ഗോവധം ആരോപിച്ച് യു.പിയില്‍ കലാപം: പൊലീസ് ഉദ്യോഗസ്ഥരടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു
ലക്‌നൗ: ഗോവധത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷെഹറില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച 25 പശുക്കളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു സംഘര്‍ഷം. പ്രദേശത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നടന്ന കല്ലേറിലാണ് സ്‌റ്റേഷന്‍ പൊലീസ് ഇന്‍ചാര്‍ജായ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ മരിക്കുന്നത്. മരിച്ച രണ്ടാമത്തെയാള്‍ പ്രദേശവാസിയാണ്. ഒരു പൊലീസ് കോണ്‍സ്റ്റബിളിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തലക്കേറ്റ ഗുരുതര പരുക്കാണ് സുബോധ് കുമാറിന്റെ മരണകാരണം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗ്രാമത്തിനു പുറത്തുള്ള വനപ്രദേശത്താണ് 25 പശുക്കളുടെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പശുക്കളുടെ ജഡവുമായി ദേശീയപാത ഉപരോധിക്കാനെത്തിയ പ്രതിഷേധക്കാര്‍ പൊലീസുകാര്‍ക്കുനേരെ കല്ലെറിയുകയും വാഹനങ്ങള്‍ തീവെച്ചു നശിപ്പിയ്ക്കുകയുമായിരുന്നു. മൂന്നു മണിക്കൂറോളം ആക്രമസംഭവങ്ങള്‍ നീണ്ടുനിന്നു. നാനൂറോളം പേരാണ് പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്തത്.
അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. ഗോവധം, ആള്‍ക്കൂട്ട ആക്രമണം എന്നിവ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണവിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്.
ഇതിനിടെ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് നേരത്തെ ദാദ്രിയില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണക്കേസ് അന്വേഷിക്കുകയും കേസിന് തുമ്പുണ്ടാക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനാണ്. അതുകൊണ്ടു തന്നെ ഈ ആക്രമണം കരുതിക്കൂട്ടിയുള്ളതാണോ എന്നും സംശയമുയരുന്നുണ്ട്.
Comments are closed.