DCBOOKS
Malayalam News Literature Website

സി ആര്‍ ഓമനക്കുട്ടന്‍ സാര്‍, അതിശയോക്തിയും വളച്ചുകെട്ടിയ ഭാഷയുമില്ലാതെ നേരെ കഥപറഞ്ഞ് രസിപ്പിക്കുന്നു: എസ് ഹരീഷ്

സി ആര്‍ ഓമനക്കുട്ടന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ എന്ന പുസ്തകത്തിന് എസ് ഹരീഷ് എഴുതിയ അവതാരികയില്‍ നിന്നും

‘ഞാന്‍’ എന്നാല്‍ ”ഞാന്‍ കണ്ട മനുഷ്യരും കയറിയിറങ്ങിപ്പോയ സ്ഥലങ്ങളും വായിച്ച പുസ്തകങ്ങളും കഴിച്ച ഭക്ഷണങ്ങളും മറ്റുള്ളവര്‍ എന്നെക്കുറിച്ച് വിചാരിക്കുന്നതും ”ഞാന്‍” സ്വയം കരുതുന്നതും ഒക്കെ കൂടിച്ചേര്‍ന്നതാണ്. അല്ലാതെ എല്ലാത്തില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്രനായ ഒരു ”ഞാന്‍” ലോകത്തിലില്ല. സി. ആര്‍ ഓമനക്കുട്ടന്‍ സാര്‍ ഈ പുസ്തകത്തിലെഴുതുന്നത് അദ്ദേഹത്തെക്കുറിച്ചല്ല. മേല്‍ പറഞ്ഞ എല്ലാത്തിനെക്കുറിച്ചുമാണ്. ഓമന, കുട്ടന്‍, ഓമനക്കുട്ടന്‍ തുടങ്ങിയ പേരുകളില്‍ അദ്ദേഹം കുറച്ച് പ്രാധാന്യമുള്ള ഒരു കഥാപാത്രമായി വരുന്നുണ്ടെന്ന് മാത്രം. ആ അര്‍ത്ഥത്തില്‍ ഇതൊരു ആത്മകഥയാണ്. പല കാലങ്ങളില്‍ പല കുറിപ്പുകളായി ബോധപൂര്‍വ്വമല്ലാതെ എഴുതിയ ആത്മകഥ. ഇതിലെ ധാരാളം എഴുത്തുകള്‍ നേരത്തെ തന്നെ വായിച്ചിട്ടുണ്ടെ ങ്കിലും ഇപ്പോള്‍ ഒന്നിച്ചു ചേര്‍ത്ത് കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്.

ലോകസാഹിത്യത്തില്‍ ഇന്ന് ആത്മകഥയേയും ഫിക്ഷനേയും വേര്‍തിരിച്ച് കാണാറില്ല. കാസ്ഗാര്‍ഡ് എഴുതിയ ബെസ്റ്റ് സെല്ലറായ വലിയ പുസ്തകം my struggle നോവലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ ആത്മകഥയല്ലേ എന്ന സംശയത്തില്‍ നമ്മളെ നിര്‍ത്തുന്നു. അതില്‍ ഇഷ്ടംപോലെ ഫിക്ഷ നുമാകാമെന്ന് അവകാശപ്പെടുന്നു. ആത്മാനുഭവങ്ങളെഴുതുമ്പോള്‍ ഓരോരുത്തരും സ്വയം നിര്‍മ്മിക്കാനാണ് നോക്കുന്നത്. എന്നെ ഇനി മുതല്‍ ആളുകള്‍ എങ്ങനെ കാണണമെന്ന് ഞാന്‍ സ്വയം തീരുമാനിക്കുന്നു. അല്ലെങ്കില്‍ എന്നെക്കുറിച്ചുള്ള ഭാവി ആഖ്യാനം ഞാന്‍ തന്നെ തീരുമാനിക്കുന്നു. പി കുഞ്ഞിരാമന്‍ നായര്‍, എന്‍ എന്‍ പിള്ള, വി ടി ഭട്ടതിരിപ്പാട് എന്നിവരുടെ പ്രസിദ്ധമായ ആത്മകഥകള്‍ വായിക്കുമ്പോള്‍ ആ സ്വയം നിര്‍മ്മിച്ചെടു ക്കുന്ന പ്രവൃത്തി നമുക്ക് മനസ്സിലാകും. ആ പുസ്തകങ്ങള്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്ന് ആളുകള്‍ അവരെ ഓര്‍മ്മിക്കുന്നത് വേറൊരു തരത്തിലായേനെ.

