DCBOOKS
Malayalam News Literature Website

“ചാമിസ്സോ”ക്ക് ഒപ്പം ഒരു യാത്ര

പ്രകാശ് മാരാഹിയുടെ ‘ചാമിസ്സോ‘ എന്ന ഏറ്റവും പുതിയ കഥാസമാഹാരത്തന് ത്യാഗരാജൻ ചാളക്കടവ് എഴുതിയ വായനാനുഭവം

ഫ്രഞ്ചുകവി അഡൽബെർട്ട് ചാമിസ്സോ ആണ്, പ്രകാശ് മാരാഹിയുടെ പുതിയ കഥാസമാഹാരത്തിന്റെ പേരിന് കാരണമായ കഥാനായകൻ. പതിവായി ട്രെയിനിന്റെ കൂപ്പെ മാറിപ്പോവുന്ന ഒരു മനുഷ്യനിൽ നിന്നുമാണ് കഥ തുടങ്ങുന്നത്. സമുദ്ര ഗവേഷകൻ കൂടിയായ അയാൾ, ആഖ്യാതാവിനെ വകഞ്ഞു മാറ്റിക്കൊണ്ട് കഥയിൽ ഇടപെടുന്ന വിധങ്ങളാണ് കഥ ഉൾക്കൊള്ളുന്നത്. അയാളുടെ പേര് ചിദംബരൻ തണ്ടാർ എന്നാണ്. കഥയ്ക്ക് ആധാരമായ കഥയുടെ കഥ ആ മനുഷ്യനിൽ നിന്നും പുറപ്പെടുന്നതല്ല. യാത്രയ്ക്കിടയിൽ, ആഖ്യാതാവായ പ്രശാന്തൻ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിൽ നിന്നുമാണ് കഥ ഇറങ്ങി വരുന്നത്. അത് പീറ്റർ ഷ്ളെമിലിന്റെ അത്ഭുത കഥയാണ്. അവിചാരിതമായി നമ്മിലേക്കെത്തുന്ന മനുഷ്യർ, നമ്മളിൽ വരുത്തുന്ന പരിവർത്തനങ്ങൾ വരഞ്ഞിടുന്നതിന്റെ പുസ്തകമാണ് അത്, അതിന്റെ
കഥയാകുന്നു ഈ കഥ. ആഗതനായ ചിദംബരൻ എന്ന ചിദനും ആ പുസ്തകത്തിൽ താൽപര്യമുണ്ട്. താൽപര്യം എന്ന ഒഴുക്കൻ പ്രയോഗത്തെക്കാൾ തീവ്രമായ അഭിനിവേശം എന്ന പറയുന്നതായിരിക്കും ഉചിതം.

കടൽ ഗവേഷക കൂടിയായ സേറസ് ദുവനയെ ചാമിസ്സോ പ്രണയിച്ച് വിവാഹം ചെയ്യുന്നു. സേറസിലുള്ള താൽപര്യം അറ്റുപോകുമ്പോൾ സാഹിത്യകാരി കൂടിയായ ഹെൽമിന ഡാസുമായി ചാമിസ്സോ അടുക്കുന്നു. യുദ്ധങ്ങളിൽ അഭിരമിച്ച്, ചാമിസ്സോ ക്രമേണ കവിതയിൽ നിന്നും ഗദ്യരചനയിലേക്ക് തിരിയുന്നു. തുടർന്ന്, പീറ്റർ ഷ്ളെമിലിന്റെ അത്ഭുതകഥ എഴുതുന്നു. അതിലൊരിടത്ത് വിവരിക്കപ്പെടുന്ന നിഴലിനെ കുറിച്ചുള്ള ലഘുവായ ഉപന്യാസമാണ് ശ്രദ്ധേയം. ഈ നിഴൽ സ്ഥൂല ശരീരത്തിനകത്തെ ‘സൂക്ഷ്മശരീരം’ എന്ന ഭാരതീയ വിചാരം തന്നെയാണ്. ഈ കഥയും അതിനെ ഏറെക്കുറെ ഇങ്ങനെ ഉറപ്പിക്കുന്നു. കഥയിലൊരിടത്ത്, ആഗതനായ ചിദംബരൻ തണ്ടാർ, ആഖ്യാതാവായ പ്രശാന്തനോട് അദ്ദേഹത്തിന്റെ നിഴലിനെ എനിക്ക് തരാമോ/വിൽക്കാമോ എന്നു ചോദിക്കുന്നുണ്ട്. താങ്കളുടെ നിഴലിന് എത്ര വില പറഞ്ഞാലും അധികമാവില്ലെന്ന് ചിദംബരൻ തണ്ടാർ! പ്രശാന്തന്റെ നിഴലിനു പകരം ചിദൻ, തന്റെ കീശയിലെ വില പിടിപ്പുള്ള രത്നങ്ങളിലൊന്ന് നൽകാം എന്ന് ഉറപ്പു നൽകുന്നു. ചിദംബരൻ എന്ന ചിദൻ ട്രെയിനുകളിൽ എപ്പോഴും തെറ്റിക്കയറുന്നതല്ല എന്നും ഏറെ തെളിച്ചവും വെളിച്ചവുമേന്തി ഒരാൾ അയാൾക്ക് മുന്നിൽ നടക്കുന്നുണ്ടെന്നും നമ്മൾക്ക് ബോധോദയമുണ്ടാകുന്നു. കഥാകൃത്ത് വി പി ശിവകുമാറിന്റെ (പ്രസ്തുത പരാമർശമുള്ള) കഥാപരിഭാഷയോടുള്ള നന്ദി പറയാൻ കഥാകൃത്ത് മടി കാണിക്കുന്നില്ല! ഒടുവിൽ, യാത്ര തീരാനാകുമ്പോൾ ആഖ്യാനം നിർവ്വഹിക്കുന്ന പ്രശാന്തന്, തന്റെ മേലാസകലമുള്ള  ‘തൊലി’യും സ്വന്തം നിഴലും നഷ്ടമാകുന്നു! ‘വിപരിണാമ’ത്തിലെ ‘നായകൻ’ കഥയിൽ ഇല്ല.

