വൈദ്യശാസ്ത്രത്തിന്റെ മഹത്വം കുടികൊള്ളുന്നത് വിശ്വാസത്തിലാണ്!
ഡോ.ഇ.നാരായണന്‍കുട്ടി വാര്യരുടെ ‘കാന്‍സര്‍ കഥ പറയുമ്പോള്‍’ എന്ന പുസ്തകത്തിന് അനു ചന്ദ്ര എഴുതിയ വായനാനുഭവം
ഹോസ്പിറ്റല്‍
ലിഫ്റ്റില്‍ വെച്ചു അച്ഛന്‍ കുഴഞ്ഞു വീണു.’കാലിനാണ് കാന്‍സര്‍ വന്നതെങ്കില്‍ ആ കാലങ് മുറിച്ചു മാറ്റണ’മെന്ന് ഡോക്ടര്‍ നിര്‍ദാക്ഷിണ്യമില്ലാതെ ഒറ്റയടിക്ക് മുഖത്തു നോക്കി പറഞ്ഞത് കേട്ടിട്ടാണ്.ഇതിലും ഭേദം തനിക്ക് നേരെ ഒരു കത്തിയോങ്ങുന്നതാണെന്ന് അച്ഛനും തോന്നിയിരിക്കണം.ഇനിയിപ്പോള്‍ ആത്മവിശ്വാസത്തിന്റെ പഴയ വീര്യം അന്നേരം ഒരു നിമിഷത്തേക്കെങ്കിലും അച്ഛന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റു പറയാനും ഒക്കില്ല.ആദ്യം ഒരു കിഡ്‌നി മൊത്തത്തിലായി കാന്‍സര്‍ പടരുന്നു.കാന്‍സര്‍ പടര്‍ന്ന കിഡ്‌നി റിമൂവ് ചെയ്തതിന്റെ തൊട്ട് പിന്നാലെയായി കഴുത്തിന് പുറകിലെ എല്ലില്‍ ക്യാന്‍സര്‍ വരുന്നു.എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കാനുള്ള മുന്നൊരുക്കത്തോടെ ആ എല്ലെടുത്തു മാറ്റി അവിടെ ആര്‍ട്ടിഫിഷ്യലായ ഒരു എല്ലു വെക്കുന്നു.അതിന്റെ തുടര്‍ക്കഥയെന്ന പോലെ നെക്ക് കോളറും ജീവിതത്തിന്റെ ഭാഗമാകുന്നു.ശരീരം ശോഷിച്ചും എല്ലിച്ചും പോകുന്നു.എന്നിട്ടും,ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും,അനുഭവിപ്പിച്ചിട്ടും ഇനിയും വിടാന്‍ ഭാവമില്ലെന്ന പോലെ പടരുന്ന രോഗത്തിന്റെ നീരാളി കൈകള്‍ ഒരു കാലിനെയും പിടിത്തമിട്ടു.ശാരീരികമായും മാനസികമായും അങ്ങേയറ്റം തളര്‍ന്ന ഒരു മനുഷ്യനോടാണ് ഡോക്ടര്‍ ഒറ്റവാക്കില്‍ ഒറ്റയടിക്ക് കാലു മുറിക്കുന്ന കാര്യം പറയുന്നത്..അതും പേര് കേട്ട ഒരു ഡോക്ടര്‍
വീട്
വിശ്വാസത്തിന്റ വെളിച്ചം മങ്ങിയത് കാരണം മരണവേദന പോലെയാണ് അച്ഛന്‍ കട്ടിലിനടിയില്‍ നിന്നും അച്ഛന്റെ/വീട്ടിലെ/ഞങ്ങളുടെ രേഖകള്‍ സൂക്ഷിച്ച പെട്ടി വലിച്ചു പുറത്തേക്ക് എടുത്തത്.മുന്നോട്ടുള്ള ദിവസങ്ങളെ ഓര്‍ത്തു നേടുവീര്‍പ്പിട്ടു കൊണ്ട് എന്റെയും ചേച്ചിയുടേതും അമ്മയുടേതുമായ ഓരോരോ രേഖകളും കൃത്യമായി അടുക്കി,ഞങ്ങള്‍ക്ക് വേണ്ടി തരംതിരിച്ചു വെച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു ‘ഇതൊക്കെ സൂക്ഷിച്ചും ശ്രദ്ധിച്ചും കൊണ്ട് നടക്കണം.നാളെ ഞാന്‍ ഇല്ലെങ്കിലും…’ പറഞ്ഞു പൂര്‍ത്തീകരിക്കാന്‍ സമ്മതിക്കാതെ ഞാന്‍ ചോതിച്ചു
‘അതിനിപ്പോ അച്ഛനെങ്ങോട്ടാ പോകുന്നത്’?
