DCBOOKS
Malayalam News Literature Website

‘ഫിക്‌ഷൻ ഒരു റിപ്പബ്ലിക്ക് ആവുമ്പോൾ’!

ഞാൻ കാണുന്ന സ്വപ്നങ്ങളുടെ തുടർച്ചയാണ് ഞാൻ എഴുതുന്ന കഥകൾ

മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്‌

കരുണാകരന്റെ ‘അവിശ്വാസികൾ’ എന്ന കഥ ഏതോ ഒരു വർഷത്തെ മനോരമയുടെ ഓണപ്പതിപ്പിൽ വായിച്ചിരുന്നു. അതിൽനിന്നു കിട്ടിയ ആവേശത്തിലാണ് അദ്ദേഹത്തിന്റെ മറ്റു രചനകൾ ഞാൻ തേടിപ്പിടിച്ചു വായിക്കാൻ തുടങ്ങിയത്. ‘യക്ഷിയും സൈക്കിൾ യാത്രക്കാരനും’ എന്ന കവിതാസമാഹാരവും ‘യുവാവായിരുന്ന ഒമ്പതു വർഷം’, ‘ബൈസിക്കിൾ തീഫ്’ എന്നീ നോവലുകളും പിന്നീട് വായിച്ചു. സങ്കീർണമായ ഘടനയും ഭാഷയുടെ ഒഴുക്കുമുള്ള നോവലുകൾ സാഹിത്യത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയെടുത്തു. ഇപ്പോൾ കരുണാകരന്റെ ‘ചന്ദ്രലേഖ’ എന്ന കഥാസമാഹാരം പുറത്തിറങ്ങിയിരിക്കുന്നു. ‘യുവാവായിരുന്ന ഒമ്പത് വർഷ’വും ‘ബൈസിക്കിൾ തീഫും’ വായിച്ചതിന്റെ മുൻ ധാരണയിലാണ് ഞാൻ ഈ കഥകളെ സമീപിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ കഥകളുടെ ഘടന നോവലുകളുടെയത്ര സങ്കീർണമായി തോന്നിയില്ല. മറിച്ച് അമൂർത്തമായ ഒരു അനുഭൂതി തരുന്നുണ്ടുതാനും. കഥകളിലെ പ്രമേയം, സംഭാഷണം എന്നിവയെക്കാൾ തെളിഞ്ഞു നിൽക്കുന്നത് ഘടനയും ഭാഷയും ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഘടനയുടെയും ഭാഷയുടെയും ഉള്ളിൽ ഒളിപ്പിച്ചുവച്ചതു പോലെയാണ് മറ്റെല്ലാം.

ചന്ദ്രലേഖ എന്ന സമാഹാരത്തിലെ കഥകളെ, അവയുടെ രചനാതന്ത്രത്തെ മുൻനിർത്തി കരുണാകരനുമായി ഒരു സംഭാഷണം നടത്തുകയുണ്ടായി, ഈയിടെ. അതിന്റെ പൂർണ രൂപമാണ് താഴെ :

Textസവിത: ഞാൻ വായിച്ച താങ്കളുടെ രചനകളിൽ എല്ലാം തന്നെ പിന്തുടരാൻ എന്നെ പ്രേരിപ്പിച്ച ഒന്ന് സ്വപ്നങ്ങളാണ്. അഥവാ ഉറക്കത്തിന്റെയും സ്വപ്നങ്ങളുടെയും അനന്തമായ സാധ്യതകളാണ്. മറ്റൊന്ന് വാചകങ്ങളാണ്. അവയുടെ യുണീക്നെസ് ആണ്. അതുപോലെ ആവർത്തനം എന്നതിന്റെ കലാപരമായ ഉപയോഗം ആണ്. സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞാൽ സാറ എന്ന കഥ തന്നെ അത്തരത്തിൽ ഒന്നാണെന്ന് തോന്നും. അതിനും പുറമേ കഥാപാത്രങ്ങൾ ഇഷ്ടം പോലെ സ്വപ്നം കാണുന്നുമുണ്ട്. സ്വപ്നം പോലെ തന്നെയാണ് ഓർമയും. ഓർമ ഇല്ലാതെ മനുഷ്യൻ ഇല്ല എന്ന് പറയുന്ന പോലെ തന്നെ കഥയും ഇല്ല. ഓർമയുടെ കണ്ടുപിടുത്തം തന്നെ എന്ന വാർധക്യം എന്ന് താങ്കൾ എഴുതിയിരിക്കുന്നു. വാർധക്യം, മരണം, ഓർമ, പ്രായം തുടങ്ങിയവയും ഏകാന്തതയെപ്പോലെ തന്നെ താങ്കളുടെ രചനകൾക്ക് പ്രിയപ്പെട്ടതാണ്. അച്ഛനെ പല തവണ, പല മാതിരി ഓർക്കുന്നുമുണ്ട്. ചിലപ്പോൾ ചിലതെല്ലാം ഓർത്തതും വീണ്ടും ഓർക്കുന്നുണ്ട്. രസകരമായ ആവർത്തനം ആണത്. വായിക്കുമ്പോൾ നമുക്ക് മുഷിവു തോന്നുന്നില്ല. ഇപ്പോൾ താങ്കൾ ഇതേക്കുറിച്ചെല്ലാം എന്നോട് പറയാൻ പോവുന്നതും ഒരു സ്വപ്നമാണോ ഓർമയാണോ അതോ ഇതെല്ലാം ഓർത്തു നിന്നതിന്റെ ഓർമയാണോ?