അത് വരാനിരിക്കുന്ന ദുരന്തമാണ്. കാലത്തെ പ്രവചിച്ചു കൊണ്ട് കഥയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന, ആഖ്യാതാവായ ആ മനുഷ്യൻ, ലോകത്തിന് തന്റെ
പൃഷ്ഠപ്രദേശം അനാവൃതമാക്കി കാണിക്കുന്നു. അവിടെ ഒരു വാൽ മുളച്ചു വരുന്നത് നമ്മൾ കൃത്യമായി കാണുന്നുണ്ട്. “ഡൽഹിയിലും ഗുജറാത്തിലും ഏതാണ്ടെല്ലാവർക്കും ആ വാൽ മുളച്ചു കഴിഞ്ഞു.” എന്ന് അയാൾ ഉച്ചത്തിൽ പറയുന്നുണ്ട്. അപ്പോഴും നമ്മൾ ബധിരരായി തുടരുന്നുണ്ട്.
അസൂയയുടെ എതിർവാക്കാകാം അനസൂയ. അസൂയയ്ക്ക് മരുന്നുണ്ട്. ആ മരുന്ന് അനസൂയയുടെ രോഗശമനത്തിനുള്ളതല്ല.

Textഅവളിൽ അഭിരമിച്ച് സ്വയം മറന്ന്, ലോകത്തെ മറക്കുന്ന പുരുഷനുള്ളതാകുന്നു, ആ മരുന്ന്. സോഷ്യൽ മീഡിയ കുരുക്കുകളിൽ വീണു മയങ്ങുന്നവർക്കുള്ള ‘മരുന്നുകുറിപ്പടി’യാണ് “മൃഗംഗ”. കഥയുടെ അവസാനം കാണുക: ” ആ മുറിയിൽ അനസൂയയുടെ കൂട്ടുകാരനെ കാത്ത് ഞാനിരുന്നു. മുറിയുടെ വാതിൽ എനിക്കു പിറകെ കൊട്ടിയടച്ചു കൊണ്ട് അനസൂയ പെട്ടെന്നിറങ്ങിപ്പോയി. കുറെ നേരം കഴിഞ്ഞ് മുറിയിലെ മങ്ങിയ ഇരുട്ടിൽ, ചങ്ങലയിഴച്ചിനോടൊത്ത് ഏതോ മൃഗത്തിന്റെ
ഞരക്കവും പിന്നെ കേട്ടു തുടങ്ങി. കഥ ആഖ്യാനം ചെയ്യുന്ന പുരുഷനും ആ ഞരക്കം കേൾപ്പിക്കാനാകും.

