കാന്‍സര്‍ കുക്കറി മൂന്നാം പതിപ്പില്‍
കാന്‍സര്‍ ജീവിതാന്ത്യത്തിലേക്കുള്ള പടിവാടിലാണെന്ന് കരുതുന്നവരാണ് കൂടുതലും. സമൂഹം ഭയപ്പെടുന്നതുപോലെ അര്‍ബുദം മാരകമായ രോഗമല്ല. കൃത്യസമയത്ത് രോഗനിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞാല്‍ ഭൂരിഭാഗവും കാന്‍സര്‍ രോഗികളെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയും. തെറ്റായ ജീവിത ശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും കാന്‍സറുണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തുകയാണ് കാന്‍സര്‍ പ്രതിരോധിക്കാനുള്ള പ്രധാനമാര്‍ഗ്ഗം. മുപ്പതു ശതമാനം കാന്‍സര്‍ രോഗങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണവുമായാണ്.
കാന്‍സറിനെ പ്രതിരോധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കാന്‍സറിനെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ആരോഗ്യജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും രുചികരമായ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്കുമുള്ള പുസ്തകമാണ് കാന്‍സര്‍ കുക്കറി. ചികിത്സാവേളകളില്‍ ഓരോ ദിനവും ഭക്ഷണം ആസ്വാദ്യകരമാക്കാനുള്ള സ്വാദിഷ്ഠ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍, ആഹാരപദാര്‍ത്ഥങ്ങളിലെ പോഷകഗുണങ്ങളുടെ വിശദ വിവരണങ്ങള്‍, ചികിത്സയുടെ ഭാഗമായി ഉണ്ടാകാറുള്ള ഛര്‍ദ്ദി, ക്ഷീണം, വയറിളക്കം, വായിലെ വ്രണങ്ങള്‍ എന്നിവയെ ഫലപ്രദമായി നേരിടാന്‍ പ്രത്യേകം തയ്യാറാക്കിയ രുചിക്കൂട്ടുകള്‍, രോഗികള്‍ക്കും പരിചാരകര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍, കാന്‍സര്‍ ചികിത്സയുടെ വിവിധ ഘട്ടങ്ങളെ അതിജീവിച്ച വ്യക്തി തയ്യാറാക്കിയ പാചകക്കുറിപ്പുകളുടെ പ്രത്യേക വിഭാഗം, കാന്‍സര്‍ രോഗത്തെയും ചികിത്സയെയും സംബന്ധിച്ച സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളും നിര്‍ദ്ദേശങ്ങളും തുടങ്ങി ആരോഗ്യദായകവും രുചികരവുമായ ഭക്ഷണം ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന പുസ്തകമാണ് കാന്‍സര്‍ കുക്കറി. പ്രശസ്ത കാന്‍സര്‍ രോഗവിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരനാണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ഡിസി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന കാന്‍സര്‍ കുക്കറിയുടെ മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
Comments are closed.