കടല്‍ക്കരുത്തുകൊണ്ട് വീരചരിതം എഴുതിയവര്‍
പോര്‍ച്ചുഗീസ് സഞ്ചാരിയായ വാസ്‌കോ ഡ ഗാമ 1498 മേയ് മാസത്തില്‍ കോഴിക്കോടിനടുത്തു കാപ്പാടില്‍ കപ്പലിറങ്ങിയതു ആശ്ചര്യത്തോടെ പണ്ടു ഞാന്‍ പാഠപുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട്. യൂറോപ്പില്‍ നിന്ന് അറ്റ്‌ലാന്റിക്ക്, ഇന്ത്യന്‍ മഹാസമുദ്രങ്ങള്‍ വഴി നേരിട്ടൊരു കടല്‍ മാര്‍ഗം കണ്ടെത്തി,അതിലൂടെ ഇന്ത്യയിലെത്തിയ സാഹസിക സഞ്ചാരി! ചരിത്രം വിജയിക്കുന്നവരുടെ മാത്രം കഥയാണ് എന്ന പറച്ചിലിന്റെ പൊരുള്‍ മനസിലാക്കാതെ അന്നു ഞാന്‍ പാഠപുസ്തകത്തിന്റെ താളുകള്‍ മറിച്ചു. പക്ഷെ ഗാമയുടെ ആ സാഹസികയാത്രയുടെ ക്രൂരമായ പിന്നാമ്പുറങ്ങള്‍ കൂടി വായിക്കാതെ രാജീവ് ശിവശങ്കറിന്റെ ‘കുഞ്ഞാലിത്തിര‘ എന്ന ചരിത്രനോവലിന്റെ താളുകള്‍ നമുക്ക് മറിയ്ക്കാന്‍ കഴിയില്ല. ഇന്ത്യന്‍ പാഠ്യ പദ്ധതിയില്‍ വാസ്‌കോ വെള്ളപൂശപ്പെടുകയും കുഞ്ഞാലിമരയ്ക്കര്‍ പിന്നാമ്പുറങ്ങളിലേക്കു തള്ളപ്പെട്ടതും എങ്ങനെ? സിംഹം തന്റെ കഥ പറയുവോളം ചരിത്രമെന്നും വേട്ടക്കാരനെ പുകഴ്ത്തും, അല്ലെ? പോസ്റ്റ് കോളോണിയല്‍ സാഹിത്യകൃതികളില്‍ മിക്കവയിലും ഇത്തരം തുറന്നു പറച്ചിലുകള്‍ കാണാം. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ കാലത്തില്‍ വേട്ടയാടപ്പെട്ടവരുടെയും, പറങ്കികളുടെ പീരങ്കികളെ ചെറുത്ത കാലികൂത്തിലെ (കോഴിക്കോടിലെ) സാമൂതിരിമാരുടെയും, അവരെ സംരക്ഷിച്ച സാമൂതിരിയുടെ നാവികസേന പടത്തലവന്മാരായിരുന്ന നാല് കുഞ്ഞാലിമരയ്ക്കാര്‍മാരുടെയും കഥയാണ് ഈ നോവല്‍.
‘ഓലാദ്യം സ്വാതന്ത്ര്യത്തിന്റെ ചിറകു മുറിക്കും. പിന്നെ സംസ്‌കാരത്തിന്റെ നൂലും. ഇമ്മളെതായതെല്ലാം ഇമ്മളറിയാതെ നസ്ടാവും. പവൂതി പറങ്കിയാളാവും.’
