DCBOOKS
Malayalam News Literature Website

വിഷം തീണ്ടിയ നഗരത്തിലെ ചുവരെഴുത്തുകൾ…!

വിഷബാധിതരായി ജനിക്കുന്ന കുഞ്ഞുങ്ങൾ, ജോലി ചെയ്യാൻ അനുവദിക്കാത്ത ആരോഗ്യം, നാല് പതിറ്റാണ്ടിന് ഇപ്പുറത്തും ദുരന്തം പേറുന്ന ജനത…ഭോപ്പാല്‍ ദുരന്തം നടന്നിട്ട്  40 വര്‍ഷം. ദുരന്തത്തിന്റെ ഇന്നും അവസാനിക്കാത്ത വേദനിപ്പിക്കുന്ന ചിത്രങ്ങളാണ് വി മുസഫർ അഹമ്മദിന്റെ ‘ബങ്കറിനരികിലെ ബുദ്ധൻ‘ എന്ന പുസ്തകത്തിലെ ‘വിഷം തീണ്ടിയ നഗരത്തിലെ ചുവരെഴുത്തുകൾ എന്ന അദ്ധ്യായം. പുസ്തകത്തിൽ നിന്നും ഒരു ഭാഗം വായിക്കാം.

“പ്രാതലിന് ഒരുകോപ്പ വിഷമാണ് കുടിക്കുന്നതെന്ന് തോന്നും, എന്നും വിഷം തീണ്ടിയ കുഞ്ഞുങ്ങളുമായോ അമ്മമാരുമായോ ആശുപത്രികളിലേക്കു പോകുമ്പോൾ. ഞങ്ങളുടെ മൂന്നാം തലമുറയിലേക്കും വിഷപ്പുക പടർന്നിരിക്കുന്നു. തോൽക്കാനും വിധിയെന്നു ശപിച്ചു വീടുകളിലിരിക്കാനും ഞങ്ങൾ ഒരുക്കമല്ല.  പൊരുതുക മാത്രമാണ് ഏക വഴി”.  പഴയ ഭോപ്പാലിലെ ഇടുങ്ങിയ തെരുവിലെ രണ്ടുമുറി വീട്ടിലിരുന്ന് കത്തുന്ന കണ്ണുകളുമായി ഹമീദബി പറഞ്ഞു. ഒരു കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിൽ കാണിച്ചു വരുംവഴി കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന വിഷവാതകഇരകളുടെ ധർണ്ണയിലും പങ്കെടു ത്താണ് എഴുപതുകളോടടുക്കുന്ന അവർ വീട്ടിലെത്തിയത്.

ഞങ്ങൾ ഭോപ്പാലിലെ പല വഴികളിലൂടെയും സഞ്ചരിച്ച് അന്ന് രാവിലെ റൂത്ത് വാട്ടർമാനും സഞ്ജയ മിത്രയും രൂപപ്പെടുത്തിയ ‘വിഷവാതകനഗരത്തിലെ അമ്മ’ എന്ന ശില്‌പത്തിനരികിൽ എത്തിയിരുന്നു. കുഞ്ഞിന് മുലകൊടുത്തുകൊണ്ട്, മുഖത്തടിക്കുന്ന വിഷവാതകം തന്നെ അന്ധയാക്കുമെന്നറിഞ്ഞ് കണ്ണുകൾ ഒരു കൈകൊണ്ട് പൊത്തിപ്പിടിച്ചുകൊണ്ട് ഓടുന്ന അമ്മയാണ് ശില്‌പത്തിലുള്ളത്. ആ അമ്മയുടെ പിറകിൽ ഒരു കുഞ്ഞ് തൂങ്ങിക്കിടക്കുന്നുമുണ്ട് (രാം കിങ്കർ ബെയ്‌ജിന്റെ പ്രശസ്‌തമായ സന്താൾകുടുംബം എന്ന ശില്‌പത്തിലും അമ്മയുടെ പിറകിൽ തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കാണാം). ആ ശില്പ‌ത്തിന്റെ പിറകുവശത്ത് ഇംഗ്ലിഷിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് No Hiroshima, No Bhopal, we want to live. Memorial dedicated to the victims of the gas disaster caused by the multinational killer Union Carbide on 2 and 3 December 1984, Nagarik Rahat Aur Punarvas Committee. Sculpture Ruth water man/Sanjay Mitra. ശില്‌പത്തിനു മുന്നിൽ ഇതേകാര്യങ്ങൾ ഉർദുവിലും എഴുതിവെച്ചിട്ടുണ്ട്. അങ്ങനെയുള്ള പതിനായിരക്കണക്കിന്അ മ്മമാരുടെയും ഉമ്മമാരുടെയും (അച്ഛന്മാരുടെയും) നഗരമാണ് ഭോപ്പാൽ. 1984 ഡിസംബർ രണ്ടിനും മൂന്നിനും യൂണിയൻ കാർബൈഡ് ഫാക്ടറിയിൽനിന്ന് വമിച്ച വിഷവാതകം അവരുടെ ജീവിതം ഇവ്വിധമാക്കി. ആ ശില്പം ഹമീദബി അടക്കമുള്ളവരുടെ ജീവിത ഉള്ളടക്കത്തെ കൊത്തിവെച്ചിരിക്കുന്നു. 34 വർഷത്തിനുശേഷവും അത് മാറ്റമില്ലാതെ തുടരുന്നു.

