സി. അന്തപ്പായി ജന്മവാർഷികദിനം
മലയാളത്തിലെ ആദ്യകാലസാഹിത്യനിരൂപകരിൽ പ്രമുഖനും ആഖ്യായികാകാരനുമാണ് സി. അന്തപ്പായി. 1862 ജനുവരി 2-ന് തൃശൂർ പുത്തൻപേട്ടയിലാണ് സി. അന്തപ്പായി എന്ന ചിറയത്തു വീട്ടിൽ തൊമ്മൻ അന്തപ്പായിയുടെ ജനനം. തൃശൂർ മലയാളം പ്രൈമറി സ്കൂളിലും സർക്കാർ വക സ്കൂളിലും പ്രാഥമികവിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് എഫ്. എ. പാസായി. ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം കൊച്ചി വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. ഫോറസ്റ്റ് കൺസർവേറ്റർ ആഫീസ് ഗുമസ്തനായും രജിസ്ട്രേഷൻ സൂപ്രണ്ടായും സർക്കാർ അച്ചുക്കൂടം സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു.
ഉദ്യോഗകാലത്തുതന്നെ വിമർശകനെന്ന നിലയിലും സാഹിത്യകാരൻ എന്ന നിലയിലും അന്തപ്പായി ശ്രദ്ധ നേടിയിരുന്നു. സരളവും ഫലിതമയവുമായ ശൈലിയിൽ ഗദ്യമെഴുതാൻ സമർത്ഥനായിരുന്നു അദ്ദേഹം. 1890-ൽ ഭാഷാപോഷിണിസഭ തൃശൂരിൽ വെച്ചു നടത്തിയ ഗദ്യരചനാമത്സരത്തിൽ ഒന്നാമനായിരുന്നു. രസികരഞ്ജിനി, മംഗളോദയം, ഭാഷാപോഷിണി നസ്രാണി ദീപിക തുടങ്ങിയ ആനുകാലികങ്ങളിൽ അന്തപ്പായിയുടെ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
നാലുപേരിലൊരുത്തന്‍ അഥവാ നാടകാദ്യം കവിത്വം , സുമാര്‍ഗപ്രകാശിക, ധര്‍മോപദേശിക, ഭാഷാനാടകപരിശോധന, (ദേവീവിലാസം, മാലതീമാധവം, സുഭദ്രാര്‍ജ്ജുനം) എന്നീ നാടകങ്ങളെ അധികരിച്ചുള്ള നിരൂപണങ്ങള്‍ എന്നിവയാണ് പ്രധാനകൃതികള്‍. ഒട്ടേറെ ഉപന്യാസങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആറുവര്‍ഷത്തോളം രോഗശയ്യയിലായിരുന്ന അദ്ദേഹം 1936 മെയ് 31-ന് നിര്യാതനായി