കരുണാകരൻ: സവിത പറയുന്നപോലെ ഞാൻ കാണുന്ന സ്വപ്നങ്ങളുടെ തുടർച്ചയാണ് ഞാൻ എഴുതുന്ന കഥകൾ. അതുപോലെ എന്റെ കഥകളുടെ തുടർച്ചയാണ് ഞാൻ കാണുന്ന സ്വപ്നങ്ങളും. നമ്മൾ ഉറക്കത്തിൽ കാണുന്ന സ്വപ്ങ്ങളെപ്പറ്റിയല്ല പറയുന്നത്. നമ്മൾ നിർമിക്കുന്ന സ്വപ്നങ്ങളെപ്പറ്റിയാണ്. സ്വപ്നങ്ങൾ എന്നെ പല വിധത്തിൽ ആകർഷിക്കുന്നു. ഓർമയിൽ അവ കണ്ടെത്തുന്ന സ്ഥലങ്ങൾ കൊണ്ട് അദ്ഭുതപ്പെടുത്തുന്നു. എന്നാൽ, ഈ ആകർഷണത്തിലെ ഒരു പ്രധാന സംഗതി, സ്വപ്നങ്ങൾ സ്വയം സ്വീകരിക്കുന്ന അവയുടെ അയഞ്ഞ ഘടനയാണ്. അതാണ് എന്നെ കൂടുതൽ ആകർഷിക്കുന്നത്. ഒരു വസ്തു, ഒരു ഒബ്ജക്ട്, നമ്മെ അത് എന്താണെന്ന് അറിയിക്കുന്നതുപോലെ അതിനൊരു ഘടനയുമുണ്ട്. കഥകൾ എഴുതുമ്പോൾ ഞാൻ ശ്രദ്ധിക്കുന്നതും അതാണ്, അതിന്റെ ഘടന. അത് കഥയിൽ നമ്മൾ കണ്ടെടുക്കുന്ന ഒന്നാണ്. വളരെ പരിമിതമായ ഒരു പദകോശമാണ് എന്റേത്. വാമൊഴിയുടെ പാരമ്പര്യത്തിലാണ് അത് അധികവും, അതുകൊണ്ട് അത്രയും പിശുക്കിയാണ് ഞാൻ എഴുതുന്നത്. അതുകൊണ്ടാണ് വാചകങ്ങളുടെ ആവർത്തനങ്ങൾ എന്ന് അവയിൽ ചിലതിനെ സവിത കണ്ടെത്തുന്നത്. എന്നാൽ, എനിക്കവ ആവർത്തനങ്ങളല്ല. അവയുടെ സന്ദർഭമാണ്, പ്ലേസ്മെന്റാണ് പ്രധാനം, അതുകൊണ്ട് എപ്പോഴും അതൊരു പുതിയ വാചകമാണ്. പിന്നെ, എന്റെ പ്രമേയങ്ങളെക്കുറിച്ചു പറഞ്ഞത്. ഓർമ, ആയുസ്സ്, മരണം, വാർധക്യം ഇതെല്ലാം ജീവിതത്തെ കഥയാക്കാൻ പ്രാപ്തമായ നമ്മുടെതന്നെ ഓരോ അനുഭവങ്ങളാണ് എനിക്ക്. അതുകൊണ്ടുതന്നെ എന്റെ എഴുത്തിന്റെ ഇന്ധനവുമാണ്.