ശബ്ദം പുറത്തു വരാത്ത വിങ്ങലോടെ അച്ഛന്‍ മറുപടിയും തന്നു ‘ഇല്ല.കാലും കൂടി മുറിച്ചു..ഇനിം സഹിക്കാന്‍ എനിക്ക് വയ്യ..ഞാനതിനായി ജീവിച്ചിരിക്കില്ല’
പങ്കപ്പാടോടെ വരാന്‍ പോകുന്ന ദിവസങ്ങളെ ഓര്‍ത്തു ഞങ്ങള്‍ അങ്ങേയറ്റം വേവലാതിപ്പെട്ടു
പ്രതീക്ഷ
അധികം വൈകാതെ അച്ഛന്‍ ആ ഡോക്ടറില്‍ നിന്നുള്ള ചികിത്സ ഉപേക്ഷിച്ചു.ആരോ പറഞ്ഞു കേട്ടു കോഴിക്കോട് പ്രതീക്ഷ കാന്‍സര്‍ സെന്ററില്‍ എത്തി. ഡോക്ടര്‍ ഇ.നാരായണന്‍ കുട്ടി വാര്യര്‍ ചികില്‍സ ഏറ്റെടുത്തു.എത്രയോ നല്ല കാര്യം പോലെ ഡോക്ടര്‍ പറയുകയും ചെയ്തു ‘ആരാ കാലു മുറിക്കണം എന്നൊക്കെ പറഞ്ഞത്.അതിന്റ ഒന്നും ആവശ്യമില്ലെന്ന്’.ശപിക്കപ്പെട്ട / പിന്നിട്ട നിമിഷങ്ങളില് നിന്നും അച്ഛന് വിടുതല്‍ ലഭിച്ചു.അച്ഛന്‍ ചിരിച്ചു. പിന്നീട് മരിക്കും വരേക്കും അച്ഛന് ആ കാലു നഷ്ടമായിട്ടില്ല.നഷ്ടപ്പെടുമെന്നോര്‍ത്തു ഖേദിക്കേണ്ടിയും വന്നിട്ടില്ല.
ഒരിക്കല്‍ അച്ഛന്‍ പറഞ്ഞു ‘വാര്യര്‍ ഡോക്ടര്‍ തൊടുന്നത് പൂ പോലെ മൃദുലമായിട്ടാണെന്ന്’…പിന്നീടൊരിക്കല്‍ അച്ഛന്‍ പറഞ്ഞു ‘ന്തൊരു സ്‌നേഹം നിറഞ്ഞ പെരുമാറ്റമാണ് വാര്യര്‍ ഡോക്ടര്‍ക്ക്’ എന്ന്.അത് ചുമ്മാതുള്ള പൊലിമ പറച്ചിലല്ല.ഒരു രോഗിയുടെ ഹൃദയം തൊട്ട അനുഭവമാണ്.സ്വന്തം ശരീരത്തില്‍ നിന്നും ഇനിയുമൊരു അവയവം മുറിച്ചു മാറ്റുന്നതിനെ നേരിടാന്‍ ത്രാണിയില്ലാത്ത ഒരു മനുഷ്യന്റെ അങ്കലാപ്പിനെ നിസാരമായി പിഴുതെറിഞ്ഞ,ചേര്‍ത്ത് നിര്‍ത്തിയ ഒരു ഡോക്ടറോടുള്ള ഒരു രോഗിയുടെ സ്‌നേഹം കൂടിയാണ്.
‘കാന്‍സര്‍ കഥ പറയുമ്പോള്‍’ ഒറ്റയിരുപ്പിലാണ് വായിച്ചു തീര്‍ത്തത്. അദ്ദേഹമിതില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണ്.
‘വൈദ്യശാസ്ത്രത്തിന്റെ മഹത്വം കുടികൊള്ളുന്നത് വിശ്വാസത്തിലാണ്.’