ഇവിടെയാണ് ഈ കുറിപ്പുകളിലൂടെ തെളിഞ്ഞുവരുന്ന ഓമനക്കുട്ടന്‍ സാര്‍ വ്യത്യസ്തനാകുന്നത്. ഇത് ”ഞാന്‍” എന്ന മഹാനോ കേന്ദ്രകഥാപാത്രമോ ആയ ആളെച്ചുറ്റിപ്പറ്റിയല്ല എഴുതപ്പെട്ടിരിക്കുന്നത്. അതല്ല ”ഞാന്‍” എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. സാധാരണ എല്ലാത്തരം എഴുത്തുകളിലും ആഖ്യാതാവ് വളരെ ശക്തനാണ്. അദ്ദേഹം ദൈവത്തെപ്പോലെ മുകളില്‍ നിന്ന് എല്ലാം നോക്കിക്കാണുന്നു. സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ അദ്ദേഹം താഴെ കാണുന്ന കാര്യങ്ങളെക്കുറിച്ച് എഴുതുന്നു. കഥ പറയുന്നയാള്‍ നിസ്സാരനാണ് എന്ന തരത്തിലുള്ള എഴുത്തുകള്‍ വളരെ അപൂര്‍വ്വമാണ്. മലയാളത്തില്‍ ബഷീര്‍ അങ്ങനെയൊരാളാണ്. ഒരു പരിധിവരെ സക്കറിയയും പുനത്തിലും അങ്ങനെയാണ്. സിനിമയിലാണെങ്കില്‍ ചാപ്ലിന്‍ അങ്ങനെയാണ്. വിനീതനായ ചരിത്രകാരന്‍ എന്ന് ബഷീര്‍ എപ്പോഴും സ്വയം പറയുന്നത് ഓര്‍ക്കുക. വായനക്കാരെക്കാള്‍ താഴെനിന്നാണ് അദ്ദേഹം കഥ പറയുന്നത്. ഓമനക്കുട്ടന്‍ സാറും അതുപോലെയാണ്. ഈ കുറിപ്പുകളിലൊരിടത്തും കസേര വലിച്ചിട്ട് അദ്ദേഹം പ്രധാനസ്ഥലത്ത് ഇരിക്കുന്നില്ല. ആ സ്ഥാനം വേറാര്‍ക്കെങ്കിലും നല്‍കുന്നു. ഒരു വശത്ത് Textമാറിനിന്ന് നര്‍മ്മത്തോടെ കഥ പറയുന്നു. അങ്ങനെ വേറിട്ട് നില്‍ക്കുന്നവര്‍ക്കാണ് നര്‍മ്മം വഴങ്ങുക. വെറുതെയല്ല. അദ്ദേഹം ”ചാപ്ലിനും ബഷീറും ഞാനും” എന്നെഴുതിയത്. അദ്ദേഹത്തിന്റെ സ്വീകരണ മുറിയിലെ ചാപ്ലിന്റേയും ബഷീറിന്റേയും ചിത്രങ്ങള്‍ കണ്ട് നിന്റെ ഗുരുകാരണവന്മാരാണോ എന്ന് സുഹൃത്തുക്കള്‍ കളിയാക്കിയത്. ചാപ്ലിനും ബഷീറുമായി അടുത്ത രക്തബന്ധമുണ്ടായിപ്പോയിരുന്നില്ലെങ്കില്‍ ജീവിതം എന്നേ എനിക്ക് ജീവിക്കാന്‍ കൊള്ളാത്തതായിത്തീര്‍ന്നേനേ എന്ന് അദ്ദേഹം പറയുന്നുമുണ്ട്.