സവിത : ‘ചന്ദ്രലേഖ’ എന്ന പുതിയ സമാഹാരത്തിലും, ഇതിനുമുമ്പേ വന്ന കഥകളിലും, താങ്കളുടെ സ്ത്രീകളിൽ മിക്കവരും പല പുരുഷൻമാരുമായി സ്വന്തം ഇഷ്ടം പോലെ ബന്ധപ്പെടുന്ന, കുറച്ചെങ്കിലും സ്വാതന്ത്ര്യബോധം ഉള്ളവരാണെന്ന് തോന്നിപ്പിക്കുന്നവർ ആണ്. സ്ത്രീസ്വാതന്ത്ര്യത്തിലെ ഏറ്റവും പ്രധാന ഘടകം ലൈംഗിക സ്വാതന്ത്ര്യമാണെന്ന് പലരും പ്രസ്താവിച്ചു കേട്ടിട്ടുമുണ്ട്. വായിക്കുമ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ അഭിമാനമൊക്കെ തോന്നും. “ചന്ദ്രലേഖ”യിലെ ചന്ദ്രലേഖയും “ഒരൊറ്റ രാത്രി കൊണ്ട്” എന്ന കഥയിലെ സ്ത്രീയും ചിലപ്പോൾ ഒരാൾ തന്നെ ആയിരിക്കണം. അവർ അഭിമാനികളും ആണ്. എന്തായാലും താങ്കൾക്ക് അവരോട് വളരെ അധികം സ്നേഹം ഉണ്ട്. കഥയിൽ പറയുന്ന പോലെ താങ്കൾ ശരീരത്തിൽനിന്ന് വേർപെട്ട ഒരാളെപ്പോലെയോ മുഴുവനായും അപ്രത്യക്ഷനായ ഒരാളെപ്പോലെയോ അവളുടെ അരികിൽ കിടന്ന് ഉറങ്ങുന്നുമുണ്ട്.

കരുണാകരൻ : വാസ്തവത്തിൽ, അവരിലെല്ലാം എന്റെ ആത്മാംശമുണ്ട് എന്നു ഞാൻ കരുതുന്നു. അല്ലെങ്കിൽ കഥയിലത്രയും സ്ത്രീയാകാനുള്ള ശ്രമം ഞാൻ എടുക്കുന്നു. തീർച്ചയായും ശ്രമകരമാണ് അത്. ലൈംഗികത സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാവുന്ന അത്രയും അധികാരത്തിന്റെയും പ്രശ്നമായാണ് ഞാൻ കരുതുന്നത്. എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം അധികാരവുമായുള്ള ആണുങ്ങളുടെ ബന്ധം സങ്കീർണവും ദയനീയവും ആണെന്നാണ്. അതിനാൽ, അവർക്ക് എപ്പോഴും തങ്ങളെത്തന്നെ ചെക്ക് ചെയ്യേണ്ടി വരുന്നു. സത്യം പറഞ്ഞാൽ എന്റെ കഥയുടെ ചില മുഹൂർത്തങ്ങളിൽ എന്റെ തന്നെ കണ്ണ് നനയാറുണ്ട്, സങ്കടങ്ങളുടെ അവതരണംകൊണ്ടല്ല, ഞാൻ അകപ്പെടുന്ന ജീവിത സന്ദർഭങ്ങൾ കൊണ്ട്. അത്തരം മുഹൂർത്തങ്ങളിൽ വന്നു പെടുന്ന എന്റെ അധികം കഥാപാത്രങ്ങളും സ്ത്രീകളാണ്. നേരത്തേ പറഞ്ഞല്ലോ, അവരിൽ എന്റെ ആത്മാംശവുമുണ്ട്. “ചന്ദ്രലേഖ” മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ദിവസങ്ങളിൽ ആ കഥയെപ്പറ്റി ആദ്യം പറഞ്ഞത് ആനന്ദായിരുന്നു. എന്നോടല്ല, കെ. വേണുവിനോട്. പിന്നീട് ഞങ്ങൾ നേരിൽ കണ്ടപ്പോഴും അദ്ദേഹം ആ കഥയെപ്പറ്റി സംസാരിച്ചു. ബോംബെയെക്കുറിച്ച് സംസാരിച്ചു. “ഒരൊറ്റ രാത്രികൊണ്ട്” എന്ന കഥ ഭാഷാപോഷിണിയിൽ വന്ന സമയം, കവി ചിഞ്ചു റോസ, എനിക്ക് ഒരു മെസ്സേജ് അയച്ചിരുന്നു, ആ കഥാപാത്രമായി അയാൾ മാറിയതിനെപ്പറ്റി. ഇതെല്ലാം ഞാൻ നേരത്തേ പറഞ്ഞ എന്റെ ശ്രമങ്ങളെ കണ്ടെത്തിയ പോലെയാണ് തോന്നാറ്. അതെന്നെ സന്തോഷിപ്പിക്കുന്നു.