‘ഈഴയടുപ്പമുള്ള പരസ്പരബന്ധം രോഗിയില്‍ ആത്മവിശ്വാസം സൃഷ്ടിക്കും.’
‘നമ്മുടെ മുന്നിലെത്തുന്നത് ഒരു വ്യക്തിയാണ്. ആത്മാവും ജീവനുമുള്ള ഒരു മനുഷ്യന്‍. ഡോകടര്‍ അവര്‍ക്ക് മുന്‍പില്‍ വിനീതനായിരിക്കണം’.
അപരിചിതമായ ഇടത്തില്‍ നിന്നല്ല , എന്റെ വീട്ടകത്തില്‍ നിന്ന് തന്നെയാണ് ഞാന്‍ ഇത് മനസിലാക്കുന്നത്.
പുസ്തകത്തില്‍ ഉടനീളം ഏറ്റവുമധികമായി ഡോക്ടര്‍ പറയാന്‍ ശ്രമിച്ചിരിക്കുന്നത് ‘പ്രതീക്ഷ’യെന്ന പേരിലുള്ള സംഘടനയെ കുറിച്ചാണ്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി സംഘടനക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് എന്റെ അമ്മ. ആ നിലക്ക് പുസ്തകത്തില്‍ പറയുന്ന വ്യക്തികളെയും , പുസ്തകത്തില്‍ സൂചിപ്പിക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള സത്യസന്തതക്ക് അതിരിടുന്ന തരത്തിലുള്ള യാതൊരു വിധ സംശയങ്ങളും നിലനിര്‍ത്തേണ്ടതില്ല എന്നത് 100% ഉറപ്പിച്ചു പറയാന്‍ സാധിക്കും.
നോവെല്‍ കൊറോണയുടെ വര്‍ദ്ധനവ് , ജനതാ കര്‍ഫ്യൂ , ലോക്ക് ഡൗണ് – തുടങ്ങി സര്‍വ്വവും നിശ്ചലമായ ഒരു കാലത്തു അര്‍ബുദ ചികിത്സാ രോഗികള്‍ ഏതു വിധേനയായിരിക്കും അതിജീവിച്ചിരിക്കുക എന്നത് ചിന്തിക്കേണ്ട ഒന്നാണ്. അത്യാസന നിലയിലുള്ള രോഗികള്‍ ഈ സാഹചര്യത്തില്‍ ജീവന്‍ വെടിയേണ്ടി വന്നതിനെ കുറിച്ചു ഞെട്ടലോടെയാണ് വായിച്ചത്. ചികില്‍സകനെന്ന നിലയില്‍ അതിനുള്ള ബദല്‍ സംവിധാനം ഒരുക്കാന്‍ ഡോക്ടര്‍ ശ്രമിച്ചു എന്നത് സന്തോഷിപ്പിച്ചു.
ഒറ്റയടിക്ക് പറഞ്ഞും എഴുതിയും വിവരിക്കേണ്ട ഒന്നല്ല ‘കാന്‍സര്‍ കഥ പറയുമ്പോള്‍’ എന്ന പുസ്തകം. അതിന് പല ഏടുകളുണ്ട്. പല ഭാവങ്ങളുണ്ട്. അത് ഓരോരുത്തരും അവനവന്റെതായ രീതിയില്‍ വായിച്ചറിയേണ്ട ഒന്നാണ്.
ഡോക്ടര്‍ വിവരിക്കുന്ന ഓരോ രോഗികളും അവരുടെ ഓരോ കഥകളും എനിക്ക് അങ്ങേയറ്റം കണക്ട് ചെയ്യാന്‍ സാധിക്കുന്നത് ചില പരിചിതത്വങ്ങള്‍ കൊണ്ടാണ്. അര്‍ബുദ രോഗിയായ അച്ഛനെ കണ്ടുള്ള , പ്രതീക്ഷ സംഘടനയെ കുറിചുള്ള വ്യക്തിപരമായ അറിവുകള്‍ കൊണ്ടുള്ള , പല തവണയായി നാരായണന്‍ കുട്ടി വാര്യര്‍ ഡോക്ടറെ നേരില്‍ അറിഞ്ഞിട്ടുള്ള ആളെന്ന നിലയിലുള്ള ചില പരിചിതത്വങ്ങള്‍ കൊണ്ട്.
Comments are closed.