കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മവാര്‍ഷികദിനം
ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപ്പിള്ള. മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 1902 ജൂണ്‍ 30-നായിരുന്നു ജനനം.
ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അറിയപ്പെടുന്നു. 1932-ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ തുടങ്ങി. 1948-ല്‍ ശങ്കേഴ്‌സ് വീക്ക്‌ലി ആരംഭിച്ചു. അബു എബ്രഹാം, കുട്ടി, കേരളവര്‍മ, പ്രകാശ്, സാമുവല്‍, ഒ.വി. വിജയന്‍, സി.പി. രാമചന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ശങ്കേഴ്‌സ് വീക്ക്‌ലിയില്‍ ജോലി ചെയ്തിരുന്നു. 27 കൊല്ലം തുടര്‍ന്ന ‘ശങ്കേഴ്‌സ് വീക്ക്‌ലി’ 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തി. ഇന്ത്യയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും വരച്ചുതെളിഞ്ഞത് ‘ശങ്കേഴ്‌സ് വീക്ക്‌ലി’യിലാണ്. ഉറ്റസുഹൃത്തായിരുന്ന നെഹ്‌റുവിനെയായിരുന്നു അദ്ദേഹം കാര്‍ട്ടൂണുകളിലൂടെ ഏറ്റവുമധികം വിമര്‍ശിച്ചിരുന്നത്.
400 കാര്‍ട്ടൂണുകള്‍ ഉള്‍ക്കൊള്ളിച്ച ‘എന്നെ വെറുതെ വിടരുത് ശങ്കര്‍’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സെവന്‍സീസ്, സിങ്ങിങ് ഡോങ്കി, ട്രഷറി ഓഫ് ഇന്ത്യന്‍ ടെയ്ല്‍സ്, മദര്‍ ഈസ് മദര്‍ എന്നിവയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്. ശങ്കര്‍ സ്ഥാപിച്ച ചില്‍ഡ്രണ്‍സ് ബുക്ക് ട്രസ്റ്റും ഡോള്‍സ് മ്യൂസിയവും ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളായി കണക്കാക്കുന്നു. 1955-ല്‍ പത്മശ്രീ, 1960-ല്‍ പത്മഭൂഷണ്‍, എന്നീ ബഹുമതികള്‍ ലഭിച്ചു. 1989 ഡിസംബര്‍ 26-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Comments are closed.