‘തേനീച്ചറാണി’; കഥ പറച്ചിലിന്റെ ഭാവനാത്മകമായ ആഖ്യാനം
ജീവന്‍ ജോബ് തോമസിന്റെ തേനീച്ചറാണി എന്ന നോവല്‍ കഥപറച്ചിലിന്റെ സാധ്യതകളെ അങ്ങേയറ്റം ഉപയോഗപ്പെടുത്തുന്നു. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിലെ മൂന്ന് സ്ത്രീകളുടെ കഥകളുടെ കൂടിച്ചേരല്‍ ആണ് തേനീച്ചറാണി എന്ന് ലളിതമായി പറയാം. എന്നാല്‍ മൂന്ന് ലോകങ്ങളിലെ ജീവിതങ്ങളുടെ സങ്കീര്‍ണാവസ്ഥകളെയാണ് ജീവന്‍ ജോബ് ഈ നോവലില്‍ അവതരിപ്പിക്കുന്നത്. സ്‌കാര്‍ലെറ്റ്, കാളിന്ദി, മാളവിക എന്നീ സ്ത്രീകളുടെ പ്രശ്‌നപരിസരങ്ങളിലൂടെ കടന്നു പോകുന്ന നോവല്‍ സ്ത്രീകളുടെ വിഷാദങ്ങള്‍ക്കും മോഹങ്ങള്‍ക്കും ആസക്തികള്‍ക്കും പ്രതിസന്ധികള്‍ക്കും പ്രാധാന്യം കൊടുക്കുന്നു. അവരുടെ ആശയങ്ങളെയും മൗനത്തെയും ഗന്ധത്തെയും വിയര്‍പ്പിനെയും പ്രേമത്തെയും കാഴ്ചകളെയും സ്വാഭാവികമായി അവതരിപ്പിക്കുന്ന ആഖ്യാനത്തില്‍ ആണധികാരത്തെ എതിര്‍ത്ത് തോല്‍പ്പിക്കുന്ന പെണ്മയുടെ അടയാളങ്ങളുണ്ട്. മനുഷ്യജീവിതത്തിന്റെ ഏറ്റവും കരുത്തുറ്റ ഭാവം കാപട്യമാണ് എന്ന് സ്ഥാപിക്കുന്ന നോവലിസ്റ്റ് ‘സത്യം എന്ന രൂപകത്തെ കൊണ്ട് നടത്തുന്ന പാവകളിയാണ് കാപട്യം’ എന്ന തത്വത്തെ മുറുകെപ്പിടിക്കുന്നു. ജിന്നായും പിശാചായും മിത്തായും മുച്ചിലോട്ട് ഭഗവതിയായും പല രൂപത്തില്‍ പല വേഷത്തില്‍ സ്ത്രീകഥാപാത്രങ്ങളെ സ്വാധീനിക്കുന്ന രൂപകങ്ങളെ ഭാവനാത്മകമായി ആഖ്യാനത്തില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
ചീട്ടുകളിയുടെ നീക്കങ്ങളില്‍ അനന്യമായ മിടുക്ക് കാണിക്കുന്ന സ്‌കാര്‍ലറ്റ്, അവളുടെ ജീവിതത്തെ അത് പോലെ കണക്കു കൂട്ടിയെടുക്കുന്നതില്‍ വിജയിക്കുന്നില്ല. പഠിക്കുന്ന കാലത്ത് ബോര്‍ഡില്‍ ചോക്ക് കൊണ്ട് എഴുതിയിരുന്ന അക്കങ്ങള്‍ ബോര്‍ഡിലെ കറുപ്പില്‍ നിന്നും ഇളകിപ്പോരുന്ന അനുഭവമാണ് അവള്‍ക്കുണ്ടായത്. നക്ഷത്രങ്ങളുടെയും വാനശാസ്ത്രത്തിന്റെയും അകമ്പടിയോടെ ഭാവിയെ പ്രവചിക്കാനാവുമോ എന്ന അന്വേഷണത്തില്‍ മാളവിക തല്പരയായിരുന്നു. എങ്കിലും മാളവികയുടെ ജീവിതം അവര്‍ വരച്ച വരയിലൂടെയാണോ നീങ്ങിയത്? അവിചാരിതമായി കളിക്കൂട്ടുകാരനെ ബാല്യത്തില്‍ നഷ്ടപ്പെട്ട കാളിന്ദിയുടെ ജീവിതഭൂപടം എത്രയോ കാലം കഴിഞ്ഞാണ് അവള്‍ക്ക് സ്വയം വരയ്ക്കാന്‍ സാധിക്കുന്നത്. അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും അറിയാത്ത അവളെ അതിനു സഹായിക്കുന്നത് അവള്‍ ആര്‍ജിച്ച അനുഭവത്തഴക്കം ആണ്.
