ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രഗത്ഭര്‍ പങ്കെടുക്കുന്നു
38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 30 മുതല്‍ ആരംഭിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കേരളത്തില്‍നിന്നടക്കം ലോകത്തിലെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സിനിമാതാരങ്ങളും പ്രസാധകരും പങ്കെടുക്കുന്നുണ്ട്. തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസ്സുകള്‍ എന്നതാണ് പുസ്തകോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം. ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്പശാലകള്‍, മുഖാമുഖം എന്നിവ കൂടാതെ തത്സമയ പാചകപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നു. മെക്‌സിക്കോ ആണ് ഈ വര്‍ഷം മേളയിലെ അതിഥി രാജ്യം.
സാഹിത്യ നൊബേല്‍ പുരസ്‌കാരജേതാവും ടര്‍ക്കിഷ് എഴുത്തുകാരനുമായ ഓര്‍ഹന്‍ പാമുഖാണ് ഇത്തവണ പുസ്തകോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ വിക്രം സേത്ത്, ബോളിവുഡിന്റെ പ്രിയ താരങ്ങളായ ഗുല്‍ഷന്‍ ഗ്രോവര്‍, മനീഷ കൊയ്‌രാള, ലിസ റേ, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരായ ആനന്ദ് നീലകണ്ഠന്‍, അനിത നായര്‍, അശ്വിന്‍ സാംഗി, ജീത് തയ്യില്‍, മാധ്യമപ്രവര്‍ത്തകരായ രാവിഷ് കുമാര്‍, സോണിയ സിങ് തുടങ്ങിയവരും മലയാളത്തില്‍നിന്ന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, നടന്മാരായ ടൊവീനോ തോമസ്, സിദ്ദിഖ്, ഗായിക കെ.എസ്.ചിത്ര, ജി.എസ്.പ്രദീപ് എന്നിവരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും.
81 രാജ്യങ്ങളില്‍നിന്നായി രണ്ടായിരത്തിലേറെ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയുടെ ഭാഗമായി എത്തുന്നുണ്ട്. കേരളത്തിലെയും യു.എ.ഇയിലെയും മലയാളികളുടേതുള്‍പ്പെടെ നൂറ്റമ്പതോളം പുസ്തകങ്ങളും മേളയില്‍ പ്രകാശനം ചെയ്യുന്നുണ്ട്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് മേള അരങ്ങേറുന്നത്. രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു മണി വരെയായിരിക്കും പ്രദര്‍ശനം നടക്കുക. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
പ്രവാസികളടക്കം നിരവധി മലയാളികള്‍ എല്ലാ വര്‍ഷവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാറുണ്ട്. നവംബര്‍ 9ന് മേള സമാപിക്കും.
Comments are closed.