DCBOOKS
Malayalam News Literature Website

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് എട്ടു രൂപ

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി. നിരക്കു വര്‍ധനയ്ക്ക് ഇടതു മുന്നണിയുടെ അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മിനിമം ചാര്‍ജ് എട്ടു രൂപയായിട്ടാണ് ഉയര്‍ത്തുന്നത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വര്‍ധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.

സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇടതുമുന്നണി അടിയന്തര യോഗം ചേര്‍ന്ന് നിരക്കുവര്‍ധനയ്ക്ക് അനുമതി നല്‍കിയത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം കിലോമീറ്ററിനു നിലവിലെ 64 പൈസ 70 പൈസയായി വര്‍ധിക്കും. ഓര്‍ഡിനറി, സിറ്റി, ഫാസ്റ്റ് ബസ് ചാര്‍ജ് ഏഴില്‍നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് പത്തില്‍നിന്ന് പതിനൊന്നും എക്‌സിക്യുട്ടീവ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്ക് 13ല്‍നിന്ന് 15 രൂപയായും ഉയരും. സൂപ്പര്‍ ഡീലക്‌സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോള്‍വോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക.മിനിമം ബസ് ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടാക്കി ഉയര്‍ത്തണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയുടെ ശുപാര്‍ശ ചെയ്തിരുന്നു. മറ്റു നിരക്കുകളില്‍ 10% വരെ വര്‍ധന വരുത്തണം. എന്നാല്‍, മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം.

Comments are closed.