സവിത : താങ്കൾ ആത്മാംശത്തെക്കുറിച്ച് പറഞ്ഞുവല്ലോ! പക്ഷേ അത്തരം ഒന്ന് അനുവാചകർക്ക് കിട്ടുന്നത് ഫസ്റ്റ് പഴ്സൻ പോയിന്റ് ഓഫ് വ്യൂവിൽ ആണെന്ന് തോന്നിയിട്ടുണ്ട്. “ഒരൊറ്റ രാത്രി കൊണ്ട് ” എന്ന കഥ തന്നെ നോക്കൂ. നമുക്ക് എഴുത്തുകാരനെ ആ വിധം സങ്കൽപിക്കാൻ പറ്റുന്നതു കൊണ്ടാവണം കഥയോട് അടുപ്പം തോന്നുന്നത്. അല്ലെങ്കിൽ മറ്റുള്ളവരുടെ രഹസ്യങ്ങളെക്കുറിച്ച് അറിയാനുള്ള ഒരു ത്വര മനുഷ്യസഹജമായി ഉണ്ടായിരിക്കണം. അങ്ങനെ തോന്നുന്നുണ്ടോ?

കരുണാകരൻ: ഫസ്റ്റ് പഴ്സൻ പോയിന്റ് ഓഫ് വ്യൂ അല്ലെങ്കിൽ അങ്ങനെ കണ്ടെത്തുന്ന നറേറ്റീവ് വാസ്തവത്തിൽ വെല്ലുവിളി ഉയർത്തുന്നതാണ്. കാരണം, എഴുത്തുകാരനും വായനക്കാരിക്കും ഇടയിലുള്ള തന്മയീഭാവത്തെയാണ് അത് നേരിടുന്നത്. തന്റെ വായനക്കാരി കഥ പറയുന്ന ആൾ ആവാതിരിക്കുക എന്നതാണ് എഴുത്തുകാരൻ ശ്രദ്ധിക്കുന്നത്. കഥ പറയുന്നത് താൻ മാത്രമാണ്. അത് അയാളുടെ കലയുടെ ആത്യന്തികമായ ആവശ്യമാണ്. കഥാപാത്രങ്ങളുടെ കൾച്ചർ മനസ്സിലാകുകയും മനസ്സിലാക്കുകയും ചെയ്യുന്നതാണ് നല്ല വായനയുടെ ഒരു ലക്ഷണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നമുക്ക് പരിചയമുള്ളതാണെങ്കിലും അത് നമ്മുടെയല്ല എന്നൊരു അകലം അപ്പോൾ വായനയ്ക്കു കിട്ടുന്നു. ആ അകലമാണ് ക്രിട്ടിക്കൽ മോമെന്റ്. “ഒരൊറ്റ രാത്രികൊണ്ട്” എന്ന കഥ ഒരു പത്രവാർത്തയെ ഓർമിച്ചുകൊണ്ട് എഴുതിയതാണ്. അപ്പോളോ, അജ്ഞാതവാസം, തുടങ്ങിയ കഥകളും അങ്ങനെ വാർത്തകളിൽ നിന്നും ടേക്ക് ഓഫ് ചെയ്തതാണ്.

