രാജ്യസുരക്ഷയ്ക്ക് ഭീഷണി ; രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ അനുഭവക്കുറിപ്പുകള്‍ക്ക് നിയന്ത്രണം
ന്യൂഡൽഹി: പെൻഷൻ നിയമങ്ങൾ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നോ സുരക്ഷാ സ്ഥാപനങ്ങളില്‍ നിന്നോ വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യപ്പെടുത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വിരമിച്ച ശേഷവും മുന്‍കൂര്‍ അനുമതി വേണം. നേരത്തെ മുതല്‍ നിയമം നിലനിന്നിരുന്നെങ്കിലും സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് ഇത് ബാധകമല്ലായിരുന്നു. എന്നാൽ വിരമിച്ചവർക്കും അത് ബാധകമാക്കിക്കൊണ്ടാണ് 1972 ലെ സെൻട്രൽ സിവിൽ സർവീസസ് (പെൻഷൻ) ചട്ടത്തിന്റെ റൂൾ 8 കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തിട്ടുള്ളത്.
പുതുക്കിയ ചട്ടമനുസരിച്ച് രാജ്യത്തിന്റെ സുരക്ഷാ/രഹസ്യാന്വേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏതു തരത്തിലുള്ള വിവരമോ മറ്റു സംഗതികളോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കാര്യക്ഷമവും സൂക്ഷ്മവുമായ പരിശോധനയ്ക്ക് വിധേയമാക്കുകയും യോഗ്യമായ കേന്ദ്രത്തിൽ നിന്ന് അനുമതി നേടുകയും വേണം. പ്രസ്തുത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തന്റെ അറിവിൽ പെടുന്ന കാര്യങ്ങൾ മുൻകൂർ അനുമതിയില്ലാതെ സേവനകാലത്തോ വിരമിച്ച ശേഷമോ ഒരു തരത്തിലും പ്രസിദ്ധപ്പെടുത്തില്ലെന്ന സത്യവാങ് മൂലം ഉദ്യോഗസ്ഥർ നൽകണമെന്നാണ് റൂൾ 8 വ്യവസ്ഥ ചെയ്യുന്നത്.
പെരുമാറ്റചട്ടം, പെൻഷൻ ചട്ടം, ഔദ്യോഗികരഹസ്യങ്ങളോ രാജ്യസുരക്ഷയുമായോ ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന നിയമങ്ങൾ, ഇന്റലിജൻസ് ഓർഗനൈസേഷൻ (റെസ്ട്രിക്ഷൻ ഓഫ് റൈറ്റ്സ്) ആക്ട്(1985) എന്നിവ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രസർക്കാരിന് ഇനി നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ്.
രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ രഹസ്യാത്മകത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലും സുരക്ഷാ വിഭാഗത്തിലും സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ പുസ്തക രൂപത്തിലും മറ്റും പ്രസിദ്ധീകരിച്ചത് മുന്‍നിര്‍ത്തിയാണ് ചട്ടങ്ങളില്‍ മാറ്റംവരുത്താന്‍ കേന്ദസര്‍ക്കാര്‍ തീരുമാനിച്ചത്.
Comments are closed.