ജാതിയും നിയമവും
സംഭാഷണം- മനോജ് മിത്ത/ സ്മിത പ്രകാശ്-മൊഴിമാറ്റം: ജോസഫ് കെ ജോബ്, ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ദലിതര്‍ ഇപ്പോഴും ദലിതരായി തുടരുന്നു. മതപരിവര്‍ത്തനംപോലും അവരുടെ സാമൂഹ്യപദവിയില്‍ മാറ്റം വരുത്തിയില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? തൊട്ടുകൂടാത്തവരായും തീണ്ടിക്കൂടാത്തവരായും ദൃഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളവരായും ദലിതരിപ്പോഴും തുടരുന്നത് എന്തുകൊണ്ട്? മാറ്റം വരണമെണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏതു വഴിയേ പോകണം? നിയമത്തിന്റെ വഴിയേ പോകണോ അതോ സാമൂഹ്യപരിവര്‍ത്തനത്തിന്റെ വഴിയേ പോകണമോ?
പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ‘ടൈംസ് ഓഫ് ഇന്ത്യ’യിലെ സീനിയര്‍ എഡിറ്ററുമാണ് മനോജ് മിത്ത. നിയമം, പൊതുനയം, മനുഷ്യാവകാശം എന്നീ വിഷയങ്ങളില്‍ പഠനം നടത്തിയിട്ടുള്ള മനോജിന്റെ ‘മോദിയും ഗോധ്രയും’, ‘കാസ്റ്റ് പ്രൈഡ്: ഹിന്ദു ഇന്ത്യയില്‍ സമത്വത്തിനായുള്ള പോരാട്ടങ്ങള്‍’ എന്നീ പുസ്തകങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചവയാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് തന്നെ ആരംഭിച്ചതെങ്കലും ജാതി സമത്വത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇപ്പോഴും തുടരേണ്ടി വരുന്നതിന്റെ സാമൂഹ്യയാഥാര്‍ഥ്യം,
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണപഠനങ്ങളിലൂടെ അനാവരണം ചെയ്യുകയാണ് മനോജ് മിത്ത.
ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിമീഡിയ വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലില്‍ (ANI) ന്യൂസ് എഡിറ്ററും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ബ്രോഡ്കാസ്റ്ററായ ചാനല്‍ ന്യൂസ് ഏഷ്യയുടെ ഇന്ത്യന്‍ കറസ്പാണ്ടന്ററുമാണ് സ്മിത പ്രകാശ്. സ്മിത പ്രകാശാണ് മനോജ് മിത്തയുമായുള്ള ഈ സംഭാഷണം കെ എല്‍ എഫ് വേദിയില്‍ നടത്തിയത്.
സ്മിത പ്രകാശ്: ഡല്‍ഹിയിലെ ശൈത്യകാലത്തുനിന്ന് താത്കാലികമായി ലഭിച്ച ഈ മനോഹര ഇടവേളയില്‍ മനോഹരമായ നഗരത്തില്‍ വച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ‘കാസ്റ്റ് പ്രൈഡ്’ എന്ന പുസ്തകമാണ് നമ്മുടെ മുന്നിലുള്ളത്. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണിത്, പ്രത്യേകിച്ച് പുതിയ തലമുറ. ജാതിവ്യവസ്ഥ യെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിച്ചാണ് ഈ പുസ്തകം ഞാന്‍ വായനക്കെടുക്കുന്നത്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ അടുത്തകാലത്ത് ഞാനധികം വായിക്കുന്നത് ഇലക്ഷനുകളെ സംബന്ധിച്ചുള്ളതാണ്. ഈ കാലങ്ങളില്‍ ജാതി സെന്‍സസ് ഒരു പ്രധാന ചര്‍ച്ചാവിഷയമായി വരാന്‍ തുടങ്ങിയപ്പോളാവാം, ‘ഇന്ത്യാസഖ്യം’ ഈ വിഷയം പൊതു ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതുകൊണ്ടാവാം, ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കണം എന്നെനിക്ക് തോന്നി. ഏറെ ഗവേഷണം നടത്തി രചിച്ച പുസ്തകമാണിത്. ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്റെ കണ്ണുതുറപ്പിച്ച ഒരു പുസ്തകം തന്നെയാണിത്. തീര്‍ച്ചയായും നിരവധി വര്‍ഷങ്ങള്‍ എടുത്തു ചെയ്ത പുസ്തകമായിരിക്കുമെന്ന് അറിയാം. ഇതെഴുതാന്‍ ഇടയായത് എങ്ങനെയാണെന്ന് വിശദീകരിക്കാമോ?
മനോജ് മിത്ത: കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതിനുശേഷം ഇന്ത്യയിലും വിദേശത്തുമായി എനിക്ക് ഇത്തരത്തില്‍ നിരവധി പുസ്തകപരിപാടികളില്‍ പങ്കെടുക്കേണ്ടിവന്നിട്ടുണ്ട്. ‘ഹിന്ദുഇന്ത്യയില്‍ സമത്വത്തിനായുള്ള പോരാട്ടങ്ങള്‍’ എന്നതാണ് ഈ പുസ്തകത്തിന്റെ ഉപശീര്‍ഷകം. സമത്വത്തിനായുള്ള പോരാട്ടങ്ങള്‍ രാജ്യത്തുടനീളം നടന്നിട്ടുണ്ട്. പഴയ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാര്‍ ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ ഒന്നായിരുന്ന കോഴിക്കോട്ടും ഇത്തരം പോരാട്ടങ്ങള്‍ അതിതീവ്രമായിരുന്നു. സ്വാമി വിവേകാനന്ദനെപ്പോലെയുള്ള ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവ് ഇവിടുത്ത തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കണ്ട് കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചതും നമുക്കറിയാവുന്നതാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സാമീപ്യമായിരുന്നു വലിയ പ്രശ്‌നം. ഇവിടെ ജാതിക്കാര്‍ തമ്മില്‍ ദൂരപരിധി തന്നെ നിശ്ചയിക്കപ്പെട്ടിരുന്നു. അതൊക്കെക്കൊണ്ടാണ് അദ്ദേഹം കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. കാലം ഏറെ കഴിഞ്ഞു. തിരുക്കൊച്ചിയും മലബാര്‍ പ്രദേശവും ഒക്കെ ജാതിപരിവര്‍ത്തനത്തിന്റെയും സമത്വത്തിന്റെയും കാര്യത്തില്‍ വളരെയേറെ മാറുകയും ചെയ്തു. മുന്‍പ് പറഞ്ഞ ജാതിവിവേചനം നടന്നത് അതിവിദൂരമായ ഭൂതകാലത്തായിരുന്നില്ല എന്ന് നാം ഓര്‍ക്കണം. കുറച്ചുമുമ്പ് നടന്ന ഒരു സെഷനില്‍ കവി സച്ചിദാനന്ദന്‍ പറയുന്നത് കേട്ടു, കേരളം സമാധാനപരമായ ഒരു സംസ്ഥാനമാണല്ലോ എന്ന്. തീര്‍ച്ചയായും കേരളം വളരെ സാമൂഹ്യമായ ഒത്തൊരുമയുള്ള ഒരു പ്രദേശമാണ്. സാക്ഷരതയിലും സാമൂഹികസൂചികയിലും മുന്നിലാണ് ഈ സംസ്ഥാനം. പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യസാഹചര്യമല്ല ഇന്ന് ഇവിടെയുള്ളത്. ഇവിടെ നിന്നുകൊണ്ട് ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഏത് നിലയ്ക്കും പ്രസക്തമാണ്.
പൂര്‍ണ്ണരൂപം 2024 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്
Comments are closed.