സി വി രാമന്റെ ജന്മവാര്‍ഷിക ദിനം
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ഭാരതീയ ശാസ്ത്രജ്ഞനായ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻറെ ജന്മവാർഷികമാണ് ഇന്ന്. ഭൗതികശാസ്ത്രജ്ഞനും, നോബേൽ സമ്മാന ജേതാവും, ഭാരതരത്ന ജേതാവും, ശാസ്ത്ര-ഭൗതിക മേഖലകളിലെ ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും അധ്യാപകനായിരുന്നു. ചെറുപ്പത്തിൽ തന്നെ അക്കാദമിക് മികവ് കാട്ടിയിരുന്നു. ശാസ്ത്രത്തിനും നൂതന ഗവേഷണത്തിനും അദ്ദേഹം നൽകിയ സംഭാവന ഇന്ത്യയെയും ലോകത്തെയും സഹായിച്ചു.
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമായ രാമൻ പ്രഭാവം കണ്ടുപിടിച്ചു. ഈ കണ്ടെത്തലിന് 1930ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടി. ഭൗതികശാസ്ത്രത്തിന് നൊബേല്‍ നേടുന്ന ആദ്യ ഏഷ്യക്കാരനാണ് അദ്ദേഹം. 1970 നവംബർ 21 ന് 82-മത്തെ വയസ്സിൽ മരണമടഞ്ഞു.