‘റോഡ് വികസനത്തിൻ്റെ ഭാഗമായി ആ ശില്പ്‌പം പൊളിച്ചുനീക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. ഞങ്ങൾ അതിനെ പ്രതിരോധിക്കുന്നുമുണ്ട്,’ ഹമീദബി പറഞ്ഞു. ‘നഷ്ടപരിഹാരത്തിനുവേണ്ടി നടത്തിവന്ന സമരങ്ങൾ, ചികിത്സാസൗകര്യങ്ങൾക്കായി നടത്തിയ പൊരുതലുകൾ, വിഷവാതകദുരന്തത്തിനുശേഷമുള്ള ഞങ്ങളുടെ ജീവിതങ്ങൾ… എല്ലാം മായ്ച്ചുകളയാൻ ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഭോപ്പാൽ ജനതയുടെ പോരാട്ടവീര്യമാണ് എല്ലാത്തിനെയും പ്രതിരോധിക്കുന്നത്. ഞാൻ വെറുമൊരു വീട്ടമ്മയായിരുന്നു. ദുരന്തം എന്നെ തെരുവിലിറക്കി, നിരന്തരം സമരം ചെയ്യേണ്ടുന്ന അവസ്ഥയിലെത്തിച്ചു. നിങ്ങൾ ഇനി ഭോപ്പാലിൽ വരുമ്പോൾ ആ ശില്‌പമോ ഞാനോ ഉണ്ടാകണമെന്നില്ല. പക്ഷേ, ഞങ്ങളുടെ സമരം അവസാനിക്കില്ല. വിഷവാതകം ഏറ്റവും കൂടുതലായി ആഞ്ഞടിച്ച പഴയ ഭോപ്പാലിലെ വീടുകളിൽ നിങ്ങൾ കയറിനോക്കൂ, ഓരോ വീട്ടിലും ആ ദുരന്തത്തിൻ്റെ ജീവിക്കുന്ന സ്മാരകങ്ങളുണ്ട്. പുതിയ ഒരു കുഞ്ഞ് പിറന്നുവീഴുമ്പോൾ ഞങ്ങൾക്ക് ആധിയാണ്. അച്ഛനോ അമ്മയോ ദുരന്തത്തിൻ്റെ ഇരയാണെങ്കിൽ അതിന്റെ ഒരംശം കുഞ്ഞുങ്ങൾക്കും ലഭിക്കുന്നു, ലോകം ഭോപ്പാൽ വാതകദുരന്തം മറന്നിരിക്കുന്നു. പക്ഷേ, ഞങ്ങളുടെ നിത്യജീവിതത്തിൽ, ഓരോ പുതുപ്പിറവിയുടെ സമയത്തും വിഷനാളങ്ങൾ കാർന്നുതിന്നുന്നത് തുടരുന്നു.

ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ, അവയവങ്ങൾ ഉറയ്ക്കാത്ത കുട്ടികൾ അങ്ങനെ പുതുതലമുറയെയും കാർബൈഡ് വിഷം തിന്നുതീർക്കുകയാണ്.’ ഹമീദബി പറഞ്ഞു.