രഹസ്യങ്ങളെ പറ്റി പറഞ്ഞതുകൊണ്ട് പറയട്ടെ, പൊതുവേ ഫിക്‌ഷനിൽ ‘രഹസ്യം’ ‘സസ്പെൻസ്’ ഇവ ഉപയോഗിക്കുന്നത് ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. കണ്ട ഒന്നിനെ പിന്നെയൊന്നുകൂടി കാണാതെ ഓർമിക്കുകയാണ് എന്റെ ഒരു രീതി…

സവിത : താങ്കളുടെ പല കഥാസന്ദർഭങ്ങളും ഒരു സിനിമയിൽ കാണുന്നത് പോലെ വിഷ്വലൈസ് ചെയ്യാൻ പറ്റുന്നുണ്ട്. ‘ഒരൊറ്റ രാത്രി കൊണ്ട്’ എന്ന കഥയിലെ സ്ത്രീ ഗംഗയിൽ നീന്തിച്ചെന്ന് നോട്ടുകൾ ശേഖരിക്കുന്ന രംഗം, ‘അജ്ഞാതവാസ’ ത്തിലെ മാലിനി താങ്കളുടെ പിറകിൽ നടന്ന് ബസിൽ കയറുന്നത്, ‘പിടിച്ചു പറിക്കാരനിൽ’ താങ്കൾക്കു പിറകെ ഓടുന്ന പ്രേതത്തെ, അതിനെ കബളിപ്പിച്ചുള്ള താങ്കളുടെ അതിലും വേഗത്തിലുള്ള ഓട്ടം… അങ്ങിനെ പലതും. ഘടനയിലെ സങ്കീർണതയെ കുറിച്ച് പറയുമ്പോഴും ആഖ്യാനത്തിലെ ലാളിത്യം കൊണ്ടാവണം ഇതെല്ലാം മനസ്സിൽ കിടക്കുന്നത്. പറഞ്ഞു വന്നത്, കഥ വായിച്ചു തീർന്നാലും ദൃശ്യങ്ങൾ ഉള്ളിൽ നിൽക്കുന്നുണ്ട്. എന്നാൽ കഥ അങ്ങിനെ വായിച്ചു തീരുന്നുമില്ല. അത് അമൂർത്തമെന്നോ അപൂർണമെന്നോ പറയാവുന്ന അവസ്ഥയിൽ ആണ്. അതിന്റെ വിദ്യ എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്.

കരുണാകരൻ : പലപ്പോഴും മനസ്സിൽ രൂപപ്പെടുത്തിയ ഒരു വാചകം പലതവണ പറഞ്ഞുകൊണ്ടാണ് ഞാൻ കഥ എഴുതാൻ തുടങ്ങുന്നത്. ആ ആദ്യത്തെ വരിയിൽ ഒരു കഥയുടെ എല്ലാ സ്ഥലവും ഒരു വേള പിടി കിട്ടുന്നു. മിന്നലിൽ തെളിയുന്ന അത്രയും സ്ഥലം പോലെ. കഥ ഒരിക്കലും സിനിമപോലെ കാണരുത് എന്നാണ് എന്റെ പക്ഷം. ഞാൻ അങ്ങനെ ആഗ്രഹിക്കുന്നില്ല. വായനയുടെ ഉത്സവം, പദങ്ങളുടെ ശേഖരണത്തിലും അവയുടെ വിന്യാസത്തിലും അതിന്റെയൊക്കെ ആത്മാവ് പോലെ നിൽക്കുന്ന സ്പേസിലുമാണ് എന്ന് കണ്ടെത്തുമ്പോഴാണ് എന്ന് ഞാൻ കരുതുന്നു. എന്നാൽ, എന്റെ എല്ലാ കഥയും നിങ്ങൾക്ക് മറ്റൊരാൾക്കു പറഞ്ഞുകൊടുക്കാൻ പറ്റുന്നു. അത് ഏറ്റവും പ്രാചീനമായ കഥ പറച്ചിലിന്റെ ജീവ സങ്കൽപമാകണം. ഒരു കഥ നമ്മെ ആകർഷിക്കുന്നത് പല വിധത്തിലാണ്. എനിക്കത് ഭാഷയുടെയും ഫോമിന്റെയും ആവശ്യമാണ്. സിനിമ, കഥയുടെ ആവശ്യമല്ല, കഥയുടെ ആവശ്യം ലിറ്ററേച്ചർ തന്നെയാണ്.

