ബുധിനി; വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ട നിരാലംബരുടെ കഥ
‘മുന്നേറ്റം മാത്രമാണ് നമ്മുടെ ലക്ഷ്യം. പഴയ ലോകം ഇനിയില്ല. പുതിയ മനുഷ്യര്‍. ദാമോദര്‍ നദി ഇനി ബംഗാളിന്റെ കണ്ണുനീരല്ല., പുഞ്ചിരിയാണ്. ഇരുള്‍ മൂടിക്കെട്ടിയ ഗ്രാമത്തിലേക്ക് ഇനി വെളിച്ചമെത്തും; കൃഷി ഭൂമിയുടെ ദാഹം ശമിക്കും, വൈദ്യുതികൊണ്ട് നാം വ്യവസായങ്ങള്‍ നടത്തും. വെള്ളപ്പൊക്കമില്ലാത്ത കാലമാണിനി. അതാണ് ആധുനിക ഇന്ത്യ…’
1959 ഡിസംബര്‍ ആറിന് ദാമോദര്‍ നദിയിലെ പാഞ്ചേത്ത് ഡാം രാഷ്ട്രത്തിന് സമര്‍പ്പിക്കുമ്പോള്‍ പണ്ഡിറ്റ് നെഹ്‌റു പ്രഖ്യാപിച്ചു. ബംഗാളിലെ സാന്താള്‍ ഗോത്രവംശത്തിലെ ബുധിനി എന്ന പെണ്‍കുട്ടിയെക്കൊണ്ടാണ് നെഹ്‌റു ഡാം ഉല്‍ഘാടനം ചെയ്യിപ്പിച്ചിരുന്നത്. ബുധിനി പണ്ഡിറ്റിനെ ഹാരമണിയിക്കുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ചെയ്തു. അതോടെ ബുധിനിയുടെ ജീവിതത്തില്‍ യാദൃശ്ചികതയുടെ കൊടുങ്കാറ്റുകള്‍ തുടങ്ങുകയായി. ചരിത്രത്തിലെ ബുധിനിയെക്കുറിച്ചുള്ള കേട്ടറിവില്‍ നിന്നാണ് സാറാ ജോസഫിന്റെ ‘ബുധിനി’ എന്ന നോവല്‍ വികസിക്കുന്നത്.
ആരുടേയൊക്കെയോ വികസനത്തിനായി സ്വന്തം മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് പുതിയ നോവല്‍ ‘ബുധിനി’യിലൂടെ സാറാ ജോസഫ്. രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ ജനിച്ച മണ്ണില്‍ നിന്നും പിഴുതെറിയപ്പെടുന്ന താഴേത്തട്ടിലുള്ള സമൂഹത്തിന്റെ പ്രതീകമാണ് ബുധിനി. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഇത്തരത്തില്‍ പുറമ്പോക്കിലേക്ക് തള്ളപ്പെട്ട അനേകം മനുഷ്യരുടേയും. പടിഞ്ഞാറന്‍ ബംഗാളിലെസാന്താള്‍ ഗോത്രാചാരപ്രകാരം പുരുഷനുള്ള ഹാരം സ്ത്രീയുടെ മംഗല്യഹാരമാണ്. ബുധിനി നെഹ്‌റുവിന്റെ ഭാര്യയായെന്ന് വിധിച്ച ഗോത്രം, അന്യസമുദായക്കാരനെ വരിച്ചതിന് അവളെ ഗ്രാമത്തില്‍ നിന്നും പുറത്താക്കുന്നു. തുടര്‍ന്ന്, ബുധിനിയുടെ പൊള്ളുന്ന ജീവിതാനുഭവത്തിലൂടെ കുടിയിറക്കപ്പെട്ടവരുടെ കഥ പറയുന്നു സാറാ ജോസഫ്.
