കാന്‍സര്‍ കഥ പറയുമ്പോള്‍
‘കാന്‍സര്‍ കഥ പറയുമ്പോള്‍’എന്ന പുസ്തകത്തിന് ഡോ.ഇ.നാരായണന്‍കുട്ടി വാര്യർ എഴുതിയ ആമുഖം
ആരോഗ്യശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഒരു ഓങ്കോളജിസ്റ്റിന്റെ അനുഭവങ്ങള്‍ ചികിത്സ തേടിയെത്തുന്നവരുടെ കഥകള്‍കൂടിയാണ്. വ്യക്തി എന്ന നിലയില്‍ ആ വ്യൂഹത്തില്‍
നിന്ന് അയാള്‍ക്കു മോചനമില്ല. ശൈശവ ബാല്യ കൗമാര സ്മരണകള്‍ക്കപ്പുറം സ്വന്തമായ അസ്തിത്വം ഭിഷഗ്വരനു സാധ്യമല്ല. പൂര്‍വികരുടെ ചിന്തകളില്‍ മൃതിയുമായാണ് ഡോക്ടര്‍ക്കു സംവദിക്കേണ്ടത്. വിജയം ആരുടെ പക്ഷത്താണെന്ന് പ്രവചിക്കാന്‍ കഴിയാത്ത പോരാട്ടമാണത്.
മുന്നിലെത്തുന്ന ഓരോ രോഗിയും ഒരര്‍ത്ഥത്തില്‍ ഒരു പ്രപഞ്ചമാണ്. അയാള്‍ അയാള്‍ക്കു ചുറ്റും സങ്കല്പിച്ചെടുത്ത വലയത്തിനുള്ളിലെ രാജാവും അയാളാണ്. രോഗിയുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയേ അയാളെ അല്പമെങ്കിലും വലിച്ചു പുറത്തിടാനാവൂ. ഡോക്ടറോട് ഒന്നും മറച്ചുവയ്ക്കരുത് എന്ന ആപ്തവാക്യം ഉള്ളിലുണ്ടെങ്കിലും ഹൃദയം മലര്‍ക്കെ തുറക്കാന്‍ പലര്‍ക്കും ആവില്ല. ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം രോഗിയെ അറിയുക എന്നതാണ് പ്രധാനം. പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന രോഗത്തെമാത്രമല്ല അയാളില്‍ ഡോക്ടര്‍ക്കു കണ്ടെത്താനാവുക. പരസ്യപ്പെടുത്താന്‍ മടിക്കുന്ന ജാള്യതയാണ് ഒരു ഡോക്ടര്‍ക്ക് ആദ്യം മാറ്റിയെടുക്കേണ്ടത്. മേല്പറഞ്ഞതെല്ലാം ശരിയായ അളവില്‍ കൂടിച്ചേരുമ്പോഴേ രോഗിയും വൈദ്യനും തമ്മിലുള്ള ബന്ധത്തിന് അര്‍ഥമുണ്ടാവൂ.
ചികിത്സയില്‍ പ്രധാനം രോഗം കണ്ടെത്തുക എന്നതുതന്നെയാണ്. യാദൃച്ഛികമായി പ്രകൃതിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് സമാനമായതുതന്നെയാണ് മനുഷ്യശരീരത്തിലും സംഭവിക്കുന്നത്. കാലത്തിനെന്നപോലെ രാപകലുകളിലും ഇതിനു ഭേദമുണ്ട്. പുലര്‍ച്ചെ ഉന്മേഷവാനാകുന്ന രോഗി സായാഹ്നത്തില്‍ ശാന്തനും ഇരുട്ടില്‍ ഭയപ്പെടുന്നവനുമാകുന്നു. ഈ സാഹചര്യങ്ങളിലൂടെ ഒരു ഡോക്ടറും സഞ്ചരിക്കേണ്ടിവരും. ഒരു രോഗിയുടെ ഉള്ളറിയുമ്പോഴാണ് അയാളുടെ അനുഭവങ്ങള്‍ ചികിത്സകനിലേക്കു പരകായപ്രവേശം നടത്തുന്നത്. തൊട്ടടുത്തുവരുന്ന രോഗിയില്‍ അറിയാതെയാണെങ്കിലും ഡോക്ടര്‍ക്ക് അത് പ്രയോഗിക്കേണ്ടിവരുന്നു. ആര്‍ജ്ജിതജ്ഞാനത്തോടൊപ്പം അനുഭവങ്ങള്‍ക്കൂടി ചേര്‍ത്ത് പരുവപ്പെടുത്തിയെടുക്കുന്ന ശൈലിയാണ് ഒരു ചികിത്സകന്റെ ആകെത്തുക.
അമിതമായി ആനന്ദിക്കുകയോ ദുഃഖിക്കുകയോ അരുതെന്നാണ് എന്റെ പക്ഷം. ഒരു ഡോക്ടര്‍ നിര്‍ബന്ധമായി അങ്ങനെയാവണം. ജീവിതം കൈവിട്ടുപോകുമെന്ന ഘട്ടത്തിലും പ്രതീക്ഷ നല്‍കാന്‍ ഡോക്ടര്‍ക്കു കഴിയണം. ജീവിതത്തിനും മരണത്തിനുമിടയിലെ മുള്‍പ്പാലത്തില്‍നിന്ന് കരകയറിയവരും അഗാധതയിലേക്കു നിപതിച്ചവരും സുദീര്‍ഘമായ എന്റെ ഓര്‍മ്മകളിലുണ്ട്. അവര്‍ ഓരോരുത്തരും എന്റെ ചുവടുകളെ ഉറയ്ക്കാന്‍പ്രേരിപ്പിച്ചിട്ടുണ്ട്. പരനിലാര്‍ക്കെങ്കിലും എള്ളോളം പ്രയോജനപ്പെടുമെങ്കില്‍ ഉതകട്ടെ എന്ന തോന്നലിലാണ് ഓര്‍മ്മക്കുറിപ്പുകള്‍ രചിക്കാന്‍ ഉദ്ദേശിച്ചത്. വൈദ്യവിദ്യാര്‍ത്ഥികളെയോ ആരോഗ്യപ്രവര്‍ത്തകരെയോ അല്ല ആദ്യമായി ഞാന്‍ പ്രതീക്ഷിക്കുന്നത്. എല്ലാം അവസാനിച്ചെന്ന തോന്നലില്‍ അന്ത്യം കാത്തുനില്‍ക്കുന്നവരില്‍ ഒരാളുടെയെങ്കിലും ഹൃദയത്തെ തൊട്ടുണര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ ഈ കുഞ്ഞുദൗത്യം വിജയിച്ചെന്ന് ഞാന്‍ കരുതും.
Comments are closed.