സവിത : ഒരു വായനക്കാരി എന്നതിലുപരി, സാഹിത്യം എഴുതാൻ ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലയിലാണ് ഞാൻ വായനയെ കാണുന്നത്. അതുകൊണ്ട് കഥയുടെ പല ഘടകങ്ങളെ വേർതിരിച്ചെടുക്കാൻ ശ്രമം നടത്താറുമുണ്ട്. ഇപ്പോൾ നമ്മൾ ഘടന, ആഖ്യാനം എന്നീ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. എന്റെ മനസ്സിൽ താങ്കളുടെ കഥ വായിച്ചതിൽ നിന്ന് കിട്ടിയ ആദ്യത്തെ ഇംപ്രഷൻ ഇതു രണ്ടും ആണ്. ഇനി പറയാൻ വരുന്നത് കഥാപാത്രങ്ങളെ കുറിച്ചാണ്. സോഫയിൽ ചടഞ്ഞിരുന്ന് ഉരുളക്കിഴങ്ങു വറുത്തത് തിന്നു കൊണ്ടിരിക്കുന്ന ഒരു അലസകഥാപാത്രത്തെ ആരും വായിക്കാൻ ഇഷ്ടപ്പെടുകയില്ല എന്ന് ഒരു ഗദ്യരചനാ പരിചയ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്. അങ്ങിനെ നോക്കുമ്പോൾ താങ്കളുടെ കഥാപാത്രങ്ങൾ എല്ലാം ഏറെ പ്രത്യേകത ഉള്ളവരാണ്. താങ്കളുടെ എല്ലാ രചനകളും എടുത്ത് നോക്കിയാൽ അച്ഛൻ, യക്ഷി, പ്രേതം, മോഷ്ടാവ്, വേശ്യ, പൊലീസ്, നായ തുടങ്ങിയ ആളുകൾ കഥകളിൽ യഥേഷ്ടം വരുന്നുണ്ട്. ഒപ്പം എകാന്തതയും. ബഷീർ, മേതിൽ, കാഫ്ക, ഒ.വി. വിജയൻ എന്നിവരും താങ്കളുടെ കഥാപാത്രങ്ങൾ ആയിട്ടുണ്ട്! ഒരേ പോലുള്ള കഥാപാത്രങ്ങൾ എന്തിനാണ് വീണ്ടും വീണ്ടും താങ്കളുടെ കഥകളിൽ വരുന്നത്? പ്രത്യേകിച്ചും ഏകാന്തത. താങ്കൾ എഴുതാൻ ഇരിക്കുമ്പോൾ അവർ തനിയെ വന്നു ചേരുന്നതാണോ അതോ മന്ത്രം ചൊല്ലി വരുത്തുന്നതാണോ?

കരുണാകരൻ : സവിതയെപ്പോലെ ഒരു വായനക്കാരിയെ കിട്ടുക എന്നത് ഒരു കഥാകൃത്തിന് വളരെ സന്തോഷമാകും. ആ വായനക്കാരി ഒരു എഴുത്തുകാരി കൂടിയാവുമ്പോൾ കൂടുതൽ സന്തോഷമാകും. കാരണം, താങ്കൾ പറയുന്നത് ഒരു ‘അനുഭൂതി’യെപ്പറ്റി മാത്രമല്ല, ഒരു “പ്രപഞ്ച ഘടന”യെ പറ്റിയാണ്. ഓരോ കഥയും അതിനുവേണ്ട ഒരു എക്കോ സിസ്റ്റം കണ്ടുപിടിക്കുന്നു – ഒരു വായനയ്ക്കെങ്കിലും. ഇതാണ് കഥകളെക്കുറിച്ചുള്ള എന്റെ ഒരു ധാരണ. ഞാൻ അത് ഓരോ കഥയിലും ശരിയാണോ എന്നും പരീക്ഷിക്കുന്നു. എഴുത്തുകാരും യക്ഷിയും പ്രേതവും പോലുള്ള വിശേഷ വേഷങ്ങളും എന്റെ കഥകളിൽ വരാറുണ്ട്. ചിലർ ആവർത്തിക്കാരുണ്ട്. മനപ്പൂർവം ചെയ്യുന്നതാണ്. കാരണം, ഫിക്‌ഷൻ ജനന മരണങ്ങൾ ഇല്ലാത്ത ഒരു റിപ്പബ്ലിക്ക് കൂടിയാണ്. ജീവിതത്തിന്റെ പരമമായ ഉപയോഗമാണ് അവിടെ. എങ്കിൽ, ഞാൻ എന്നെ അവിടത്തെ ഒരു പൗരനായി പ്രഖ്യാപിച്ചിരിക്കുന്നു; കഥകൾ പതാകകളും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കടപ്പാട്- മനോരമ ഓണ്‍ലൈന്‍

Comments are closed.