ഷുഹൈബ് വധക്കേസ് സിബിഐ ഏറ്റെടുത്തു
മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിലപാട് അറിയിച്ചത്. കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും അറിയില്ലെന്നും സിബിഐ പറഞ്ഞു. ഷുഹൈബ് കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ജസ്റ്റീസ് ബി കെമാല്‍പാഷ കോടതിയില്‍ നടത്തിയത്. പൊലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന് നാണക്കേടാണ്. ഇതിന് പിന്നില്‍ ആരാണെന്നത് എല്ലാവര്‍ക്കും അറിയാം. വിഷയത്തില്‍ ഒരു ചെറുവിരല്‍ എങ്കിലും അനക്കാന്‍ പറ്റുമോ?. എല്ലാവരും കൈകഴുകി രക്ഷപ്പെടുകയാണ്. ഷുഹൈബ് വധക്കേസില്‍ പ്രതികളെ കൈയില്‍ കിട്ടിയിട്ടും ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിനാവാത്തത് ദു:ഖകരമാണെന്നും കോടതി വ്യക്തമാക്കി.നീതിപൂര്‍വ്വമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസിന് പറയാനാവുമോ എന്നും കോടതി ചോദിച്ചു.
വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ ഹര്‍ജി പരിഗണിക്കേണ്ടത് ഡിവിഷന്‍ ബെഞ്ചാണെന്ന് വാദിച്ചത് കോടതിയെ ചൊടിപ്പിച്ചു. താന്‍ മുമ്പും സിബിഐ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അതിനുള്ള അധികാരം കോടതിക്കുണ്ടെന്നും ജസ്റ്റീസ് കെമാല്‍പാഷ ഓര്‍മിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ ഒരാഴ്ചത്തെ സാവകാശം തേടി.
Comments are closed.