ജാതികള്‍ ജാതിക്കുള്ളിലെ ജാതികള്‍
ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
ഡോ.എം.ലീലാവതി
അദ്വൈതതത്ത്വം പുലയന്‍ കൊച്ചാലിനുകൂടി ഗ്രഹിക്കാനും പഠിക്കാനും വേണ്ടപ്പോള്‍ ഉദ്ധരിക്കാനും കഴിയത്തക്കവണ്ണം ഹൃദ്യവും സരളവുമായി പ്രതിപാദിച്ചതിലെ അനുത്തമമായ വൈദഗ്ധ്യമാണ് ജാതിക്കുമ്മിയെന്ന ഗാനത്തിന്റെ പ്രാധാന്യം. സ്വജനമായ ധീവരഗണത്തെ മാത്രം ജാഗരണം ചെയ്യാനുദ്ദിഷ്ടമായിരുന്നില്ല ശ്രീ കറുപ്പന്റെ കാവ്യയത്‌നങ്ങള്‍. ധീവരര്‍ കടലിനോടും കായലിനോടും പൊരുതി നേടിയിരുന്നവിഭവങ്ങള്‍ അടിമപ്പണിയുടേതുപോലുള്ള ഉത്പന്നങ്ങളായിരുന്നില്ല. എന്നാല്‍, മണ്ണിനോടു പൊരുതി പൊന്നുവിളയിച്ചിരുന്ന പുലയവര്‍ഗ്ഗം തനി അടിമകളായാണ് കഴിഞ്ഞുകൂടിയിരുന്നത്. വര്‍ണവിവേചനത്തിന്‍ പേരില്‍ സവര്‍ണരോട് പൊരുതി മുന്നേറിയ ഈഴവ സമുദായത്തില്‍പ്പെട്ട പലരും സവര്‍ണര്‍ തങ്ങളെ എങ്ങനെ താഴ്ത്തിക്കെട്ടിയോ അങ്ങനെതന്നെ തങ്ങള്‍ക്കു താഴെയുള്ള അധഃകൃതസമുദായങ്ങളെ താഴ്ത്തിനിര്‍ത്തി.
‘സ ജാതോ യേന ജാതേന യാതിവംശഃ സമുന്നതിം’ എന്ന ചൊല്ല് സാര്‍ത്ഥമാക്കുന്ന ഒരു മഹത്തായ പുരുഷാവതാരം. പണ്ഡിറ്റ് കെ. പി. കറുപ്പനെപ്പോലെ ഈ വിശേഷണം യോജിക്കുന്നവര്‍ ഏറെ ഉണ്ടോ? അതുപോലെ ധീവരരെന്ന സമുദായനാമത്തെയും അദ്ദേഹം അര്‍ത്ഥപൂര്‍ണ്ണമാക്കി. മഹാരാജാസ് കോളജിലെ മലയാളം വകുപ്പിലുള്ള ഹാളില്‍ അദ്ദേഹത്തിന്റെ ചിത്രത്തിനു താഴെയിരുന്നു സാഹിത്യപഠനം ചെയ്ത കാലത്ത് ഏകലവ്യനിര്‍വിശേഷം ശിഷ്യപ്പെട്ടവരില്‍ ഒരു എളിയ വ്യക്തിയെന്ന നിലയ്ക്ക് അദ്ദേഹത്തെക്കുറിച്ച് സ്മരിക്കുന്നതും സ്മരണ, വാക്കുകളില്‍ രേഖപ്പെടുത്തുന്നതും ഗുരുദക്ഷിണ നിര്‍വഹിക്കുംപോലെയുള്ള കര്‍ത്തവ്യമത്രെ.
ധീമത്ത്വത്തിനു ചേര്‍ന്ന ധീരതയും വിനയവും അപമാനിതനായ സന്ദര്‍ഭങ്ങളില്‍ ഉചിതമായ ധിക്കാരവും പുലര്‍ത്തിയ ആ ഉന്നതശീര്‍ഷന്‍ നാടുവാഴുന്ന തമ്പുരാന്റെ നേരെ നിന്നുകൊണ്ടു ചോദിച്ചു:
”കാറില്ലാത്തതുമൂലമോ,
പുകളെഴുന്നൗദ്യോഗികാദയമ-
ഞ്ഞൂറില്ലാത്തതുമൂലമോ
പഴയതാം പേരേടിലില്ലായ്കയോ
വേറില്ലാളുകള്‍ കൂറ്റിലെന്ന ധൃതിയോ… എന്താണ് തന്നെ അവഗണിക്കാന്‍ ഹേതു?” എന്ന്. അദ്വൈതതത്ത്വം ശങ്കരാചാര്യരെ ഓര്‍മിപ്പിക്കാന്‍ ചണ്ഡാളനായി ചമഞ്ഞ പരമശിവതത്ത്വം സ്വന്തം ചേതസ്സിലും വിളങ്ങുന്നുണ്ടെന്ന ഉത്തമവിശ്വാസത്തില്‍നിന്നുയര്‍ന്ന ധീരതയുടെ ധിക്കൃതിയാണത്. ഇപ്രകാരം ധീമത്ത്വത്തോടൊപ്പം ധിക്കൃതിയും പുലര്‍ത്താന്‍ കഴിവുള്ളവര്‍ക്കു മാത്രമേ ജനഗണത്തിന്റെ നേതൃത്വം വഹിക്കാന്‍ കഴിയൂ.
എത്ര ധീമാനായാലും വേണ്ടകാലത്ത് വിദ്യാഭ്യാസം ലഭിച്ചില്ലെങ്കില്‍ നേതൃത്വത്തിലേക്ക് ഉയരാനും സ്വസമുദായാംഗങ്ങളെ ഉദ്ധരിക്കാനും ശക്തനായെന്നുവരില്ല. ശ്രീ കറുപ്പന്റെ ജീവിതപശ്ചാത്തലം വിദ്യാഭ്യാസത്തിന് അനുകൂലമായിരുന്നു. വിഷവൈദ്യനും പൂജാരിയുമായിരുന്ന പിതാവ് പ്രാഥമിക വിദ്യാഭ്യാസത്തിനു മകനെ വടക്കെവാലത്ത് അപ്പുആശാന്റെ കളരിയില്‍ ചേര്‍ത്തു. അവിടെവെച്ച് സംസ്‌കൃതഭാഷയഭ്യസിക്കാന്‍ കഴിഞ്ഞതാണ് ശ്രീ കറുപ്പന്റെ പിന്നീടുള്ള ഉയര്‍ച്ചയുടെ പശ്ചാത്തലം.
പൂര്‍ണ്ണരൂപം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്
Comments are closed.