നര്‍മ്മത്തോടെ കഥ പറഞ്ഞവര്‍ തന്നെയാണ് മനോഹരമായ തെളിമലയാളത്തില്‍ എഴുതിയിട്ടുള്ളതും. അലങ്കാര സമൃദ്ധമായ മസിലുപിടിക്കുന്ന ഭാഷ ലോകസാഹിത്യത്തിലും മലയാളത്തിലും ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു. ഓമനക്കുട്ടന്‍ സാര്‍ ഇക്കാര്യത്തിലും മുന്‍പേ നടന്നയാളാണ്. അതിശയോക്തിയും വളച്ചുകെട്ടിയ ഭാഷയുമില്ലാതെ നേരെ കഥപറഞ്ഞ് നമ്മളെ രസിപ്പിക്കുന്നു. വിമന്‍സ് കോളേജിന്റെ മതിലിന്റെ കൊച്ചുവാതിലില്‍ കൂട്ടുകാരിയുമായി വര്‍ത്തമാനം പറഞ്ഞുനിന്നപ്പോള്‍ മൂന്നാലു സഖാക്കള്‍ വട്ടമിട്ട കഥ പറയുമ്പോള്‍ അതുമാത്രമല്ല പറയുന്നത്. എന്താണിത് എന്ന് ചോദിക്കുമ്പോള്‍ പ്രണയം എന്നല്ല, പ്രേമം എന്ന് നേരെ പറയുന്നു. ആ സദാചാര പോലീസുകാരോട് താന്‍ അന്നുമുതലുണ്ടാക്കിയ സൗഹൃദത്തെക്കുറിച്ചും ആ വാതില്‍ കല്ലുകെട്ടി അടച്ചവരെക്കുറിച്ചും പറയുന്നു. ബഷീറിനെക്കുറിച്ചും പെണ്‍മണത്തെക്കുറിച്ചും പറഞ്ഞ് നമ്മളെ സന്തോഷിപ്പിക്കുന്നു. തന്റെ അനുഭവത്തോട് കൂട്ടിവായിക്കാവുന്നതിനെയൊക്കെ ഓര്‍മ്മിപ്പിക്കുന്നു.

സ്ഥലങ്ങളിലൂടെയും കാലത്തിലൂടെയും മനുഷ്യരിലൂടെയും സംഭവങ്ങളിലൂടെയും എഴുത്തുകാരന്‍ നടത്തിയ സഞ്ചാരമാണ് പുസ്തകം. പക്ഷേ എല്ലാം വെറുതേയങ്ങ് പറഞ്ഞുപോവുകയല്ല ചെയ്യുന്നത്. എറണാകുളത്തെ സി എസ് റോഡിനെക്കുറിച്ചെഴുതു മ്പോള്‍ പലകാര്യങ്ങളോടൊപ്പം തിരുവിതാംകൂറില്‍ നിന്ന് എറണാകുളത്ത് വന്ന് ഒളിവുജീവിതം നയിച്ച കെ സി ജോര്‍ജ്ജിനേയും സി കേശവനേയും കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. കൊച്ചിന്‍ ബേക്കറിയുടെ വരാന്തയിലുണ്ടായിരുന്നതായി കരുതപ്പെടുന്ന ബഷീര്‍ ബുക്ക് സ്റ്റാളിനെപ്പറ്റി പറയുന്നു. ആലപ്പുഴ ജെട്ടിയില്‍ ബോട്ടിറങ്ങുമ്പോള്‍ അഞ്ച് ചീത്തക്കഥകള്‍ അന്വേഷിക്കുന്നു. തിരുപ്പതിയിലെത്തുമ്പോള്‍ കൂടെ സഞ്ചരിക്കുന്ന രണ്ടുപേരുടെ പ്രണയത്തെക്കുറിച്ച് അസൂയപ്പെടുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ വലിയ ദുരന്തങ്ങളെ കൊല്ലം നഗരത്തിലേക്ക് താന്‍ നടത്തിയ യാത്രകളുമായി ബന്ധിപ്പിക്കുന്നു. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതാനുഭവ സന്ദര്‍ഭങ്ങളും. സ്വന്തം അച്ഛന്റെ മരണക്കിടക്കയ്ക്കടുത്തിരിക്കുമ്പോള്‍ തന്റെ മകന്‍ അടുത്തുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. രാത്രി അവനെത്തേടിപ്പോകുന്നു.

