മലയാളത്തിന്റെ സ്വവര്‍ഗ്ഗപ്രണയികള്‍…
‘നിന്റെ ഉള്ളുചികഞ്ഞ്
നിന്റെ രഹസ്യങ്ങളെ അന്വേഷിച്ച്
കണ്ടെത്തുന്നതുകൊണ്ടാണോ
നിന്റെ കണ്ണില്‍ ഞാനൊരു ദുഷ്ടജീവിയായത്?
നീ-
ആരാണെന്ന് എനിക്കറിയാം.
എനിക്കറിയാമെന്ന്
നിനക്കറിയാം
എനിക്കറിയാമെന്ന് നിനക്കറിയാമെന്ന്
എനിക്കറിയാം.’
ഇതൊരു സ്ത്രീപുരുഷസ്‌നേഹത്തിന്റെ കഥയല്ല… മറിച്ച് സ്ത്രീയെ സ്‌നേഹിക്കുന്ന സ്ത്രീയുടെ ഒരപൂര്‍വ രാഗകഥ, മലയാളി ഇന്നുവരെയനുഭവിക്കാത്ത സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍.
“കൂട്ടുകാരിയെ ആലിംഗനം ചെയ്ത് അവളുടെ ചുംബനത്തില്‍ നിര്‍വൃതി നേടുന്ന ഒരു പെണ്‍കിടാവു മാത്രമായി ഞാന്‍ രൂപാന്തരപ്പെട്ടു. മണിക്കൂറുകളോളം കുളത്തില്‍ നീന്തിക്കുളിച്ചതിനാല്‍ കുളച്ചണ്ടിയുടെയും പായലിന്റെയും വെള്ളിലയുടെയും ചിറ്റമൃതിന്റെയും ആമ്പലിന്റെയും മണവും സ്വാദുമുള്ള കാമുകിയുടെ കാമുകിയുടെ ശരീരസ്പര്‍ശത്തില്‍ സ്വര്‍ഗാനുഭൂതികള്‍ കണ്ടെത്തിയവള്‍.
‘ഓ… എന്റെ ഓമനേ…. ഞാനിനിയെങ്ങനെ ജീവിക്കും…?’ കാറില്‍ മെല്ലെ നിറയുന്ന ഇരുട്ടിനോട് ഞാന്‍ മന്ത്രിച്ചു.”
1988ലാണ് ഡോ. ഷീലയുടെയും കല്യാണിക്കുട്ടിയുടെയും പ്രണയബന്ധത്തിന്റെ ചന്ദനസുഗന്ധവുമായി മാധവിക്കുട്ടി കടന്നുവന്നത്. കൃതിയുടെ പേര് ചന്ദനമരങ്ങള്‍. സ്ത്രീ ജീവിതങ്ങളുടെ രഹസ്യാത്മകതയും തീവ്രപ്രണയവും വളരെ തീവ്രമായും എന്നാല്‍ ഹ്രസ്വമായും മാധവിക്കുട്ടി അതില്‍വരച്ചുചേര്‍ത്തു.
തനിക്ക് കൂട്ടുകാരിയോട് പ്രണയമുണ്ടെന്ന് ഒരാള്‍ സമ്മതിക്കുന്നു. എന്നാല്‍ തനിക്കതുണ്ടെങ്കിലും തുറന്നു സമ്മതിക്കാന്‍ മറ്റെയാള്‍ തയ്യാറാകുന്നില്ല. ഇതാണ് കല്യാണിക്കുട്ടിയുടെയും ഷീലയുടെയും മാനസികഭാവങ്ങള്‍.
മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ എന്ന നോവല്‍ സ്വവര്‍ഗ ലൈംഗികതയെയാണ് വിഷയമാക്കുന്നത്. കൗമാരത്തിലെ കളിക്കൂട്ടുകാരായിരുന്നു ഷീലയും കല്യാണിക്കുട്ടിയും. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ ആവിഷ്‌ക്കാരമാണ് ഈ നോവല്‍. ഈ വിഭാഗത്തില്‍ പിന്നീട് നിരവധി കഥകള്‍ മലയാളത്തില്‍ ഉണ്ടായെങ്കിലും ഇന്നും ഏറെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന കഥകളിലൊന്നാണിത്. ഒരേ വര്‍ഗ്ഗത്തില്‍പെട്ട രണ്ടുപേരുടെ ശക്തമായ വൈകാരികാകര്‍ഷണവും ആഴമേറിയ സ്‌നേഹവും രതിനിര്‍വൃതിവരെ എത്തിയേക്കാവുന്ന ഇന്ദ്രിയവ്യാപാരങ്ങളുമാണ് സ്വവര്‍ഗ്ഗപ്രണയം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചെറുപ്പകാലങ്ങളിലെന്നോ ഒരു പുരുഷനില്‍നിന്നുണ്ടായ ദുരനുഭവമാണ് രണ്ടുപെണ്‍കുട്ടികളിലെ നായികയെ പുരുഷവിദ്വേഷിയാക്കിയതും പിന്നീട് കൂട്ടുകാരിയിലേക്ക് ആകൃഷ്ടയാക്കിയതും. ദാമ്പത്യജീവിതത്തിലെ വിളളലുകളും പ്രശ്‌നങ്ങളുമാണ് ചന്ദനമരങ്ങളിലെ നായികമാരെ അടുപ്പിച്ചത്.
യാഥാര്‍ത്ഥ്യവും ഭാവനയും ഇടകലര്‍ന്ന കഥാലോകത്തില്‍ നിര്‍വ്വചനങ്ങളില്ലാത്ത സ്ത്രീയുടെ സ്വത്വം തുറന്നുകാട്ടിയ കഥാകാരിയാണ് മാധവിക്കുട്ടി. സ്‌നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളും സ്ത്രീപുരുഷ ബന്ധത്തിന്റെ പുനര്‍നിര്‍വ്വചനവുമാണ് മാധവിക്കുട്ടിയുടെ കഥകള്‍.
പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.