ടയം പുതുപ്പള്ളി സ്വദേശിയായ ചാത്തന്‍ പുത്തൂര്‍ യോഹന്നാന്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തന്റെ സമുദായത്തിന് വേണ്ടി തുടങ്ങിയത്.
സര്‍ക്കാര്‍ എല്ലാ ജാതി- മത വിഭാഗങ്ങള്‍ക്കുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കുന്നതിന് മുന്‍പേ നടന്ന ഒരു പുരോഗമന നീക്കമായിരുന്നു. ഈ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെ ചുറ്റിപ്പറ്റിയുള്ള ഒരു അന്വേഷണമാണ് ഈ ലേഖനം.
മധ്യകേരളത്തിലെ മിഷനറി പ്രസ്ഥാനവും സുറിയാനി ക്രിസ്ത്യാനികളും വിഭ്യാഭ്യാസ മേഖലയില്‍ ദളിത് ക്രൈസ്തവരോട് പുലര്‍ത്തിയിരുന്ന പരിപൂര്‍ണ്ണമായ അവഗണനയോടുള്ള മറുപടിയെന്ന നിലയിലാണ് യോഹന്നാനും സംഘവും ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നിര്‍മ്മാ
ണത്തിലേക്ക് പ്രവേശിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യഭാഗം മുതല്‍ കേരളത്തില്‍ സജീവമാകുന്ന വ്യത്യസ്തങ്ങളായ മിഷനറി പ്രസ്ഥാനവും, അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദളിതരുടെ സ്‌കൂള്‍ പ്രവേശനത്തില്‍ സ്വീകരിച്ച നിലപാടുകള്‍ വ്യത്യസ്തങ്ങളായിരുന്നു. പ്രത്യേകിച്ച് മിഷനറിമാര്‍ തദ്ദേശീയ വിദ്യാര്‍ത്ഥികളോടും അവരുടെ സംഘത്തില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളോടും കാണിച്ച ഇംഗ്ലീഷ്ഭാഷാ നയം വ്യത്യസ്തമായിരുന്നു. തെക്കന്‍ കേരളത്തിലെ ബാസല്‍ മിഷനറിമാരും വടക്കന്‍ കേരളത്തിലെ ലണ്ടന്‍ മിഷനറിമാരും അവരുടെ സംഘത്തിലെ എല്ലാവരെയും സ്‌കൂളുകളില്‍ പഠിപ്പിക്കുകയും അതോടൊപ്പം ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുകയും ചെയ്തപ്പോള്‍ മധ്യകേരളത്തിലെ സി.എം.എസ് മിഷനറിമാര്‍ക്ക് സുറിയാനി ക്രിസ്ത്യാനികളെയും ചുരുക്കം ചില ഹിന്ദുക്കളെയും ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായിരുന്നു താല്പര്യം. കോട്ടയത്തെ സി.എം.എസ് കോളേജില്‍ എല്ലാ വര്‍ഷവും 75% കുട്ടികളും സുറിയാനി വിഭാഗത്തില്‍ നിന്നുള്ളവര്‍ മാത്രമായിരുന്നു എന്നാണ് റോബിന്‍ ജെഫ്രിയുടെ പഠനത്തില്‍ സൂചിപ്പിക്കുന്നത്. ഇതാകട്ടെ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കംവരെ തുടര്‍ന്ന് വന്നിരുന്നു. അതോടൊപ്പം ഇംഗ്ലീഷ് ഭാഷയുടെ മേല്‍ക്കോയിമയാകട്ടെ വളരെക്കാലം നീണ്ടുനിന്നിരുന്നു. ഈ കാരണത്താല്‍ മധ്യകേരളത്തിലെ ദളിതരെ ആരുംതന്നെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ തയ്യാറായില്ല. കൊച്ചിയിലെ സ്ഥിതിയും ഏതാണ്ട് ഇതിനു സമമായിരുന്നു. 1901-ലെ കൊച്ചി രാജ്യത്തെ സെന്‍സെസ് പറയുന്നത് ഇംഗ്ലീഷ് അറിയാവുന്ന ഒരു പുലയന്‍ അവിടെ ഇല്ലെന്നാണ്.
ദലിത് സമൂഹത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഒരു ഏട് അവതരിപ്പിക്കുകയാണ് ചരിത്രഗവേഷകനായ വിനിൽ പോൾ. ലേഖനം പച്ചക്കുതിര മാസികയുടെ ജനുവരി ലക്കത്തിൽ വായിക്കാം.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്
Comments are closed.