താന്‍ സഞ്ചരിച്ച കാലത്തെ ഓമനക്കുട്ടന്‍ സാര്‍ വരച്ചിടുന്നത് വലിയ ഗൃഹാതുരതകളില്ലാതെയാണ്. എന്നാല്‍ നേരിയ ദുഃഖം ഉണ്ടെന്ന് തോന്നും. ചില ദുഃഖങ്ങള്‍ നര്‍മ്മത്തില്‍ പറയുന്നതുകൊണ്ട് അത് നമ്മള്‍ ശ്രദ്ധിക്കില്ല. കീചകവധം എന്ന കുറിപ്പ് അത്തരത്തിലൊന്നായി തോന്നി. വേദന മൂടിവെച്ച ഒരു ബഷീര്‍ കഥയുടെ സ്വഭാവം അതിനുണ്ട്.

ഈ എഴുത്തുകാരന്‍ കണ്ടുമുട്ടിയ മനുഷ്യരെ വായന കഴിഞ്ഞ് ഒത്തിരിക്കാലത്തേക്ക് നമ്മള്‍ ഓര്‍ത്തിരിക്കും. പ്രശസ്തരുംനമ്മളറിയാത്തവരും അക്കൂട്ടത്തിലുണ്ട്. ചിലരൊക്കെ വലിയ വര്‍ണ്ണനകള്‍ അര്‍ഹിക്കുന്ന തരം ഭയങ്കരന്മാരാണ്. ശ്രീനാരായണ ഗുരു കൈയില്‍ നാണയം വെച്ച് അനുഗ്രഹിച്ച കുട്ടി വളര്‍ന്നുവന്ന് ഷാപ്പു കോണ്‍ട്രാക്ടറും വലിയ മുതലാളിയുമായതിനെപ്പറ്റി എഴുതിയത് വായിക്കുക. ഒറ്റയ്ക്ക് ജാഥ നയിക്കുന്ന കേച്ചന്‍ എന്ന കഥാപാത്രം മറ്റൊരാള്‍. ഓമനക്കുട്ടന്‍ സാറിന്റെ വഴിയില്‍ വന്നു പെട്ടുപോയ ഓരോ പ്രശസ്തനും ഈ പുസ്തകത്തില്‍ കൂടി നമുക്ക് അവരെപ്പറ്റി വേറൊരു കാഴ്ച തന്നാണ് കടന്നുപോകുന്നത്. കോട്ടയം പുഷ്പനാഥ്, കെ എസ് കൃഷ്ണന്‍, അയ്യനേത്ത്, കെ എം മാത്യു, ഡി സി കിഴക്കേമുറി, കോട്ടയം ഭാസി, കാരൂര്‍….അങ്ങനെ ധാരാളം പേര്‍. പൊന്‍കുന്നം വര്‍ക്കിയേയും മുട്ടത്തുവര്‍ക്കിയേയും ചേര്‍ത്തുവെക്കുമ്പോള്‍ നമുക്ക് ചിരിവരും. തിരുനക്കര വട്ടത്തിലെ ഒരു ജീവിതാനുഭവത്തില്‍ നാലാങ്കല്‍ കൃഷ്ണപിള്ളയും വൈലോപ്പിള്ളിയും പി കുഞ്ഞിരാമന്‍ നായരും ഒന്നിച്ചെത്തുകയും തങ്ങളുടേതായ വിചിത്രരീതികളില്‍ പെരുമാറുകയും ചെയ്യുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെടും. മറവി ബാധിച്ചുപോയ കെ എസ് കൃഷ്ണനെ ഓര്‍ത്ത് വിഷമിക്കും.

