‘വിശുദ്ധ സഖിമാര്‍’; സഹീറാ തങ്ങളുടെ വിഭ്രാമകമായ തുറന്നെഴുത്ത്
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സഹീറാ തങ്ങളുടെ വിശുദ്ധ സഖിമാര്‍ എന്ന നോവലിനെക്കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ സേതു എഴുതിയത്.
കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹീറയുടെ റാബിയ എന്ന നോവലിന് അവതാരിക എഴുതുമ്പോള്‍ തങ്ങളുടെ താരതമ്യേന യാഥാസ്ഥിതികമായ സമൂഹത്തിലെ കുറെ അനാചാരങ്ങള്‍ക്കെതിരെ ഇത്രകണ്ട് ധീരമായി തുറന്നെഴുതാന്‍ അവര്‍ക്കെങ്ങനെ ധൈര്യം കിട്ടിയെന്ന് ഞാന്‍ അതിശയിച്ചിട്ടുണ്ട്. പ്രേമിച്ചു വിവാഹം കഴിച്ച ഭര്‍ത്താവ് മറ്റൊരു പെണ്ണിനെ കൂട്ടിക്കൊണ്ടുവരുമ്പോള്‍ മണിയറയിലേക്ക് കയറ്റി വിടേണ്ട ദൗത്യം നിശ്ശബ്ദമായി ഏറ്റെടുക്കുകയാണ് കഥാനായികയായ റാബിയ. അപ്പോള്‍ എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്താനാകുന്നില്ലെങ്കിലും അതില്‍ നിന്ന് ഉള്‍ക്കൊണ്ട ഊര്‍ജ്ജം കൊണ്ടാകാം പിന്നീട് പല സംവാദ വേദികളിലും അവള്‍ ശക്തമായി ഇടപെടുന്നുണ്ട്. ഇത്തരമൊരു സ്‌തോഭജനകമായ നോവല്‍ ആ പ്രായത്തില്‍ അവര്‍ക്ക് എങ്ങനെ എഴുതാനായെന്നു അന്ന് ഞാന്‍ അതിശയിച്ചിട്ടുണ്ട്. അത് പ്രസിദ്ധപ്പെടുത്താന്‍ കഴിയുമോയെന്ന് അന്ന് പ്രസാധകനോട് രഹസ്യമായി അന്വേഷിക്കുക കൂടി ചെയ്തു. എന്തായാലും പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം സഹീറ തുറന്നെഴുത്തില്‍ ഒരു പടികൂടി മുന്നോട്ടു പോയിരിക്കുന്നു. പിന്നീട് സര്‍ക്കാരിന്റെ നിര്‍ഭയ പ്രോജക്ടില്‍ ഒരു സൈക്കോളജിസ്റ്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവപരിചയം വെച്ചു സ്ത്രീ-പുരുഷ ബന്ധങ്ങളെ കുറേക്കൂടി ആഴത്തില്‍ പരിശോധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
വിശുദ്ധ സഖിമാര്‍ എന്ന നോവലിലൂടെ
മുപ്പത് വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയുടെ ഉന്മാദസമാനമായ വൈകാരികലോകം വരച്ചിടാനാണ് അവര്‍ ശ്രമിക്കുന്നത്. അതോടൊപ്പം പുരുഷ മേല്‍ക്കോയ്മക്ക് കീഴില്‍ പിടഞ്ഞു കേഴുന്ന ഒരുപാട് ഭീദിതമായ ചിത്രങ്ങളുമുണ്ട്. എട്ട് വയസ്സ് തൊട്ട് എണ്‍പത് വയസ്സ് വരെയുള്ള സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് മുമ്പ് കേട്ടിരുന്നതെങ്കില്‍ ഇന്ന് അത് മൂന്നു വയസ്സുകാരികളില്‍ വരെയെത്തി നില്‍ക്കുന്നു. പോക്‌സോ കോടതികള്‍ക്ക് താങ്ങാനാവാത്തത്ര കേസുകള്‍. പത്രമാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ നിറയുന്തോറും അക്രമം വര്‍ദ്ധിക്കുകയാണ്.
ഏറെ സവിശേഷതയുള്ളതാണ് ഇതിലെ പ്രതിപാദന രീതി. ഒരു പാട് പേര്‍ കൈകാര്യം ചെയ്ത പ്രമേയത്തെ വേറിട്ട രീതിയിലാണ് നോവലിസ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നത്. അത്രയേറെ തനിമയുള്ളവരാണ് ഇതിലെ ഓരോ കഥാപാത്രവും. ഡോ. റോയ്, ഏകാര്‍ഗ്, മസീഹ് മാലിബ് അങ്ങനെ സവിശേഷപ്രകൃതമുള്ള പുരുഷ കഥാപാത്രങ്ങള്‍, പെണ്‍വിഷയങ്ങളില്‍ അവരുടെ വിചിത്രമായ നിലപാടുകള്‍…പുരുഷന്റെ കാമാവേശത്തില്‍ പിച്ചിച്ചീന്തപ്പെട്ട ഉടലുമായി ജീവിക്കുന്ന കമല ആരെയോ ഒക്കെ ഓര്‍മ്മിപ്പിക്കുന്നില്ലേ?
ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു പെണ്ണിന്റെ മാനസികാവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്ന വായനക്കാരനും സവിശേഷമായ ഒരു ഉന്മാദാവസ്ഥയില്‍ എത്തിപ്പെട്ടാല്‍ അതിശയിക്കാനില്ല. അത്രയേറെ വിഭ്രാമകമാണ് ഇതിലെ ചില ഭാഗങ്ങള്‍.
കടപ്പാട്:അഴിമുഖം
Comments are closed.