ഡാം വരുന്നതോടെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിലാവുന്നു. നോക്കിനില്‍ക്കേ അവരുടെ പാടങ്ങളില്‍ വെള്ളം നിറയുന്നു. ആയിരക്കണക്കിന് കര്‍ഷകര്‍ അഭയാര്‍ത്ഥികളാവുന്നു. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് അവര്‍ നീങ്ങിക്കൊണ്ടേയിരിക്കുന്നു. ഗ്രാമം നിശ്ശബ്ദതയുടെ തടാകമാവുന്നു. കര്‍ബോന ഗ്രാമം അവരുടെ സ്വപ്നഭൂമിയാണ്. ഗ്രാമത്തിലുള്ളവര്‍ക്ക് നദിക്കരയില്‍ വയലുകളുണ്ടായിരുന്നു. നദിയില്‍ മീനുണ്ടായിരുന്നു. കാട്ടില്‍ നിന്ന് ഇലകളും പഴങ്ങളും കിഴങ്ങുകളും ലഭിച്ചിരുന്നു. ഇപ്പോള്‍ ഒന്നുമില്ല. അണക്കെട്ടു പൊങ്ങുന്നതിനനുസരിച്ച് അവരുടെ ഗ്രാമം വെള്ളത്തിലാണ്ടു കൊണ്ടേയിരുന്നു.
സാന്താള്‍ ഗോത്രത്തിലെ തന്നെ ജഗതിഷ് മുര്‍മുവിന്റെ പേരമകള്‍, പത്ര പ്രവര്‍ത്തകയായ രൂപി മുര്‍മുവും ഫ്രീ ലാന്റ് ഫോട്ടോഗ്രാഫര്‍ സുചിത്രയും കൂടി നടത്തുന്ന ബുധിനിയെക്കുറിച്ചുള്ള അന്വേഷണത്തിലൂടെയാണ് അണക്കെട്ടിന്റെയും സാന്താള്‍ ഗോത്രത്തിന്റെയും ചരിതം വായനക്കാരനറിയുന്നത്. മഹാക്ഷേത്രങ്ങളുടെ മറുപുറം എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനിടയിലാണ് ബുധിനി ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന സന്ദേശം അവള്‍ക്ക് ലഭിച്ചത്. അണക്കെട്ട് രാഷ്ട്രത്തിന് സമര്‍പ്പിക്കവെ, പതിനഞ്ച് വയസ്സുള്ള സാന്താള്‍ പെണ്‍കുട്ടി നെഹ്‌റു എന്ന് പേരുള്ള ഒരു ബ്രാഹ്മണനെ (ദികുവിനെ) വിവാഹം കഴിച്ചതിലൂടെ അവള്‍ ഗോത്രാചാരം ലംഘിച്ചതായി കണക്കാക്കപ്പെടുന്നു. അവളെ ഗ്രാമത്തില്‍ നിന്നും പുറത്താക്കാന്‍ ബിത്ത്‌ലാഹ (ഗ്രാമസഭ ) ഒറ്റക്കെട്ടായി തീരുമാനിക്കുന്നു. അവള്‍ക്ക് കുടിക്കാന്‍ വെള്ളമോ, കഴിക്കാന്‍ ഭക്ഷണമോ കൊടുക്കാന്‍ പാടില്ലെന്നവര്‍ വിധിക്കുന്നു. ഗ്രാമീണര്‍ ബുധിനിയെ കല്ലെറിഞ്ഞ് ഗ്രാമാതിര്‍ത്ഥി കടത്തുന്നു. ഒരു ഗ്രാമം ഒന്നടങ്ക ആക്രോഷത്തോടെ പിന്തുടരുന്നു. നിസ്സഹായതയും, അനിശ്ചിതത്വവും മാത്രം