ഞങ്ങൾ യൂണിയൻ കാർബൈഡ് ഫാക്ടറി കാണാൻ ശ്രമിച്ചിരുന്നു. മുഖ്യ കവാടത്തിലൂടെ ചെന്നപ്പോൾ പോലീസ് ബാരിക്കേഡ്. കളക്ടറുടെ അനുവാദമില്ലാതെ ബാരിക്കേഡിനപ്പുറത്തേക്ക് കടക്കാൻ പാടില്ല എന്നുപറഞ്ഞ് പോലീസ് മടക്കി. ജില്ലാകലക്ടറുടെ ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും സന്ദർശകർക്ക് കയറിയിറങ്ങാനുള്ള സ്ഥലമല്ല ഫാക്ടറി എന്നു പറഞ്ഞ് ഞങ്ങളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ബാരിക്കേഡിലെ പോലീസുകാർ അവരുടെ നിസ്സഹായത വെളിപ്പെടുത്തി. നിങ്ങൾ ദൂരെ കേരളത്തിൽനിന്നും വരുന്നവരാണെന്നറിയാം. പക്ഷേ ഞങ്ങൾ നിസ്സഹായർ. നിങ്ങൾക്കുവേണ്ടി ഒന്നും ചെയ്‌തുതരാൻ കഴിയില്ല. അവർ കൈമലർത്തി. ദുരന്തസമയത്തെ കമ്പനി മേധാവി വാറൻ ആൻഡേഴ്‌സനെ ഇന്ത്യവിടാൻ സഹായിച്ച അതേ ജാഗ്രത ഡൗ ഇന്റർനാഷണലിൻ്റെ യൂണിയൻ കാർബൈഡ് ഫാക്ടറിയുടെ അസ്ഥി പഞ്ജരങ്ങളും അതിൻ്റെ ദുരൂഹതകളും കാത്തുസൂക്ഷിക്കുന്നതിൽ ഇന്നും ഭരണകൂടം തുടരുകയാണ്.

അതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഹമീദബി അവരുടെ ആൽബം തുറന്നു. കമ്പനിക്കുള്ളിൽ തകർന്ന പ്ലാൻറിലേക്ക് വിരൽചൂണ്ടി നിൽക്കുന്ന അവരുടെ ചിത്രം കാണിച്ചുതന്നു. അതൊരു ഡോക്യുമെന്റ് സിനിമയുടെ ചിത്രീകരണവേളയായിരുന്നു. ഞങ്ങൾ പോലീസിനോടൊ ജില്ലാ കലക്ടറോടോ ഒന്നും അനുവാദം വാങ്ങിച്ചില്ല. അകത്തുകയറി, ചിത്രീകരണം പൂർത്തിയാക്കി. ആ ഇളവ് നിങ്ങളായതുകൊണ്ടായിരിക്കുമെന്നു പറഞ്ഞപ്പോൾ അവർ തലയാട്ടി സമ്മതിച്ചു.

യൂണിയൻ കാർബൈഡ് ഫാക്ടറിയുടെ വളരെ നീളമുള്ള മതിലിൽ മുഴുവനും ചുവരെഴുത്തുകളാണ്. Dow chemical no Justice in Bhopal, no business in India, Remediate the contaminated Enviornment, Make in India, but remember Bhopal… ഹിന്ദിയിലും ഉർദുവിലും ചുവരെഴുത്തുകളുണ്ട്. ഭോപ്പാലിലെ മനുഷ്യരുടെ ശാപം ഫാക്ടറിമതിലിൽ ചുവരെഴുത്തുകളും മുദ്രാവാക്യങ്ങളുമായി പടർന്നുകിടക്കുന്നു. ഞങ്ങളുടെ ശാപവും രോഷവും ഈ നഗരം കത്തിച്ചാമ്പലാക്കാൻപോന്നതാണ്, പക്ഷേ, ഭോപ്പാൽ നിലനിൽക്കണം, നീതി ലഭിക്കാതെപോയ മനുഷ്യജന്മങ്ങൾക്കുള്ള സ്‌മാരകമായി, വിഷമുക്തമായി ജീവിക്കാൻ ഭാഗ്യമുള്ള ഒരു തലമുറയ്ക്കായി ഹമീദബി ദീർഘനിശ്വാസത്തിനൊപ്പം ഇങ്ങനെ വാക്കുകൾ പങ്കിട്ടു. ഭോപ്പാലിലെ മണ്ണും വെള്ളവും വായുവും ഇന്നും വിഷമയമാണ്. ഇക്കാലമത്രയായിട്ടും വിഷപ്പുക പൂർണ്ണമായും പിൻ വാങ്ങിയിട്ടില്ല. പൂർണ്ണമായും വിഷമുക്തമായ ഭോപ്പാൽ, അവിടെ ജീവിക്കാൻ ഭാഗ്യം കിട്ടുന്നവർ.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ 

Leave A Reply