കണ്ണ് നിറയിക്കുന്ന രണ്ട് മനുഷ്യര്‍ ഈ പുസ്തകത്തിലുണ്ട്. മെഹബൂബും ഈച്ചരവാര്യരും. അവരെപ്പറ്റി പറയുമ്പോഴും എഴുത്തുകാരന്‍ പ്രസന്നവദനനാകാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ നമുക്കത് താങ്ങാന്‍ പറ്റില്ല. ഈ രണ്ട് പേരെക്കുറിച്ചും ഓമനക്കുട്ടന്‍ സാര്‍ എഴുതിയത് ഒരു ഫോക്ലോര്‍ പോലെ പലയാളുകള്‍ പൊലിപ്പിച്ച് പറഞ്ഞു നടക്കുന്നത് കേട്ടിട്ടുണ്ട്. വിശദാംശങ്ങളില്‍ വ്യത്യാസം വരാം. പക്ഷേ എല്ലാവരും പറഞ്ഞതിലും കനത്ത സങ്കടം ഉണ്ടായിരുന്നു.

ഈ പുസ്തകത്തിലെ പല അനുഭവകഥകളും മേല്‍പറഞ്ഞ ഫോക്ലോര്‍ സ്വഭാവത്തില്‍ നമുക്ക് പറഞ്ഞ് പൊലിപ്പിക്കാവുന്നവയാണ്. ഏറ്റവും നല്ല കഥകള്‍ക്ക് നാടോടി സ്വഭാവമുണ്ടല്ലോ. ഇതില്‍ വാല്യുവേഷന് പോയി ശ്രീനാരായണഗുരുവിനെക്കുറിച്ച് മലയാളം വിദ്യാര്‍ത്ഥി ഉപന്യാസമെഴുതിയത് വായിക്കേണ്ടി വന്ന അദ്ധ്യാപകന്റെ ദുരവസ്ഥയുടെ കഥയുണ്ട്. ഞാനത് പണ്ടേതോ മാസികയില്‍ വായിച്ചശേഷം നൂറ് പോരോടെങ്കിലും പറഞ്ഞ് ചിരിച്ചിട്ടുണ്ട്.

ഓമനക്കുട്ടന്‍ സാറിന്റെ എഴുത്ത് ഉഗ്രരൂപം കൈക്കൊള്ളുന്നത് ഭക്ഷണത്തെക്കുറിച്ചും കോട്ടയത്തെക്കുറിച്ചും പറയുമ്പോഴാണ്. അദ്ദേഹം ശ്രീഭൂതനാഥ വിലാസം നായര്‍ ഹോട്ടലിലിരിക്കുന്നത് വി.കെ.എന്‍ നേക്കാള്‍ ഭക്ഷണപ്രിയനായാണെന്ന് നമുക്ക് തോന്നും. അവിടെ നിന്ന് അദ്ദേഹം ഉഴവൂര്‍ മുതല്‍ കോട്ടയം വരെ നടന്ന് പഠിച്ച് ഇന്റര്‍മീഡിയറ്റ് ഫസ്റ്റ്ക്ലാസ്സില്‍ പാസ്സായ കെ ആര്‍ നാരായണന് പ്രിന്‍സിപ്പല്‍ നല്‍കിയ കേക്കിന്റെ മധുരത്തിലേക്ക് പോകുംഎന്നാല്‍ ഇനിയൊരു കഥ പറഞ്ഞുകളയാം എന്നൊരു ഭാവം ഈ കുറിപ്പുകളില്‍ പലയിടത്തുമുണ്ട്. അങ്ങനെ നേരിട്ട് നമ്മളോട് പറയുന്നുമുണ്ട്. കഥ പറയാനുള്ള ഭ്രാന്താണ് ഈ പുസ്തകം തന്നെ. കോട്ടയംകാരന്‍ നല്ല കഥപറച്ചിലുകാരനായിരിക്കും എന്ന് ഓമനക്കുട്ടന്‍ സാര്‍ വ്യംഗ്യമായി പറയുന്നതിനോട് കോട്ടയംകാരനായ ഈയുള്ളവനും യോജിപ്പാണുള്ളത്. മെഹബൂബ് പറഞ്ഞത് അല്പം മാറ്റിപ്പറഞ്ഞാല്‍ ഞാനെന്റെ സ്വന്തം കഥകളേ പറയൂ, അതിനേ ആത്മാവുണ്ടാകൂ എന്ന് തന്നെയാണ് ഓമനക്കുട്ടന്‍ സാറും പറയുന്നത്. മിഠായിത്തെരുവില്‍ നില്‍ക്കുമ്പോഴും അദ്ദേഹം കോട്ടയംകാരനായാണ് കഥ പറയുന്നത്. ഇരുട്ടുപരക്കുമ്പോള്‍ ആളുകളൊഴിയുന്ന നഗരമാണ് ഇന്നും കോട്ടയം. അവിടെ അമ്പല ത്തിന്റെ കിഴക്കേനടയില്‍ ഉണര്‍ന്നിരുന്ന് നേരം വെളുപ്പിച്ചിരുന്ന കാലത്തെക്കുറിച്ച് അദ്ദേഹമെഴുതുമ്പോള്‍ അതിശയം തോന്നുന്നു. എഴുത്തുകാരന്‍ രൂപപ്പെടുന്ന സമയം അതായിരുന്നിരിക്കണം.

