അനുഭവങ്ങളും ഭാവനയും ചേര്‍ന്നുള്ള പലേതരം സഞ്ചാരങ്ങള്‍: എഴുത്തനുഭവം പങ്കുവെച്ച് പ്രകാശ് മാരാഹി
‘ചാമിസ്സോ‘ എന്ന ഏറ്റവും പുതിയ കഥാസമാഹാരത്തിന്റെ എഴുത്തനുഭവം പ്രകാശ് മാരാഹി പങ്കുവെക്കുന്നു
എഴുത്തും വായനയും അന്യമായ ഒരിടത്തുനിന്നാണതാരംഭിക്കുന്നത്. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് കായലുമുള്ള, മീന്‍ചെതമ്പലുകള്‍ കുഴമണ്ണില്‍ ഇട യ്ക്കിടെ തിളങ്ങിനില്ക്കുന്ന ഒരിരുണ്ട ഭൂമികയെന്നു പറയാവുന്നതാണെന്റെ ജന്മസ്ഥലം. കൊച്ചിയില്‍നിന്നു കണ്ണൂര്‍ ജില്ല
യിലെ മാടായിയിലേക്കു നൂറ്റാണ്ടുമുമ്പ് കുടിയേറിയതാണ് ഞങ്ങളുടെ പൂര്‍വ്വികന്മാര്‍. കരയിലെ ഞങ്ങളുടെ ജീവിതനിദാനമെന്നുപറയുന്നത് അവിടത്തെ കായലിനെ ആശ്രയിച്ചാണ്. പരമ്പരാഗതമായി മത്സ്യബന്ധനമാണ് കുലത്തൊഴില്‍. വിചിത്രമായ ആകൃതിയുള്ള ഒരു തോണിയിലേക്കു സ്‌കൂള്‍വിട്ടു വരികയായിരുന്ന എന്നെ അച്ഛന്‍ നിര്‍ബന്ധപൂര്‍വ്വം വലിച്ചുകയറ്റി പുഴയിലേക്കു തുഴഞ്ഞുപോയത് ഞാനോര്‍ക്കുന്നുണ്ട്. പഠനവും കുലത്തൊഴിലും ഒന്നിച്ചു കൊണ്ടുപോയ ആ പ്രാരാബ്ധക്കാലത്തേ നന്നായി വായിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. മധ്യവേനലവധിയൊക്കെയാവുമ്പോള്‍ പണികഴിഞ്ഞുള്ള ഒട്ടുമിക്ക സമയത്തും ഞാന്‍ പഴയങ്ങാടിത്തെരുവിലുള്ള ലൈബ്രറിയിലായിരിക്കും. കുറേ പുസ്തകങ്ങളും അതിനു കാവലിരിക്കുന്ന കൂനുള്ള ഒരു ലൈബ്രേറിയനും. അവിടത്തെ ആളനക്കംകുറഞ്ഞ കുഞ്ഞുമുറിയിലെ നേര്‍ത്തവെളിച്ചത്തിലിരുന്നായിരിക്കണം ഞാനാദ്യത്തെ കഥ മനസ്സിലെഴുതിയിട്ടുണ്ടാവുക.
ലളിതമായി കഥ പറയണം എന്നുതന്നെയാണ് ആഗ്രഹമെങ്കിലും എഴുതിവരുമ്പോള്‍ ചിലത് ഗഹനമായിപ്പോകുന്നു എന്നത് സ്വയംവിമര്‍ശനപരമായി ഉള്‍ക്കൊള്ളുന്നുണ്ട്. ദുരൂഹത എന്നത് ഓരോ കഥാവസ്തുവുമായി വളര്‍ന്നുവരുന്നതാണ്. ചില മനുഷ്യരെപ്പോലെയാണത്. ഈയിടെ തീവണ്ടിയാത്രയ്ക്കിടയില്‍ ഒരു സമുദ്രഗവേഷകനെ പരിചയപ്പെട്ടു. ഭൂമിയില്‍നിന്നു കാണാതായ ഒരു കടലിനെക്കുറിച്ചാണ് അയാള്‍ പറഞ്ഞു തുടങ്ങിയത്. ഞാനാ മനുഷ്യനുമായി ഒരു രാത്രി മുഴുവന്‍ സംസാരത്തിലേര്‍പ്പെട്ടെങ്കിലും ഒറ്റവായനയില്‍ പിടിച്ചെടുക്കാനാവാത്ത ഒരുപാട് കാര്യങ്ങള്‍ അയാളിലുണ്ടായിരുന്നു. ചില ലാറ്റിനമേരിക്കന്‍ കഥപോലെ. അത്തരത്തിലുള്ള വേറിട്ട കഥകളില്‍ രേഖപ്പെടുത്തപ്പെടുന്ന ഒരു കഥാപാത്രം, അതുമല്ലെങ്കില്‍ സന്ദര്‍ഭം, ചില വാക്യഘടനകള്‍ പിന്നീടോര്‍മ്മിച്ച് കാണുമ്പോള്‍ അപ്രതീക്ഷിതമായി അതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന ചിലരുണ്ട്. അസ്വാഭാവികത എന്നത് ആപേക്ഷികമായൊരു സംഗതിയാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ച ഒരു കാര്യമുണ്ടല്ലോ, ഒരു സമയത്ത് വിജയിച്ച ഘടകങ്ങളെവെച്ച് സാഹിത്യം ചമയ്ക്കുന്നത് എന്റെ ലക്ഷ്യമേയല്ല. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ ‘അരശ്’ എന്നൊരു കഥ എഴുതുമായിരുന്നില്ല. കഥാപാത്രസൃഷ്ടിയിലും പശ്ചാത്തലത്തിലുമുള്ള വ്യത്യസ്തതയില്‍ നിന്നുണ്ടാകുന്ന അസ്വാഭാവികതയും ദുരൂഹതയും എനിക്കിഷ്ടമായതുകൊണ്ടുതന്നെയാണ് ചില കഥകളിലെങ്കിലും എല്ലാം തുറന്നു വെളിപ്പെടാതെ പോകുന്ന അവസ്ഥയുണ്ടാകുന്നത്. ഒരുപക്ഷേ, അതെന്റെയൊരു ബലഹീനതയായും കരുതാം.
Comments are closed.