ഗോവയിലെ പറങ്കി ജയിലായ ട്രോണ്‍കോയില്‍ ഒരു തടവുകാരനെ തിരഞ്ഞു, വടകരയിലെ ക്യാപ്റ്റന്‍ കുട്ടിഅഹമ്മദിന്റെ ഫ്രഞ്ചുകാരന്‍ സുഹൃത്ത് പിറാര്‍ഡ് ഡി ലാവല്‍ എത്തുന്നിടത്താണ് നോവല്‍ ആരംഭിക്കുന്നത്. പക്ഷെ അദ്ദേഹത്തിന് കാണേണ്ട നാലാം കുഞ്ഞാലിമരയ്ക്കാരുടെ അനന്തരവന്‍ ‘അലി’ ഇപ്പോള്‍ അലിയല്ല. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനും, വിവാഹത്തിനും, ക്രൂരമായ കാരാഗ്രഹ വാസത്തിനും വിധേയനായ ഡോണ്‍ പെഡ്രോ റോഡ്രിഗസ് ആണ് അവനിപ്പോള്‍. അവന്റേതായതെല്ലാം പറങ്കികള്‍ അവനില്‍ നിന്ന് മായ്ച്ചുകളഞ്ഞു. പക്ഷെ കാലികൂത്തിലെ പ്രിയപെട്ടവര്‍ക്കു നല്കാന്‍ അവനൊരു സന്ദേശമുണ്ട്:
‘ഉറ്റവരോടും ഉടയവരോടും പറഞ്ഞോ, മരയ്ക്കാരുടെ പോരാട്ടം കഴിഞ്ഞിട്ടില്ലെന്ന്. പൂന്തുറകോന്റെ മണ്ണ് പറങ്കികള്‍ക്കു ചവിട്ടിയരയ്ക്കാനുള്ളതല്ലെന്നു ഞാന്‍ വരുമെന്ന്… ഇരട്ടി കരുത്തോടെ…’
അലിയുടെ തിരിച്ചുവരവില്‍ നാടുണരുന്നു. രഹസ്യമായി കോഴിക്കോടിന്റെ ചരിത്രമെഴുതി സൂക്ഷിച്ച ശൈഖ് സൈനുദ്ദീന്റെ മകന്‍ അബൂബക്കര്‍ ചുറ്റുമുള്ള ചെറുപ്പക്കാരും അലിയും അറിയാനായി കുഞ്ഞാലി മരയ്ക്കാരുടെ ഐതിഹാസിക ജീവിതത്തിന്റെ കഥ പറയുന്നു.
‘സല്‍ക്കാരൊക്കെ നല്ലതാണു…ന്നാലും കേറി വരുന്നോര്‍ക്കൊക്കെ വാതില് തൊറന്ന് കൊടുക്കുംമുമ്പ് പേരക്കാര്‍ക്കു അലമ്പുണ്ടാവൊന്നു നോക്കണ്ടേ..’
വാസ്‌കോ ഡ ഗാമയുടെയും അദ്ദേഹത്തിന്റെ പിന്നാലെ വന്ന പറങ്കി കപ്പിത്താന്മാരുടെയും ക്രൂര കരു നീക്കങ്ങളും; മതത്തിന്റെ പേരിലും, പോര്‍ച്ചുഗലിലെ മാനുവല്‍ രാജാവിനോടുള്ള ദേശഭക്തിയുടെ പേരിലും, കച്ചവടത്തിന്റെ പേരിലും അവര്‍ നടത്തുന്ന നരനായാട്ടുകളും നമ്മെ നടുക്കും. നായചെവിയോടെ അലറുന്ന തലപ്പണ നമ്പൂതിരിയുടെ ചിത്രം ദ്വിഭാഷിയായ ബാര്‍ബോസിനെ പോലെ നമ്മളെയും അസ്വസ്ഥരാക്കും. കച്ചവടങ്ങളുടെയും മതപരിവര്‍ത്തനങ്ങളുടെയും മുഖംമൂടി അണിഞ്ഞു ഗാമ എത്തിയത് തന്റെ ദേശത്തിനു കച്ചവട ലാഭം കൊയ്യാന്‍ മാത്രമായിരുന്നില്ല. ഇന്ത്യയിലെ കേറ്റുമതികളുടെ കുത്തക അവകാശം നേടാനും, കോട്ടകെട്ടി ഭരിക്കാനും, പണ്ടകശാലകള്‍ തുറന്നു നികുതി പിരിക്കാനും ഒക്കെ അവര്‍ തന്ത്രങ്ങള്‍ മെനയുന്നു. കോഴിക്കോട് സാമൂതിരിയും കൊച്ചിരാജാവും തമ്മിലുള്ള അധികാരത്തര്‍ക്കങ്ങളില്‍ എഴുതീയൊഴിച്ചു ഇവയെല്ലാം അവര്‍ കരസ്ഥമാകുന്നു. പക്ഷെ അവരെ എതിര്‍ക്കുന്ന സാമൂതിരിയെ സംരക്ഷിക്കാന്‍ ഇശ്മയില്‍ മരയ്ക്കാര്‍ കോഴിക്കോട് എത്തുന്നതോടെ കഥയാകെ മാറുന്നു.
‘സൗകര്യം പോലെ മറക്കാനും പൊറുക്കാനും കയീയുക. മികച്ച അരച്ചന്മാരുടെ ഗുണങ്ങളില്‍ അദും പെടും.’