മുന്നില്‍ ഉണ്ടാവുമ്പോഴും കീഴങ്ങാനോ, മരണം വരിക്കാനോ അവള്‍ മനസ്സുവെക്കുന്നില്ല. ‘ജീവിക്കുക എന്നതാണ് ഒരു സാന്താളിന്റെ ആദ്യത്തെ കടമ. മരണം കടമയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. അറിഞ്ഞു കൊണ്ട് ഒരു സാന്താള്‍ ജീവിതത്തെ വഞ്ചിക്കുകയില്ല.’ ജീവിതത്തോട് തോറ്റു കൊടുക്കാന്‍ ബുധിനി ഒരുക്കമല്ല. താന്‍ മുമ്പ് ജോലി ചെയ്തിരുന്ന ദാമോദര്‍ വാലി കോര്‍പ്പറേഷനിലെ (ഡി.വി.ഡി ) ജോലിയെങ്കിലും തനിക്ക് തിരിച്ചു കിട്ടുമെന്നവള്‍ പ്രതീക്ഷിക്കുന്നു. അവര്‍ കാരണമാണല്ലോ അവള്‍ക്കീഗതി വന്നു പെട്ടിരുന്നത്. ഡിവിഡിയാണ് നെഹ്‌റുവിനെ ഹാരമണിയിക്കാന്‍ ബുധിനിയെ ചുമതലപ്പെടുത്തിയിരുന്നത്. എന്നിട്ടും ജനക്കൂട്ടത്തെ ഭയന്നവര്‍ അവള്‍ക്കഭയം നിഷേധിച്ചു കളഞ്ഞു. പതിനഞ്ച് വയസ്സ് മാത്രമുള്ള ബുധിനി എന്ന സാന്താള്‍ പെണ്‍കുട്ടി ആള്‍ക്കൂട്ടത്തിന്റെ പൈശാചിക ആക്രമണത്തിന്റെ ഇരയായിത്തീര്‍ന്നപ്പോള്‍ നെട്ടോട്ടത്തിനിടയിലവളെത്തിപ്പെട്ട് തളര്‍ന്ന് വീണത് കല്‍ക്കരിപ്പാടത്തിനിടുത്തുള്ള ഒരു കെട്ടടത്തിനരികിലായിരുന്നു.
‘………. ബുധിനി ഉറങ്ങുകയായിരുന്നു. ആപത്തുകളോട് അവളുടെ പ്രജ്ഞയും വേദനയോട് അവളുടെ ശരീരവും പ്രതികരിക്കാതായി തുടങ്ങി. അവളുടെ കണ്ണുനീര്‍ അതിന്റെ ഉറവിടത്തില്‍ വെച്ചു തന്നെ വറ്റിപ്പോയി…..കടുത്ത വെയില്‍ മുഖത്തടിച്ചാണവള്‍ ഉണരുന്നത്. നാലഞ്ചു പേര്‍ അവള്‍ക്കു ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു.’ഓയ് എണീക്ക്. നീ എങ്ങനെ ഇതിനകത്ത് കടന്നു?’
‘അവര്‍ ചോദിച്ചു ‘നീ എവിടുന്നു വന്നു?’അവള്‍ മരാംഗ് ബുറുവിന്റെ മല ചൂണ്ടിക്കാട്ടി. തൊട്ടടുത്ത നിമിഷത്തില്‍ രക്ഷയുടെ സംഗീതം പോലെ മധുരമായൊരു നാദം കേട്ടു . സൈക്കിള്‍ ബെല്ലടിച്ചു കൊണ്ടയാള്‍ കടന്നു വന്നു.
‘നോക്ക് ദത്താ ജി.. ഈ പെണ്‍കുട്ടി , അവള്‍ മലയിറങ്ങി വന്നതാണെന്ന് പറയുന്നു.’സൈക്കിള്‍ ഒരു മരത്തില്‍ ചാരി വെച്ച് അയാള്‍ അടുത്തു വന്നു. വരൂ… അയാള്‍ കൈ നീട്ടി.
