ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: ഇന്ത്യയില്‍ നിന്നും പ്രമുഖര്‍ പങ്കെടുക്കുന്നു
37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 31 മുതല്‍ ആരംഭിക്കുന്നു. പതിനൊന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ലോകമെമ്പാടുമുള്ള 1874 പ്രസാധകരുടെ പതിനാറ് ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ഇത്തവണ 114 പ്രസാധകരുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ പുസ്തകമേളയോടനുബന്ധിച്ച് വിവിധദിനങ്ങളില്‍ നടക്കുന്ന പരിപാടികളില്‍, ഇന്ത്യയില്‍ നിന്ന് കലാസാഹിത്യരംഗങ്ങളിലേയും, സാമൂഹിക-സാംസ്‌കാരിക- രാഷട്രീയമേഖലകളിലേയും, സംഗീതം, സിനിമ, മാധ്യമം, പാചകം തുടങ്ങിയ രംഗങ്ങളിലേയും പ്രമുഖര്‍ ഇക്കുറിയും പങ്കെടുക്കുന്നുണ്ട്. ശശി തരൂര്‍, ചേതന്‍ ഭഗത്, ഡോ. എല്‍.സുബ്രഹ്മണ്യം, പെരുമാള്‍ മുരുകന്‍, റസൂല്‍ പൂക്കുട്ടി, കരണ്‍ ഥാപ്പര്‍, പ്രകാശ് രാജ്, നന്ദിത ദാസ്, ലില്ലി സിങ്, മനു എസ്.പിള്ള, യു.കെ.കുമാരന്‍, എസ്. ഹരീഷ്, സന്തോഷ് ഏച്ചിക്കാനം, ദീപാ നിശാന്ത്, ഫ്രാന്‍സിസ് നൊറോണ, മനോജ് കെ.ജയന്‍, സോഹാ അലി ഖാന്‍, സിസ്റ്റര്‍ ജെസ്മി, അന്‍വര്‍ അലി, ആന്‍സി മാത്യു തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും.
ലോകത്തിലെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും നിരൂപകരും കലാകാരന്മാരും പങ്കെടുക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് 2600ലേറെ അനുബന്ധ സാംസ്‌കാരിക പരിപാടികളും എക്‌സ്‌പോ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. മലയാളമുള്‍പ്പെടെ എണ്‍പതിലേറെ കൃതികളുടെ പ്രകാശനങ്ങളും മേളയിലുണ്ടാവും.
മുന്‍ വര്‍ഷങ്ങളിലെപ്പോലെതന്നെ ഷാര്‍ജ പുസ്തകോല്‍വസത്തില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്ന ഡി സി ബുക്‌സ് 2018-ലെ മേളയിലും മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തും. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ പ്രസാധകരെ ഏകോപിപ്പിക്കുന്നത് ഡി.സി ബുക്‌സാണ്.രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു മണി വരെയായിരിക്കും പ്രദര്‍ശനം നടക്കുക. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Comments are closed.