“ഏതുതരം കഥയായാലും കേട്ടു തുടങ്ങിയാൽ പിന്നെ അതു തീരാതെ അവിടുന്നെണീക്കാൻ തോന്നില്ല… വൈകാരികാംശം ഒട്ടും ചോർന്നു പോകാതെ അങ്ങനെ പലേതരം ആൾക്കാരെയും കഥ കൊണ്ട് അയാൾ വലവീശിപ്പിടിച്ചിരിക്കുന്നു.” മുതല”യിലെ കഥപറച്ചിലുകാരനെപ്പറ്റിയാണ്. കഥയ്ക്കുള്ളിലെ മറ്റൊരു കഥ പറച്ചിലുകാരൻ. രസകരമായ കഥപറച്ചിലുകാരനാണ് എങ്കിലും അയാൾക്ക് പത്ഥ്യം പഴയ കഥകളാണ്. പഴങ്കഥനക്കാർക്ക് എന്തു സംഭവിക്കണം? അയാൾ പിന്നീടു വന്ന വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുകയും ഒരു മുതലയായി പുനർജ്ജനിക്കുകയും ചെയ്യുന്നു.

പ്രകാശ് മാരാഹി അവിടെ കഥ നിർത്തുന്നു. എത്ര മുതലകളെ വായനക്കാരന് അറിയാം. പിന്നീട് മനുഷ്യനായി പരിണമിച്ച, ഒരു കുരങ്ങന്റെ മുന്നിൽ തോറ്റുപോയ ഒരു മുതലയാണ് ഈ കഥ വായിക്കുമ്പോൾ എന്റെ മനസ്സിലേക്ക് വരുന്നത്! ഇനിയിപ്പോൾ, പഴയ മട്ടിൽ കഥ പറയുന്നവരെയെല്ലാം മുതല പിടിക്കട്ടെ എന്നോ അവർ മുതലകളായി പരിണമിക്കട്ടെ എന്നോ കഥാകൃത്ത് ആഗ്രഹിച്ചുവോ?

ആളനക്കമില്ലാത്ത ഇടങ്ങളിൽ വിപ്ലവം മുളയ്ക്കാറില്ല. പലേടങ്ങളിലായി മുളച്ചുപൊന്തുന്ന വിപ്ലവങ്ങൾക്ക് അങ്ങനെ ഇരിപ്പുറയ്ക്കാറുമില്ല. സിദ്ധാന്തങ്ങൾ കൂട്ടിയിട്ട മുറികളിൽ ചില ചില ‘ഉന്മൂലന’ങ്ങൾ തുരുമ്പെടുക്കുമെങ്കിലും, പുലിയെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ജീവികൾ സൂക്ഷ്മ നോട്ടത്തിൽ ഒരു പൂച്ചയാണെന്ന് തിരിച്ചറിയേണ്ടി വരുമെങ്കിലും, സൂര്യവെളിച്ചത്തോളം പാകത്തിലല്ലെങ്കിലും തീരെച്ചെറുതല്ലാത്ത നിലാവെളിച്ചങ്ങൾ പ്രവഹിക്കുവാൻ നക്സൽ പാതകൾ ഉപകരിച്ചിട്ടുണ്ട്. ആശയത്തിനു നേർക്ക് വെടിയുതിർത്ത / സെൽഫ് ഗോളടിച്ച ചില വ്യക്തികളെ മാറ്റി നിറുത്തണം. “ഉന്മൂലനസിദ്ധാന്ത”ത്തിലെ മാത്യൂസ് മുറിയോടിത്തറയുടെ ‘പ്രത്യുത്പന്ന’ മതിത്വം അയാൾക്കും കാലത്തിനും ഉപകാരപ്പെട്ടില്ല. ‘അയാൾക്ക് ‘ സന്തതിപരമ്പരകൾ ഉണ്ടായതുമില്ല. രാഷ്ട്രീയ കഥകൾ മാരാഹിയുടെ കൈയിൽ ഭദ്രമാകുന്നുണ്ട്, തുടക്കം മുതൽക്കു തന്നെ.

“കടശ്ശിക്കളി” യിലെ കൊച്ചാപ്പു, വൈകുന്നേരം തിളച്ചുമറിയേണ്ടുന്ന, ഫുട്ബോൾ ലഹരിയിൽ പകൽ മുഴുവനും നീന്തിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി അണിയിച്ച ജേഴ്സിയുമണിഞ്ഞ് കൊച്ചാപ്പു പശുവിനെ പുല്ലു തീറ്റിക്കാനിറങ്ങിയതാണ്.

