ലോകത്ത് വിപ്ലവമുണ്ടാക്കിയ പരിണാമ സിദ്ധാന്തം
ഏപ്രില്‍ 19- ചാള്‍സ് ഡാര്‍വിന്റെ ചരമവാര്‍ഷികദിനം
പ്രൊഫ.എസ്.ശിവദാസിന്റെ ‘അല്‍ ഹസന്‍ മുതല്‍ സി.വി.രാമന്‍ വരെ’ എന്ന പുസ്തകത്തില്‍ നിന്നും
ഡാര്‍വിന്റെ കഥയിലെ ഏറ്റവും ഉജ്ജ്വലമായ, ഉദ്വേഗജനകമായ അദ്ധ്യായമാണ് ഇനി പറയാനുള്ളത്. അഞ്ചു വര്‍ഷങ്ങള്‍ നീണ്ട അതിക്ലേശകരവും അതിസാഹസികവുമായ പഠനപര്യവേക്ഷണയജ്ഞംവഴി അദ്ദേഹം ശേഖരിച്ച ആയിരക്കണക്കിനു സ്‌പെസിമനുകള്‍ നല്‍കിയ അറിവുകള്‍. നേരിട്ട് ഫീല്‍ഡ് വിസിറ്റില്‍ കണ്ടറിഞ്ഞ നേരറിവുകള്‍. ഭൂമി എന്ന അത്ഭുതഗ്രഹത്തിലെ പ്രകൃതിയെന്ന പാഠശാലയില്‍നിന്നു നേരിട്ടുള്ള പഠനമായിരുന്നു അത്. ആ അറിവുകളും വിവരങ്ങളും സ്വന്തം മസ്തിഷ്‌കത്തിലിട്ട് പതം വരുത്തി, പരസ്പരം ബന്ധിച്ചും അവ പറയാതെ പറയുന്ന രഹസ്യങ്ങള്‍ ഭാവനയോടെ കണ്ടെത്തിയും വിജ്ഞാനലോകത്ത് ഡാര്‍വിന്‍ പതിറ്റാണ്ടുകള്‍ തപസ്സുചെയ്തു. ആ തപസ്സിനിടയില്‍ ഏതോ നിമിഷം, അഥവാ മുഹൂര്‍ത്തങ്ങളില്‍, പരിണാമമെന്ന ആശയവും അതിനുള്ള കാരണവും അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തില്‍ തെളിയുകയായിരുന്നു!
എത്ര ക്ലേശകരമായ ഒരു യാത്രയായിരുന്നു ബീഗിള്‍ യാത്രയെന്ന് ഓര്‍ക്കുക. ഇന്നത്തെ പുത്തന്‍ കപ്പലുകളില്‍ സൗകര്യങ്ങള്‍ എത്രയേറെയുണ്ട്. എ.സി. മുറിമുതല്‍ ഇന്റര്‍നെറ്റ്‌വരെ ഇന്ന് ലഭ്യമാണ്. എന്നാല്‍ പഴയ പായ്ക്കപ്പല്‍ ഓടാന്‍ കാറ്റു കനിയണം. കൊടുങ്കാറ്റ് ‘കനിഞ്ഞാല്‍’ കടലിനടിയിലേക്കാകും അന്ത്യയാത്ര! ഭക്ഷണം വേണ്ടത്ര കരുതാനാവില്ല. അപ്പോള്‍ ഭക്ഷണം എന്നും കുറച്ചേ കിട്ടൂ. കിട്ടുന്നത് നല്ല ഭക്ഷണമാവുകയില്ല. കരയിലിറങ്ങിയാലോ ഒരു നിമിഷം വിശ്രമമില്ല. അറിയാത്ത ഭൂപ്രദേശങ്ങളിലൂടെ ദീര്‍ഘയാത്ര നടത്തിയാലേ ജീവജാലങ്ങളെ പഠിക്കാനാകൂ. സ്‌പെസിമനുകള്‍ ശേഖരിക്കാനുമാകൂ. അങ്ങനെ നടക്കുമ്പോള്‍ ഏതൊക്കെ ജീവികളുടെ ആക്രമണം ഏല്‍ക്കേണ്ടിവരും. എത്രയോ വിഷജന്തുക്കളുടെ കടിയും കുത്തും ഡാര്‍വിന് ഏല്‌ക്കേണ്ടി വന്നു. ശരീരത്തില്‍ കയറിപ്പറ്റുന്ന വിഷം അവിടെ പല പല തകരാറുകള്‍ ഉണ്ടാക്കും. കപ്പലില്‍ പരിമിതമായ അളവിലേ ജലം സൂക്ഷിക്കാനാകൂ. പലപ്പോഴും അതു തീര്‍ന്നു പോകും. അഥവാ കുറയും. അപ്പോള്‍ ആഴ്ചകള്‍ വേണ്ടത്ര വെള്ളമില്ലാതെ ജീവിക്കേണ്ടി വരും.
ദീര്‍ഘകാലം അങ്ങനെ കടല്‍ച്ചൊരുക്കും കഷ്ടപ്പാടും സഹിച്ച് ജീവിച്ചാണ് ചാള്‍സ് ഡാര്‍വിന്‍ പ്രകൃതിയെപ്പറ്റി പഠിച്ചത്. അങ്ങനെ കഷ്ടപ്പെട്ട് അലഞ്ഞ് പഠിച്ചവര്‍ ലോകത്ത് അധികമില്ല എന്നോര്‍ക്കുക.
ബീഗിള്‍യാത്രയ്ക്ക് ഡാര്‍വിന്‍ പോയത് പരിണാമസിദ്ധാന്തം എഴുതാനായിരുന്നു എന്ന് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നതും തെറ്റാണ്. ബീഗിള്‍ യാത്ര തുടങ്ങുമ്പോള്‍ പരിണാമസിദ്ധാന്തത്തെപ്പറ്റി ഡാര്‍വിന് ഒരു ചിന്തയുമില്ലായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ കണ്ട് പഠിച്ച ജീവജാലങ്ങള്‍ അദ്ദേഹത്തില്‍ പുതിയ ചിന്തകള്‍ ഉണ്ടാക്കി; പ്രത്യേകിച്ചും അദ്ദേഹം കണ്ട ഫോസിലുകള്‍. അവയുമായി ബന്ധപ്പെട്ട് ഇന്ന് ലോകത്തിലുള്ള ജീവികളെ അവയുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ജീവികളിലുണ്ടായ മാറ്റം അദ്ദേഹത്തിനു മനസ്സിലായി. അങ്ങനെ യാത്രയുടെ അവസാനകാലമായപ്പോഴേക്ക് ജൈവപരിണാമത്തെപ്പറ്റി അദ്ദേഹം ചിന്തിക്കാന്‍ തുടങ്ങി. ജൈവപരിണാമത്തെപ്പറ്റിയുള്ള ചിന്ത പണ്ടേ നിലനിന്നിരുന്നല്ലോ. അരിസ്റ്റോട്ടിലിന്റെ കാലത്തുപോലും ആ ചിന്തപണ്ഡിതന്മാര്‍ പലരും വച്ചു പുലര്‍ത്തിയിരുന്നു. അപ്പോള്‍ പരിണാമം എന്ന ആശയം ഡാര്‍വിന്റേതല്ല. ഫ്രഞ്ചു ശാസ്ത്രജ്ഞനായ ലാമാര്‍ക്ക് 1809-ല്‍തന്നെ തന്റെ പരിണാമസങ്കല്പം പ്രസിദ്ധപ്പെടുത്തിയിരുന്നു.
Comments are closed.