മാറുന്ന ചലച്ചിത്ര സങ്കല്‍പ്പങ്ങള്‍!
മധു ഇറവങ്കര
എല്ലാ കലാരൂപങ്ങളേയും പോലെ ചലച്ചിത്രവും അതിന്റെ സങ്കല്‍പ്പനങ്ങളില്‍ കാലാകാലങ്ങളായി വ്യക്തമായ വ്യതിയാനങ്ങള്‍ സ്വീകരിച്ചിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മറ്റു കലാരൂപങ്ങള്‍ക്ക് നീണ്ടൊരു കാലയാത്രയിലൂടെയാണ് അതിന്റെ രൂപഭാവങ്ങളില്‍ മാറ്റമുണ്ടായതെങ്കില്‍ താരതമ്യേന ഹ്രസ്വമായ ഒരു കാലയളവുമാത്രമേ ചലച്ചിത്രത്തിനുവേണ്ടിവന്നുള്ളു. ഏറ്റവും കൂടുതല്‍ പൊതുജനങ്ങളെ സ്വാധീനിക്കുന്ന ദൃശ്യശ്രാവ്യമാധ്യമമെന്ന നിലയില്‍ അതിന്റെ മാറുന്ന സങ്കല്‍പ്പങ്ങള്‍ക്ക് ജനജീവിതത്തെയും സമൂഹനിര്‍മ്മിതിയേയും ഏറെ മാറ്റി മറിക്കാന്‍ കഴിയുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഡിജിറ്റല്‍ യുഗത്തിന്റെ പിറവി സിനിമയുടെ എല്ലാ മേഖലകളിലും വിപ്ലവം സൃഷ്ടിച്ചു. ടെലിവിഷന്റെ പ്രചുരപ്രചാരം ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവത്തിനാക്കം കൂട്ടി. സിനിമയുടെ റീലുകള്‍ വീഡിയോരൂപത്തിലാക്കി ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കാമെന്നു വന്നതോടെ നിര്‍മ്മാണ പ്രക്രിയയില്‍ എഡിറ്റിംഗ് രംഗത്ത് അതിന്റെ ചലനങ്ങള്‍ കണ്ടുതുടങ്ങി. സിനിമയുടെ റഷസ് വീഡിയോ രൂപത്തിലാക്കി കമ്പ്യൂട്ടര്‍ എഡിറ്റിംഗ് പ്രചാരം നേടി. മൂവിയോളയുപയോഗിച്ചുള്ള പരമ്പരാഗത എഡിറ്റിംഗ് നോണ്‍-ലീനിയര്‍ എഡിറ്റിംഗ് സമ്പ്രദായത്തിന് വഴിമാറി. ശബ്ദലേഖനത്തിലേയ്ക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യ വ്യാപിച്ചു.
തുടര്‍ന്ന് ചിത്രീകരണരംഗവും ഡിജിറ്റല്‍ യുഗത്തിനു കീഴടങ്ങിയതോടെ സിനിമയുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളൊക്കെ മാറി മറിഞ്ഞു. അത്യാധുനിക ഡിജിറ്റല്‍ ക്യാമറകളുടെ സാര്‍വ്വത്രികമായ ഉപയോഗം ഷൂട്ടിംഗ് പ്രചാരം നേടി. കാര്‍ഡുകളില്‍ നിന്നും നേരെ കമ്പ്യൂട്ടറില്‍ സിനിമയുടെ റഷസ് എത്തിയതോടെ എഡിറ്റിംഗ് ജോലിയ്ക്കും വേഗം വര്‍ദ്ധിച്ചു. ഫിലിം പ്രോസസ്സ് ചെയ്ത് ചുരുളുകളാക്കുന്ന രീതി അവസാനിച്ചതോടെ തീയേറ്ററുകളില്‍ നിന്നും തീയേറ്ററുകളിലേയ്ക്കും സഞ്ചരിക്കുന്ന ഫിലിം പെട്ടികളും അപ്രത്യക്ഷമായി. ഡിജിറ്റല്‍ റിലീസിങ്ങിനു തീയേറ്ററുകള്‍ സജ്ജമായി. നിര്‍മ്മാണ വിതരണ രംഗത്തെ എത്രയോ കടമ്പകളാണ് ഡിജിറ്റല്‍ സിനിമ മാറ്റിമറിച്ചത്!