തീറ്റിച്ചു തടിപ്പിച്ച പശുവിനെ ഉമ്പായി മാപ്ലയ്ക്ക് കൊടുക്കണം. അയാൾ അതിനെ കൊല്ലുകയോ പോറ്റുകയോ ചെയ്യട്ടെ. ഗോർട്ടിലെ ഫുട്ബോൾ കളിക്ക് ഇന്ന് അവസാനമാണ്. നാരായണൻ കൈക്കോറുടെ പറമ്പിൽ മേയുന്ന പശുവിനും ഇന്ന് അവസാന കളിയാകാം. പക്ഷേ, അവസാനക്കളി (കടശ്ശിക്കളി)യിൽ ഏർപെട്ട കഥാപാത്രങ്ങളായിട്ടാണ് കുഞ്ഞാപ്പു ലോകത്തെ കാണുന്നത്. പശുവിനെ, കൊള്ളാനാവാത്ത പ്രായത്തിൽ അവസാനക്കളിക്ക് വിട്ടുകൊടുത്ത് കാശാക്കുന്നതു പോലെ, മനുഷ്യരെയും വിൽക്കാൻ അനുവാദം കിട്ടിയിരുന്നെങ്കിൽ, പെറ്റതളളയെയും പപ്പിനിയേച്ചിയെയും കടശ്ശിക്കളിക്ക് നൽകാമായിരുന്നു. അരക്കിറുക്കിന് സ്ഥിരമായി മരുന്നുസേവയുള്ള കൊച്ചാപ്പുവിൽ നിന്നാണ് ഇവിടെ ഗൂഢസ്മിതം തുടങ്ങുന്നത്. പശുവിനെ തൊലിയുരിച്ച് കെട്ടിത്തൂക്കുന്നതു പോലെ ചട്ടിവിൽപ്പനക്കാരി ചന്ദ്രിയേച്ചിയേയും നാരായണൻ കൈക്കോറിനെയും അടക്കം ലോകത്തയകമാനം കൊച്ചാപ്പു ‘തൊലി’യുരിഞ്ഞ് കാണുന്നു!

കടൽപ്പരപ്പോളം ലോകവിവരമുണ്ടെങ്കിലും അംഗനവാടിയിലെ ആയയായ കൊച്ചമ്മിണിയുടെ, ഇഹലോക ബന്ധങ്ങൾ അറുത്തെറിയാൻ, അക്കു എന്ന കടൽ നായകന് വരേണ്ടി വരുന്നു. അതു വരെയുമുള്ള കൊച്ചമ്മിണിയുടെ ജീവിതം പൊളിറ്റിക്കലി കറക്ടല്ലെന്ന് പിന്നീട് വായനക്കാരന് തോന്നുന്നു. കടൽക്കാറ്റിന്റെ വാട തങ്ങി നിൽക്കുന്ന കഥയാണ് ‘കടൽപ്പരപ്പ് ‘. നമ്മുടെ ഉള്ളിലുള്ള ആനന്ദവും നമ്മൾ തേടി നടക്കുന്ന ആനന്ദവും കൂട്ടിയിടിക്കുന്ന ഒരു ഇടമുണ്ട്!

പല തലങ്ങളിലും വായനക്കാരനെ/ക്കാരിയെ തിരുത്താനായുന്നുണ്ട്, മാരാഹിക്കഥകൾ. അവിടം ഗൂഢസ്മിതങ്ങളുടെ കേളീതലമാണ്. പ്രകാശ് മാരാഹിയുടെ “സാത്താൻ വാഴ്ത്തപ്പെടുന്ന ദിവസം” എന്ന സമാഹാരത്തിലെ കഥകളെ വന്യമായി ഇരമ്പുന്ന കഥകൾ എന്നാണ് സി വി ബാലകൃഷ്ണൻ വിശേഷിപ്പിച്ചത്. “ചാമിസ്സോ”യിൽ എത്തി നിൽക്കുമ്പോൾ അത് ഗൂഢസ്മിതം തൂവുന്ന കഥകളായി മാറുന്നുണ്ട്. നിസ്സാരം എന്നു തോന്നിപ്പിക്കുന്ന കഥയും വായനക്കാരനെ/ക്കാരിയെ ഗൂഢ ദേശത്തേക്ക് കൈപിടിച്ചു കൊണ്ടു പോകുന്നുണ്ട്. അതേസമയം ഇന്ത്യൻ മിഥോളജിയുടെ ആടയാഭരണങ്ങൾ അണിയാനുള്ള ചില കഥകളുടെ താൽപര്യവും കാണാതിരിക്കാനാവില്ല. അപ്പോൾത്തന്നെ, നവംനവമായ പ്രശ്നപരിസരങ്ങളെ അഭിസംബോധന ചെയ്യുന്നതിലും മാരാഹിക്കഥകൾ വിജയിക്കുന്നു.

