കാന്‍സറും ചിത്രശലഭങ്ങളും
ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം എഴുതിയ ‘കാന്‍സറും ചിത്രശലഭങ്ങളും’ എന്ന ബുക്കിന് ടോമി ഡോമിനിക് എഴുതിയ വായനാനുഭവം
‘കാന്‍സറും ചിത്രശലഭങ്ങളും’ എന്ന ലേഖന പരമ്പര ഒരു പുതിയ വായനാനുഭവം സമ്മാനിച്ചു. വളരെ വേദന ഉളവാക്കുന്ന കാന്‍സര്‍ ചികിത്സ അനുഭവങ്ങള്‍ ഹൃദ്യമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഓരോ ലേഖനത്തിലും, ഓരോ കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍, വല്ലാതെ നെഞ്ചുലയ്ക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയി എന്ന് പറയാതെ വയ്യ!
തുടക്കത്തില്‍ തന്നെ ”പുഴയോട് ഉപമിച്ച ജീവിതം”- കാട്ടില്‍ എവിടെയോ ഉത്ഭവിച്ച്, തെളിനീരും, മലിനജലവും ഉള്‍ക്കൊണ്ടുകൊണ്ട് ഒഴുകി ഒഴുകി കടലില്‍ പതിക്കുന്ന ജീവിതം എന്ന പുഴ! നിറഞ്ഞു കവിയുകയും വറ്റിവരളുകയും ചെയ്യുന്ന പുഴ! ജീവിതം അത് തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്നു.
വിരിഞ്ഞു പൂത്തുലഞ്ഞു നിന്ന ‘താമര’ എന്ന കഥാപാത്രം ഹൃദയത്തില്‍ ഒരു നീറ്റലായി നിലനില്‍ക്കുന്നു. ചിന്തകള്‍ ഇല്ലാതായാല്‍ പാതി പ്രശ്‌നങ്ങള്‍ തീരുമെന്നതിലെ സത്യം, കൂട്ടുകാരന് പ്രാണന്‍ പകുത്തു നല്‍കി പോയ സതീശ്!
രാജലക്ഷ്മിയുടെ Miraculous Escape. അച്ഛന്റെ കരച്ചില്‍ നൊമ്പരമാകുന്നു. എങ്കിലും പ്രാര്‍ത്ഥനയും, ജ്യോതിഷവും, വിശ്വാസവും, ആത്മധൈര്യവും കൈകോര്‍ക്കുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്ന പിടികിട്ടാത്ത പ്രതിഭാസങ്ങള്‍!
”നീങ്കെ ഇരിക്കുമ്പോത് അവള്‍ക്ക് ഒന്നും ആകാതെ” എന്ന് തിരിച്ചറിവ്- ഒരച്ഛന്റെ ധൈര്യവും ആത്മവിശ്വാസവും സൃഷ്ടിക്കുന്ന വൈകാരിക സംഘട്ടനം. കറക്റ്റ് ട്രെയിന്‍ മിസ്സായ ഷീല. സമയത്ത് ചികിത്സ തുടങ്ങേണ്ടതിന്റെ പ്രാധാന്യത്തെ വിളിച്ച് അറിയിക്കുന്നു. ‘പാഷാണം അന്നാമ്മ’ പരദൂഷണ സമൂഹത്തിന്റെ പരിച്ഛേദം തന്നെ ഇത്തരം ജന്മങ്ങള്‍ ലോകാരംഭം മുതല്‍ എന്നും കാണാവുമല്ലോ!
”അനിശ്ചിതത്വം ആണ് കാന്‍സറിന്റെ സൗന്ദര്യവും ശാപവും” എത്ര ശരിയായ നിഗമനം. അതുപോലെതന്നെ തളരാത്ത പോരാട്ടങ്ങളെ തളര്‍ത്തുന്ന പോരാട്ടങ്ങള്‍ അടങ്ങിയതാണ്, ജീവിതമെന്ന വീക്ഷണവും കൃത്യമായിരിക്കുന്നു.
”വലിയ മനുഷ്യരും ചെറിയ ലോകവും” അല്ല ”ചെറിയ മനുഷ്യരും വലിയ ലോകവും” ആണ് എന്ന പരമാര്‍ത്ഥം. അങ്ങനെ ചിന്തിക്കുവാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.
രോഗം മാറിയ ചെറുപ്പക്കാര്‍ വിവാഹിതരായി കുട്ടികളുമൊത്ത് സുഖമായി കഴിയുമ്പോള്‍- പ്രായം ചെന്നവര്‍ വേദന മാറി ചിരിക്കുമ്പോള്‍. നീ എനിക്ക് സ്വന്തം മകന്‍ എന്ന് പറയുമ്പോള്‍- ഡോക്ടര്‍ക്കുണ്ടാകുന്ന നിര്‍വൃതി കൊച്ചു കൊച്ചു സന്തോഷങ്ങള്‍!
ലാല്‍സലാം- മാതൃകാ സഖാവ് തന്നെ- ഇന്ന് കാണാന്‍ കഴിയാത്ത പ്രതിഭാസം.. ക്യാന്‍സര്‍ നഷ്ടത്തിനോടൊപ്പം പ്രചോദനവും നല്‍കുന്നതാണ് എന്ന് പോസിറ്റീവ് ചിന്തയോടെ അവസാനിക്കുമ്പോള്‍ ഓരോ അനുഭവങ്ങളും രോഗികള്‍ക്കിടയില്‍ പിടയുന്ന മനസ്സുമായി എങ്കിലും- ഉത്തേജനവും ആവേശവും നല്‍കുന്നത് തന്നെ.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.