പിന്നീട് മരിക്കുവോളം അയാള്‍ ആ കൈ വേര്‍പെടുത്തിയില്ല. ഒടുവില്‍ ബുധിനി ദത്താ എന്ന പുരോഗമന ബ്രാഹ്മണയുവാവിന്റെ ജീവിതപങ്കാളിയായെങ്കിലും ദുരിതജീവിതത്തിന് അതൊരു മോചനമായിരുന്നില്ല.ഡാം ഉയരുന്നതിനനുസരിച്ച് പല ഗ്രാമങ്ങളും മുങ്ങിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത സാന്താളുകളില്‍ പരിഭ്രമം പരത്തി. പിടിച്ചു നില്‍ക്കാന്‍ മറ്റൊരു പിടിവള്ളിയില്ലാതായപ്പോഴാണവര്‍ ഗ്രാമം വിടാന്‍ തീരുമാനിച്ചത്. മാംസത്തില്‍ നിന്ന് അസ്ഥി പറിച്ചെടുക്കുന്നത് പോലെ വേദനാജനകമായിരുന്നു മണ്ണില്‍ നിന്നുമുള്ള സാന്താളുകളുടെ വേരറുക്കുന്നത്. ജീവിതത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലില്‍ പലരുമെത്തിയത് ത്ഥാരിയയിലായിരുന്നു. കിഴക്കന്‍ ബംഗാളിലെ വിശാലമായ കല്‍ക്കരിപ്പാടമാണത്. അവിടെ എപ്പോഴും ഭൂമി കത്തിക്കൊണ്ടിരുന്നു. നടക്കുമ്പോള്‍ കാലിനടിയില്‍ എപ്പോഴുമൊരു തീമലയുണ്ടാവും. അല്ലെങ്കില്‍ അഗ്‌നിനദി. പക്ഷെ ഹൃദയത്തിലൊരു മഹാവനം നിന്നു കത്തുന്നവര്‍ക്ക് അവിടെ ജോലി ചെയ്യല്‍ അനിവാര്യമായി. സാന്താളുകള്‍ക്ക് അതൊരു അടിമപ്പണിയായിരുന്നു. മറ്റുള്ളവരുടെ കീഴില്‍ ഒരിക്കല്‍ പോലുമവര്‍ക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നില്ല. സ്വന്തം പാടത്ത് വേണ്ടതൊക്കെ നട്ടു വളര്‍ത്തിയും, കാടുകളില്‍ നിന്നു വിഭവം ശേഖരിച്ചും നദികളില്‍ നിന്ന് മീന്‍ പിടിച്ചുമായിരുന്നു അവരുടെ ജീവിതം. രാജ്യത്തെ പുതിയ വികസനം അവരുടെ ജീവിതം ദുസ്സഹമാക്കി. കത്തുന്ന കല്‍ക്കരിപ്പാടത്ത് കരിയായ തങ്ങളുടെ കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍. തീക്കനല്‍ക്കിടയിലൂടെ പലരുടേയും ജീവിതം ഓടിയോടി തീര്‍ത്തുകൊണ്ടിരുന്നു. കൂട്ടകളിലും ചാക്കുകളിലും കരി നിറക്കുന്നു. അപകടം നിറഞ്ഞ വഴികള്‍. എന്നിട്ടും കമ്പനിയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ കൂലിക്ക് വേണ്ടി ആ അഭയാര്‍ത്ഥികളുടെ ജീവിതം വെന്തുതീര്‍ന്നു.വികസനത്തിന്റെ പേരില്‍ അനാഥരാവേണ്ടി വരുന്ന ഒരു ജനവിഭാത്തിന്റെ ഉള്‍പ്പരപ്പരപ്പുകളിലേക്ക് അസാമാന്യ മെയ്‌വഴക്കത്തോടെ കടന്നു ചെല്ലുകയാണ്. സാറാ ജോസഫ്. ആട്ടിയിറക്കപ്പെട്ടവരുടെ, നിരാലംബരുടെ പച്ച ജീവിതം സര്‍ഗാത്മകമായി അവതരിപ്പിക്കുകയാണ് എഴുത്തുകാരി. മാനവികതയുടെ സംരക്ഷണത്തിനായി, അരികുവല്‍ക്കരിച്ചവന്റെയും സമത്വം നിഷേധിക്കപ്പെടവരേയും അതിരുകളില്ലാത്ത കരുതലോടെ നോവലിസ്റ്റ് തന്റെ ഹൃദയപക്ഷത്ത് ചേര്‍ത്ത് നിര്‍ത്തുന്നു. ബുധിനിയില്‍ രാഷ്ട്രീയമുണ്ട്.