“ദൈവം തിരഞ്ഞെടുക്കാത്ത ഒരു അസംബന്ധകഥ”യിൽ ദൈവരൂപികൾ എങ്ങനെ മനുഷ്യന്റെ
അസ്ഥിത്വത്തെ നിർവ്വചിക്കുന്നു എന്നു കാണാം. ദൈവവും സാത്താനുമെല്ലാം പ്രകാശ്(മാരാഹി) എന്ന കുട്ടിയിൽ കുടിയേറിയിട്ട്, കാലത്തോളം വളർന്നു പന്തലിച്ച ദ്വന്ദ്വങ്ങളാരുന്നു. അവർ ബലാബലത്തോടെ മാരാഹിക്കഥയെ പിന്തുടരുന്നു. മലയാള കഥയുടെ സ്ഥിരം ഭൂമികയിൽ നിന്നും ഇദ്ദേഹത്തിന്റെ കഥകൾ വഴുതിക്കൊണ്ടേയിരിക്കുന്നു. കാലത്തോടും കൂടെ സഞ്ചരിക്കുന്നവരോടും ഇടപഴകുമ്പോൾ, ഈ കഥകൾ ഗൂഢമായ ആനന്ദത്തിൽ മുങ്ങിയമരുന്ന പോലെ തോന്നുന്നുണ്ട്. “അരശ്ശ് ” എന്ന കഥ മുഴുമിപ്പിക്കാനാവാതെ, ചില രംഗങ്ങളിൽ
വായനക്കാരൻ/ക്കാരി ഹതാശമാവുന്നു. ഒരു രംഗം കാണൂ: “നാൽപ്പതാം നാൾ പടവാൾ ഏറ്റുവാങ്ങാനെത്തിയ പ്രഭു പോലും ഉജ്ജ്വലമായി തിളങ്ങുന്ന പടവാൾ കണ്ട് ഭയന്നുപോയി. കാരണം, താൻ കൊടുത്ത എല്ലാ കണക്കുകളും കൃത്യം. മൂർച്ചയുടെ അംഗുലവും കൈപ്പിടിയിൽ നിന്ന് വാൾമുനവരെയെത്തുന്ന അരികുകളുടെ ഉൾക്കനവും ഒരു മുടിനാരിഴയുടെ പോലും വികൽപമില്ലാതെ പെരുങ്കൊല്ലൻ അത് ഉലയിൽ വാർത്തെടുത്തിരിക്കുന്നു. സന്തോഷത്തിൽ മതിമറന്ന പ്രഭുവിനുള്ളിൽ ആ നിമിഷം മറ്റൊരു ചിന്തയുദിച്ചത്രെ. താനൊഴിച്ച് ഇനിയൊരാൾക്കും ഇത്തരമൊരു പടവാൾ സ്വന്തമാക്കാനാവരുത്. അതിനുള്ള ഏക മാർഗ്ഗം പ്രഭു കണ്ടെത്തിയത്, ആ പെരുങ്കൊല്ലന്റെ, വെള്ളമൊഴിച്ച് താപമകറ്റിത്തണുപ്പിച്ച ലോഹം പോലിരുന്ന വലംകൈ അതേ വാൾകൊണ്ട് അരിഞ്ഞു വീഴ്ത്തുക എന്നതായിരുന്നു…”
സമാഹാരത്തിൽ ലോഡ്ജ്, വിരാട്, ഒരു ജലജിജ്ഞാസുവിന്റെ അപൂർവ്വാനുഭവങ്ങൾ, സിനിമയിൽ, പരിഭാഷ തുടങ്ങിയ മികച്ച കഥകളും അടങ്ങിയിരിക്കുന്നു. “പരിഭാഷ” പലേടത്തും കഥാകൃത്തിന്റെ ആത്മസഞ്ചാരവഴികൾ കൂടിയാണ്.

കഥ പ്രകാശ് മാരാഹിയുടെ ജീവവായുവാണ്. കഥ എന്ന ജീവിതത്തിലേക്ക് കടക്കും മുമ്പ്, കാലം പഠിപ്പിച്ച പാഠങ്ങൾ ഇദ്ദേഹത്തെ കാരിരുമ്പിന്റെ മൂർച്ചയുള്ള കഥനങ്ങളുടെ പിതാവാകാൻ പ്രാപ്തമാക്കിയിരിക്കുന്നു. മാരാഹിക്കഥകളിൽ ദിക്കു തെറ്റുന്ന കപ്പിത്താന്മാരാകുന്നു, വായനക്കാരുടെ ഭൂരിപക്ഷം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.