മനു എസ്.പിള്ളയുടെ ‘ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍’
തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രകഥ പറഞ്ഞ ദി ഐവറി ത്രോണ്‍ എന്ന കൃതിയിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച മനു.എസ്.പിള്ള രചിച്ച പുതിയ കൃതിയാണ് ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍. ചരിത്രത്തിന്റെ അടിത്തട്ടില്‍ മറഞ്ഞുകിടന്ന വിസ്മയകരവും വിചിത്രവുമായ വസ്തുതകളെ മനു വായനക്കാരുടെ മുന്നില്‍ തുറന്നവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ.
ചില ചരിത്രപുരുഷന്‍മാരും ചരിത്രസംഭവങ്ങളുമാണ് ലേഖനങ്ങളായി ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ദില്ലി ഭരിച്ച അലാവുദ്ദീന്‍ ഖില്‍ജി, ഷാജഹാന്റെ മാനസപുത്രന്‍ ദാര, വി.ഡി സവര്‍ക്കര്‍, മെക്കാളെ, രാജാറാം മോഹന്‍ റോയ്, റസിയ സുല്‍ത്താന, മീരാബായി, ജ്യോതി റാവു ഫൂലെ, ആനി ബെസന്റ്, വാജിദ് അലി ഷാ, ശിവജി,സ്വാമി വിവേകാനന്ദന്‍ തുടങ്ങി ചരിത്രപഠനത്തില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തികളെ കുറിച്ചുള്ള ചരിത്രവസ്തുതകളും ചില സംഭവകഥകളുമാണ് കൃതിയില്‍ പരാമര്‍ശിക്കുന്നത്. ചരിത്രകൃതികളില്‍ ഇവരെ കുറിച്ച് പരാമര്‍ശിക്കാത്ത കാര്യങ്ങളെ തേടി കണ്ടെത്തുകയാണ് മനു എസ്.പിള്ള ഈ കൃതിയിലൂടെ.
ദീര്‍ഘകാലത്തെ നിരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ഗ്രന്ഥകാരന്‍ കണ്ടെത്തിയ ഈ അറിവുകള്‍ എല്ലാ വായനക്കാര്‍ക്കും അറിവിനോടൊപ്പം ആനന്ദവും തരുമെന്നത് തീര്‍ച്ചയാണ്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി പ്രസന്ന കെ.വര്‍മ്മ, ടോം മാത്യു, ജി.രാഗേഷ് എന്നിവര്‍ ചേര്‍ന്നാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
Comments are closed.