പരിസ്ഥിതിക്ക് മേലുള്ള മനുഷ്യന്റെ ആര്‍ത്തിപൂണ്ട കൈയ്യേറ്റത്തിനെതിരെയുള്ള രോഷമുണ്ട്. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷകളുടെ പുതുനാമ്പുകളൊടിഞ്ഞു പോകുന്ന നോവുന്ന ചിത്രമുണ്ട്. എത്ര പുരോഗമിച്ചാലും ഇന്ത്യക്കാരന്റെ മനസ്സില്‍ നിന്നും വേരറുത്ത് മാറ്റാനാവാത്ത ജാതിയുടെ ഉള്‍പ്പിരിവുകളുണ്ട്. മാടമ്പികളുടെ തൊഴിലാളി ചൂഷണത്തിനെതിരെ രാജ്യത്തെ പല ദിക്കിലും നടക്കുന്ന സായുധ സമരത്തിന്റെ ആഖ്യാനം സാമാന്യം ദീര്‍ഘമായി ആവിഷ്‌കരിക്കുന്നുണ്ട്. ഭൂപ്രമാണിമാരുടെ കിരാത പ്രവര്‍ത്തനങ്ങളുടെ മുന്നില്‍ നിസ്സഹായരായി പോകുന്ന ഒരു കൂട്ടം മനുഷ്യരുടെ നേര്‍ചിത്രമുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള ആദിവാസി വിഭാഗത്തിന്റെ ചെറുത്ത് നില്‍പ്പും പോരാട്ട വീര്യവും ചിത്രീകരിക്കുന്ന നോവലില്‍, ആരുടേതാണി രാജ്യം എന്ന പ്രസക്തമായ ചോദ്യമുയര്‍ത്തുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ മധുരം എത്രമാത്രം താഴേക്കിടയിലെത്തിയെന്ന ചിന്ത പല ഘട്ടങ്ങളിലും പങ്കുവെക്കപ്പെടുന്നു. നാടകപ്രവര്‍ത്തകയും പോരാളിയുമായ മധുമിത , ഗാന്ധിയനായിട്ടും, ജാതിമേല്‍ ജാതിചിന്ത കൈവിടാത്ത തന്റെ അച്ഛനോട് ഈ ചോദ്യമുയര്‍ത്തുന്നുണ്ട്.’…. സ്വാതന്ത്ര്യമോ, ആര്‍ക്കാണ് ബാബാ സ്വാതന്ത്ര്യം കിട്ടിയത്? ബോയ് ശാഖ് മറണ്ടിക്ക് സ്വാതന്ത്ര്യം കിട്ടിയോ? തപന്‍ കി സ്‌കവിന് സ്വതന്ത്ര്യം കിട്ടിയോ? ശിവ പ്രസാദ് ഹെബ്രോമിന് സ്വാതന്ത്യം കിട്ടിയോ? അവരുടെ കഴുത്തിലിപ്പോഴും അദൃശ്യമായ ഒരു തുകല്‍ പട്ടയുണ്ട്. അന്തരീക്ഷത്തില്‍ ചാട്ടയുടെ മൂളലുണ്ട്. അവരുടെ കടങ്ങള്‍ വീട്ടാത്തതെന്താ? ബെയ് ശാഖിന്റെ മകന്‍ ജനിച്ചതും അടിമയായിട്ടാണ്. അവന്റെ മകനും അങ്ങനെത്തന്നെ ജനിക്കുമെന്ന് ഈ സ്വതന്ത്രരാജ്യത്തും അവന് വിലപിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്?
മുതലാളിത്തം പ്രാന്തവല്‍ക്കരിക്കപ്പെട്ടവരില്‍ ഉത്പ്പാദിപ്പിക്കുന്ന കണ്ണുനീരിനെതിരെ സാമൂഹ്യ പ്രതിബദ്ധതയോടെ കലഹിക്കുകയാണ് എഴുത്തുകാരി. രാജ്യപുരോഗതിയില്‍ തെരുവിലായ അഭയാര്‍ത്ഥികള്‍ നാടുപേക്ഷിച്ചവരായിരുന്നില്ല., നാടുകടത്തപ്പെട്ടവരായിരുന്നു എന്ന സാമാന്യസത്യം ഉറക്കെ വിളിച്ചു പറയുന്ന ഒരു സര്‍ഗ്ഗപ്രവര്‍ത്തനമായി നോവല്‍ മാറുന്നു.
സാറാ ജോസഫിന്റെ ബുധിനി എന്ന പുതിയ നോവലിന് മജീദ് തെറ്റത്ത് എഴുതിയ വായനാനുഭവം
Comments are closed.