ഗുണനിലവാരത്തിലോ കലാമേന്മയിലോ നിഷ്‌ക്കര്‍ഷയില്ലാതെ സിനിമയുടെ വന്‍തോതിലുള്ള സൂകരപ്രസവത്തിന് `സാറ്റലൈറ്റ് അവകാശമത്സരം’ കാരണമായി. ഇത് സിനിമയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും തീയേറ്ററുകളിലൂടെയുള്ള വരുമാനത്തെ സാരമായി ബാധിക്കുകയും ചെയ്തു. ചലച്ചിത്രവ്യവസായത്തിന്റെ തന്നെ നിലനില്‍പ്പിനെ ബാധിച്ച ഈ നീരാളിയെ ഒടുവില്‍ അടര്‍ത്തി മാറ്റേണ്ടിവന്നു.
മാറുന്ന ചലച്ചിത്ര സങ്കല്‍പ്പങ്ങളുടെ ഏറ്റവും ആധുനിക മുഖം നമുക്കു സമ്മാനിക്കുന്നത് നവമാധ്യമങ്ങളാണ്. നവമാധ്യമങ്ങളുടെ ആധാരശിലയാണല്ലോ ഇന്റര്‍നെറ്റ്. ചലച്ചിത്ര ഭാവുകത്വത്തില്‍ ഇന്ന് വ്യക്തമായ മേല്‍ക്കൈ ഇന്റര്‍നെറ്റ് നേടിയിരിക്കുന്നു. അതിലൂടെ ലഭ്യമാകുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍, വീഡിയോ ഷെയറിംഗ് വെബ്‌സെറ്റുകള്‍, ബ്ലോഗുകള്‍, മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍, വെബ് സൈറ്റുകള്‍ തുടങ്ങിയ നവമാധ്യമങ്ങളാണ് ഇന്ന് സിനിമയെ നിയന്ത്രിക്കുന്നതെന്നു പറയാം. നിര്‍മ്മാണം, പ്രചരണം, വിപണനം, വിതരണം എന്നീ മേഖലകളിലാകെ അവയുടെ വേരുകള്‍ ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞു. ഭീമമായ മുടക്കുമുതല്‍ വേണ്ടിയിരുന്ന സിനിമ എന്ന മാധ്യമത്തെ ഇന്ന് ആര്‍ക്കും പ്രാപ്യമാക്കിയതും നവമാധ്യമങ്ങളുടെ ഇടപെടല്‍ മൂലമാണ്.
നവമാധ്യമങ്ങളില്‍ തന്നെ യൂ-ട്യൂബ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളാണ് സിനിമയ്ക്ക് ഏറ്റവും അനുകൂലമായ കാലാവസ്ഥ ഒരുക്കിയിരിക്കുന്നത്. വീഡിയോ ഷെയറിംഗ് നെറ്റ് വര്‍ക്കായ യൂ-ട്യൂബിന്റെ സേവനം പ്രത്യേകം രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. സാങ്കേതികമായും, കലാപരമായും ഒരു പക്ഷേ നിങ്ങളുടെ സിനിമ മേന്മ പുലര്‍ത്തുന്നുണ്ടാവില്ലെങ്കിലും, സ്വന്തം സിനിമാ സ്വപ്നങ്ങള്‍ പൂവണിയിക്കുവാനും, മനുഷ്യചരിത്രത്തിന്റെ ഒരു ഭാഗമാകുവാനും അപൂര്‍വ്വാവസരങ്ങള്‍ കൈവരികയാണ്. യു-ട്യൂബിന്റെ പരസ്യവാചകം ശ്രദ്ധിക്കുക- നിങ്ങള്‍ക്കും നിങ്ങളുടെ ചിത്രങ്ങള്‍ സ്വയം സംപ്രേഷണം ചെയ്യുവാനാകും. ചുരുക്കത്തില്‍ യൂ ട്യൂബ് ഇന്നൊരു ഓണ്‍ലൈന്‍ തീയേറ്ററായി പ്രവര്‍ത്തിക്കുന്നു എന്ന സാരം.
