DCBOOKS
Malayalam News Literature Website

പകർപ്പവകാശം ലംഘിച്ച് ഓഡിയോ ബുക്ക് നിർമ്മിച്ച യൂ ട്യൂബ് ചാനലിനെതിരെ കേസ്

കോട്ടയം; എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് പകർപ്പവകാശം ലംഘിച്ച് ഓഡിയോ ബുക്ക് നിർമ്മിച്ച യൂ ട്യൂബ് ചാനലിനെതിരെ പൊലീസ് എഫ് . ഐ. ആർ. രജിസ്ട്രർ ചെയ്തു.

ഡിസി ബുക്സ് പകർപ്പവകാശരേഖകൾ ഹാജരാക്കിയതിനെ തുടർന്നാണ് സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി, ഒ. വി. വിജയൻ തുടങ്ങിയ എഴുത്തുകാരുടെ പകർപ്പവകാശികളും കെ ആർ മീര ഉൾപ്പെടെ പതിനെട്ട് എഴുത്തുകാരും പകർപ്പവകാശ ലംഘനത്തിനെതിരെ പ്രസാധകർക്കൊപ്പം കേസിനൊരുങ്ങുകയാണ്.

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍, ഓഡിയോ ബുക്കുകൾ എന്നിവ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഏതുവിധേനയും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. വരുമാനത്തിന് വേണ്ടിയാണ് യുട്യൂബ് ചാനലിലൂടെ പകർപ്പവകാശ ലംഘനം നടത്തിയതെന്നാണ് പൊലീസിന്റെ ഭാഷ്യം.

ലോക് ഡൗൺ കാലത്ത് വായനക്കാർക്ക് കേൾക്കാൻ ഡി സി ബുക്സ് ഒരു മാസത്തെ സബ് സ്ക്രിപ്‌ഷൻ സൗജന്യമായി നൽകിയിട്ടുണ്ട്.

എഴുത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന നിരവധി എഴുത്തുകാര്‍ കേരളത്തിലുണ്ട്. പല മുതിര്‍ന്ന എഴുത്തുകാരുടെയും ഉപജീവനമാര്‍ഗം എഴുത്തു മാത്രമാണ്. അവരുടെ ജീവനത്തെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് പി.ഡി.എഫ് പതിപ്പുകള്‍ , ഓഡിയോ ബുക്കുകൾ എന്നിവ പ്രചരിച്ചുകൊണ്ടിരുന്നത്. പുസ്തക വ്യാപാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിനുപേരുടെ ഭാവിയെക്കൂടി ബാധിക്കുന്ന ഒരു വലിയ വിഷയമാണ് വ്യാജ പുസ്തക- ഓഡിയോ ബുക്ക് പ്രചാരണം. ഭാഷയുടെ നിലനില്പിനും പുസ്തകങ്ങളെയും എഴുത്തുകാരെയും സംരക്ഷിക്കാനും വായനക്കാരുടെ കൂട്ടായ ശ്രമം ആവശ്യമാണ്. ഇത്തരത്തിലുള്ള പകര്‍പ്പവകാശ ലംഘനങ്ങള്‍ തടഞ്ഞു കൊണ്ട് എഴുത്തിനെയും ഭാഷയേയും പുസ്തക പ്രസാധനത്തെയും നിലനിര്‍ത്താന്‍ എല്ലാവിധ സഹകരണങ്ങളും വായനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായേ മതിയാകു.

Comments are closed.