വലിയ പണ്ഡിതര്‍ക്കുവേണ്ടിയുള്ളതല്ല, വായിച്ച് രസിക്കാനും ആലോചിക്കാനും സങ്കടപ്പെടാനുമുള്ളതാണ് ഈ പുസ്തകം. എഴുതുന്നത് ധാരാളമായി വായിക്കപ്പെടാന്‍ തന്നെയാണ്. തീര്‍ച്ചയായും എഴുത്തിന്റേയും സിനിമയുടേയും ജനപ്രിയ പക്ഷത്താണ് ഓമനക്കുട്ടന്‍ സാറിന്റെ മനസ്സ്. മുണ്ടശ്ശേരിയും മുട്ടത്തുവര്‍ക്കിയുമായുണ്ടായ തര്‍ക്കത്തില്‍ മുട്ടത്തുവര്‍ക്കിയുടെ പക്ഷം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുന്ന ചെറുപ്പക്കാരനെ ഈ കുറിപ്പുകളിലൊന്നില്‍ കാണാം. മുട്ടത്തുവര്‍ക്കിയുടെ തിരക്കിനെക്കുറിച്ച് ഏറ്റവും നന്നായി എഴുതിയതും ഓമനക്കുട്ടന്‍ സാറാണ്. മുറുക്കിയാല്‍ തുപ്പാന്‍ നേരമില്ല എന്നാണ് പ്രയോഗം. ഈ പുസ്തകം ധാരാളമായി വായിക്കപ്പെടട്ടെ.

ഞാന്‍ മഹാരാജാസ് കോളേജില്‍ പഠിച്ചിട്ടില്ല. എന്നാല്‍ അവിടുത്തെ ഹോസ്റ്റലില്‍ കുറേക്കാലം താമസിച്ചിട്ടുണ്ട്. അന്നത്തെ എന്റെ സുഹൃത്തുക്കളെയെല്ലാം ഓമനക്കുട്ടന്‍ സാര്‍ പഠിപ്പിച്ചിട്ടുണ്ട്. അക്കാലം ഞങ്ങളുടെ സംസാരങ്ങളില്‍ നിറയെ അദ്ദേഹവും ഈ പുസ്തകത്തിലെ എഴുത്തുകളും ഉണ്ടായിരുന്നു. ഇതില്‍ എന്റെ കുറിപ്പ് കൂടി ചേര്‍ക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്. നന്ദി.

സി ആര്‍ ഓമനക്കുട്ടന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ 

എസ് ഹരീഷിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

 

 

 

 

 

 

Comments are closed.