പൊതുജനങ്ങളുടെ ഇടയില്‍ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ട് മാത്രം നിര്‍മ്മിച്ച അപൂര്‍വ്വം ചിത്രങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ജോണ്‍ ഏബ്രഹാം എന്ന സാഹസികനായ സംവിധായകന്‍ `അമ്മ അറിയാന്‍’ എന്ന ചിത്രം നിര്‍മ്മിച്ചതോര്‍ക്കുക. പുതിയ കാലത്തില്‍ സിനിമയുടെ മൂലധനസമാഹരണത്തില്‍ സോഷ്യല്‍മീഡിയ വഹിക്കുന്ന പങ്കുവലുതാണ്. ഇവിടെ ഇപ്പോള്‍ നിര്‍മ്മിക്കുന്ന പല ചെറുകിട സിനിമാസംരംഭങ്ങളുടെയും മൂലധന സമാഹകണം സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് നടക്കുന്നതെന്ന അറിവ് വലിയ സന്തോഷം പകരുന്നു.
സിനിമയുടെ പ്രചരണത്തിനും വിപണനത്തിനും ഇന്നു സമൂഹമാധ്യമങ്ങളെയും യൂ-ട്യൂബുപോലെയുള്ള വീഡിയോ ഷെയറിംഗ് സൈറ്റുകളെയും പ്രയോജനപ്പെടുത്തുന്നുണ്ട്. വന്‍കിട സിനിമാക്കാര്‍ പോലും ഇവയുടെ ജനപ്രീതിയെ ചൂഷണം ചെയ്തുകൊണ്ട് സിനിമയുടെ ട്രെയിലറുകളും, രംഗങ്ങളും, പാട്ടുസീനുകളും നെറ്റില്‍ ലഭ്യമാക്കുന്നു. പ്രേക്ഷകരെ വന്‍തോതില്‍ തീയേറ്ററികളിലേക്കാകര്‍ഷിക്കുവാന്‍ ഇതു സഹായകരമാകുന്നു.
വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ സിനിമാ പൈറസിയ്ക്ക് കാരണമാകുന്നു എന്നത് ഇതിന്റെ ഒരു ദോഷഫലമാണ്. സൈബര്‍ കുറ്റകൃത്യമായി ഇതു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയമ നിര്‍മ്മാണത്തില്‍ ധാരാളം പഴുതുകള്‍ ഉള്ളതിനാല്‍ മറികടക്കുവാനുള്ള സാധ്യതകള്‍ ആരായേണ്ടിയിരിക്കുന്നു. ഓണ്‍ലൈന്‍ റിലീസിംഗ് ഒരു പരിഹാരമാണെങ്കിലും അതിന്റെ പ്രായോഗികത ഇനിയും ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടിയിരിക്കുന്നു. എങ്കിലും സിനിമകളുടെ ഓണ്‍ലൈന്‍ റിലീസിംഗ് ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്.
സിനിമയുടെ ഓണ്‍ലൈന്‍ റിലീസിംഗിന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ അപാരമായ സാധ്യതകളാണ് തുറന്നിടുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങി എണ്ണമറ്റ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ ഇന്നു പ്രചാരത്തിലുണ്ട്. ഇവ ഉപയോഗിച്ച് ഓണ്‍ലൈനില്‍ സിനിമാകാണുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്.
Comments are closed.