പറങ്കികളുടെ ചതിയില്‍ നിന്ന് സാമൂതിരിയെ കുട്ട്യാലി മരയ്ക്കാര്‍ രക്ഷിക്കുന്നതോടെ ‘പൂന്തുറക്കോന് ഏറ്റവും പ്രിയപ്പെട്ട’ എന്ന അര്‍ത്ഥത്തില്‍ ‘കുഞ്ഞു അലി’ എന്ന വിശിഷ്ടപദവി അദ്ദേഹത്തിന് ലഭിക്കുന്നു. കുട്ട്യാലി കുഞ്ഞാലിയാകുന്നു. പറങ്കികളുടെ നെറികെട്ട പോരിലും, സിലോണിലെ ചതിയിലും, സാമൂതിരിമാരുടെ കൂറുമാറ്റങ്ങള്‍ക്കിടയിലും കോഴിക്കോടിനെ തലമുറകളായി സംരക്ഷിക്കുന്ന നാവികപടയായി കുഞ്ഞാലിമരയ്ക്കാരും സംഘവും മാറുന്നു. കുട്ട്യാലിക്കു ശേഷം മകന്‍ കുട്ടിപോക്കര്‍ അലി, പിന്നീട് വരും തലമുറകളിലെ അനന്തരവന്മാരായ പട്ടു മരയ്ക്കാരും, മുഹമ്മദ് മരയ്ക്കാരും കുഞ്ഞാലിമാരാകുന്നു.
‘മരക്കലംന്നു പറഞ്ഞ കപ്പല്. മരയ്ക്കാരെന്നു പറയുമ്പോ മരക്കലത്തിന്റെ നാഥന്‍…കടലിന്റെ തമ്പുരാന്‍..’
ചരിത്രനോവല്‍ ആയതുകൊണ്ട് തന്നെ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, ഗോവ, കൊളംബോ , പോര്‍ച്ചുഗല്‍ എന്നിവയുടെ ചരിത്രങ്ങള്‍, പ്രാചീന കപ്പല്‍ നിര്‍മാണ രീതികള്‍, യുദ്ധമുറകള്‍, നികുതികള്‍, സാമൂതിരിമാരുടെ രീതികള്‍ അങ്ങനെ പലതിനെ കുറിച്ചും ഈ നോവല്‍ വിശദമായി സംസാരിക്കുന്നുണ്ട്. പല കഥാപാത്രങ്ങളുടെ ഓര്‍മകളിലൂടെയും സ്വപ്നങ്ങളിലൂടെയും കുമ്പസാരങ്ങളിലൂടെയും കടന്നു പോകുന്ന ആഖ്യാനശൈലി അനേകം വീക്ഷണ കോണുകളിലൂടെ കഥ പറയുന്നു. അതിലൂടെ സത്യത്തിന്റെയും കേട്ടുകേള്‍വികളുടെയും പല മുഖംമൂടികളും വീണുടയുന്നു.
സാമൂതിരിയും, മരയ്ക്കാരുമെല്ലാം വ്യത്യസ്തമായ മലയാളം സംസാരിക്കുന്നതു കഥയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നുണ്ട്. ആദ്യത്തെ കുഞ്ഞാലി മരയ്ക്കാരും കുട്ടിച്ചേക്കുവുമായുള്ള സൗഹൃദം,മുഹമ്മദ് മരയ്ക്കാരുടെ ധീരതയുമെല്ലാം വായനയ്ക്ക് ശേഷവും നമ്മളുടെ മനസ്സില്‍ തങ്ങി നില്‍ക്കും. നാലാം മരയ്ക്കാരായി മോഹന്‍ലാല്‍ വേഷമണിയുന്ന പ്രിയദര്‍ശന്‍ ചിത്രം അണിയറയില്‍ തയ്യാറെടുക്കുകയാണ്. അങ്ങനെയെങ്കില്‍ ദേശസ്‌നേഹം ഉണര്‍ത്തുന്ന ഈ നോവലിനെ പോലെ കോള്‍മയിര്‍ കൊള്ളിക്കുന്ന ഒരു സിനിമയാകും അതും എന്ന് പ്രതീക്ഷിക്കാം.
രാജീവ് ശിവശങ്കറിന്റെ കുഞ്ഞാലിത്തിര എന്ന കൃതിക്ക് ജോയ്‌സ് ജോബ് എഴുതിയ വായനാനുഭവം
Comments are closed.