DCBOOKS
Malayalam News Literature Website

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും ഹിന്ദുത്വ രാഷ്ട്രീയവും : കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ബൃന്ദ കാരാട്ട്

"ഒരു സ്ത്രീയുടെ മുന്നേറ്റം സമൂഹത്തിന്റെ തന്നെ നേട്ടമാണ്" എന്ന് ബൃന്ദ കാരാട്ട്

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും രാഷ്ട്രീയ ചൂഷണവും പ്രധാന വിഷയമാക്കി കെ എൽ എഫ് അക്ഷരം വേദിയിൽ രാഷ്ട്രീയ പ്രവർത്തകയും മുൻ രാജ്യസഭാംഗവുമായ ബൃന്ദ കാരാട്ട് സംസാരിച്ചു. ‘ഫെയ്ത്ത് ആൻഡ് ഫ്യൂരി: വുമൺ അണ്ടർ സെയ്ജ്’ എന്ന സെഷനിൽ തന്റെ ‘ഹിന്ദുത്വ ആൻഡ് വയലൻസ് എഗൈൻസ്റ്റ് വുമൺ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി  മാധ്യമ പ്രവർത്തക കെ. കെ. ഷാഹിനയുമായി ബൃന്ദ കാരാട്ട്  ചർച്ച നടത്തി.

സ്ത്രീപീഡനങ്ങളെ സമീപിക്കുന്നതിലുള്ള സാമൂഹിക പക്ഷപാതത്തെ വിലയിരുത്തി ബൃന്ദ കാരാട്ട് പറഞ്ഞു: “കുറ്റവാളി ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട ഒരാളാണെങ്കിൽ, ഇരയായ സ്ത്രീയെ ചോദ്യം ചെയ്യുകയോ അവളെ സംശയിക്കുകയോ ആണ് ആദ്യ നിലപാട്.”  ലൈംഗിക അതിക്രമങ്ങളെ സമൂഹത്തിന്റെ പ്രിസമുകളിൽ നിന്ന് ഒഴിവാക്കി മറ്റേത് കുറ്റകൃത്യവും പോലെ സ്വതന്ത്ര കുറ്റമായി കാണണമെന്ന അവശ്യകത അവർ വ്യക്തമാക്കി. 

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെയും പ്രത്യേകിച്ച് ബിജെപിയുടെ ഹിന്ദുത്വ വൽക്കരണത്തെയും കുറിച്ച് ബൃന്ദ കാരാട്ട് വാചാലയായി.  “സ്ത്രീകൾക്ക് നേതൃസ്ഥാനങ്ങളില്ലാത്ത ഒരു രാഷ്ട്രീയ പാർട്ടി ജനാധിപത്യത്തിനെതിരാണ്” എന്നും ബിജെപി സ്ത്രീകളെ സ്ത്രീശക്തീകരണത്തിന് അല്ല, രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യങ്ങളുടെ മാറ്റത്തിനായി സ്ത്രീകൾ സ്വയം ചുമതല ഏറ്റെടുക്കണമെന്നും രാഷ്ട്രീയപരമായും ആശയപരമായും സജീവമാകണമെന്നും ബൃന്ദ കാരാട്ട്  അഭിപ്രായപ്പെട്ടു. “ഒരു സ്ത്രീയുടെ മുന്നേറ്റം സമൂഹത്തിന്റെ തന്നെ നേട്ടമാണ്” എന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഹിന്ദുത്വ വൽക്കരണത്തെ എതിർക്കാനായി എന്ത് ചെയ്യണമെന്നുള്ള ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് ബൃന്ദ കാരാട്ട്, “വിവരമുള്ളവരാകുക, ശക്തരാകുക, രാഷ്ട്രീയമായും ആശയപരമായും സജീവമാകുക” എന്ന നിർദ്ദേശം നൽകി.

സ്ത്രീകളുടെ നേരെയുള്ള പീഡനത്തെ നിസ്സാരവൽക്കരിക്കുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് പറയുകയും അതിനെതിരെ പ്രവർത്തിക്കേണ്ടതിന്റെ അനിവാര്യത ഓർമ്മപ്പെടുത്തുകയും ചെയ്തുക്കൊണ്ട് കെ. കെ. ഷാഹിന സെഷൻ അവസാനിപ്പിച്ചു.

 

 

Leave A Reply