ഒരു ജിജ്ഞാസയെ സ്‌നേഹിക്കാന്‍ മറ്റൊരു ജിജ്ഞാസയ്‌ക്കെ സാധിക്കുകയുള്ളു എന്ന മാളവികയുടെ വിശ്വാസം നോവലിന്റെ പൊതുപ്രമാണാമായി കാണാം. എഴുത്തുകാരന്റെ ജിജ്ഞാസ തുറന്നിടുന്ന വഴികളിലൂടെ വായനക്കാരുടെ ജിജ്ഞാസ സഞ്ചരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ‘തേനീച്ചറാണി‘. അമിതാവ് ഘോഷ് സീ ഓഫ് പോപ്പീസിലും മറ്റും സ്വീകരിച്ചിട്ടുള്ള ശില്പമാതൃകയിലാണ് ഈ നോവല്‍ രൂപപ്പെടുന്നത്. സ്ത്രീകള്‍ നിറഞ്ഞിരിക്കുന്ന നോവലില്‍ പല വേഷങ്ങളാടുന്ന സ്ത്രീയുടെ ജീവിതചക്രം അമ്മയായും മകളായും ഭാര്യയായൂം കാമുകിയായും ദേവതയായും പിശാചായും ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്.
കഥാന്ത്യം അറിയാനുള്ള വെമ്പലാണ് ഏതൊരു കഥയെയും മുന്നോട്ടു നയിക്കുന്ന സ്വഭാവവിശേഷം. കഥ വായിച്ചു കഴിയുമ്പോഴുള്ള അദ്ഭുതരസം അനുഭവിച്ചറിയുന്ന വിധത്തിലുള്ള കെട്ടുറപ്പാണ് തേനീച്ചറാണിക്കുള്ളത്. രസിപ്പിക്കുന്ന തരത്തിലുള്ള കഥപറച്ചിലിന്റെ പിരിമുറുക്കമാണ് കഥകള്‍ കേള്‍ക്കാനും വായിക്കാനും പ്രേരിപ്പിക്കുന്നത്. ജീവന്‍ ജോബ് തോമസ് എന്ന എഴുത്തുകാരന്റെ കയ്യടക്കവും ഉത്തരവാദിത്തവും ബോധ്യപ്പെടുന്ന ആഖ്യാനമാണ് തേനീച്ചറാണിയുടേത്. ‘നിദ്രാമോഷണം‘ എന്ന നോവലില്‍ നിന്നും ജീവന്‍ ജോബ് എത്ര കണ്ട് മുന്നോട്ടു പോയി എന്നതിന്റെ തെളിവ് കൂടെയാണ് ഈ നോവല്‍.
ജീവന്‍ ജോബ് തോമസിന്റെ തേനീച്ചറാണി എന്ന പുതിയ നോവലിന്റെ വായനാനുഭവത്തെക്കുറിച്ച് രാഹുല്‍ രാധാകൃഷ്ണന്‍ എഴുതിയത്.
Comments are closed.