‘അലിംഗം’; ഒരു നായികാനടന്റെ അനുഭവസാക്ഷ്യം
എസ്.ഗിരീഷ് കുമാറിന്റെ അലിംഗം (2018-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരത്തിന്റെ പരിഗണനാപട്ടികയില്‍ ഇടംനേടിയ കൃതി) എന്ന നോവലിനെക്കുറിച്ച് സാനി ജോണ്‍ എഴുതിയ വായനാനുഭവം
‘അരങ്ങില്‍ നില്‍ക്കുമ്പോള്‍ നടന്‍ പ്രാരബ്ധങ്ങള്‍ മറക്കണം. മനം മുഴുവനായും, കഥാപാത്രത്തിന് നല്‍കണം. സ്വന്തം ഉടലിനെക്കുറിച്ച് പിന്നീട് ചിന്തയുണ്ടാവരുത്.’
നോവല്‍ തുടങ്ങുന്നതിന് മുന്നേ നല്ലൊരു ആമുഖം കഥാകാരനെഴുതി ചേര്‍ത്തിട്ടുണ്ട്. സ്ത്രീ വേഷങ്ങളിലൂടെ, ഒരുകാലത്തു മലയാളികളുടെ മനസ് കവര്‍ന്ന ഓച്ചിറ വേലുക്കുട്ടി എന്ന നായികാനടന്റെ ജീവിത കഥയിലേക്ക് ചരിത്രവും ഭാവനയും ചേര്‍ത്ത ആവിഷ്‌ക്കരണമാണ് നോവലെന്ന് ആമുഖത്തില്‍ പറയുന്നു.
‘പെണ്ണിനെ സൃഷ്ടിക്കുന്ന ജോലിയില്‍ വ്യാപൃതനായ ബ്രഹ്മാവിന് അവയവങ്ങള്‍ ഫിറ്റ് ചെയ്യുമ്പോള്‍ അവിചാരിതമായി പറ്റിയ തെറ്റുകൊണ്ട് മാത്രമാണ് വേലുക്കുട്ടി ഒരു പുരുഷനായ’തെന്ന് ടി എന്‍ ഗോപിനാഥന്‍ നായരുടെ വാക്കുകളില്‍ നിന്നും എത്ര മാത്രം സ്ത്രീശരീരത്തോട് വേലുക്കുട്ടി എന്ന പുരുഷന് സാദൃശ്യം ഉണ്ടായിരുന്നുവെന്ന് മനസിലാക്കാം.
ഇടതു കൈവണ്ണയില്‍ വന്ന പരുപഴുത്ത്, കൈ മുറിക്കേണ്ടതായ ഘട്ടത്തില്‍ ആശുപത്രി കിടക്കയിലാണ് നോവല്‍ തുടങ്ങുമ്പോള്‍ വേലുക്കുട്ടി. പ്രമേഹം മൂര്‍ച്ഛിച്ചത് കൊണ്ട് ഡോക്ടര്‍മാര്‍ ആശങ്കയിലാണ്. ഒടുവില്‍ കൈ മുറിക്കാതെ അവര്‍ ആശുപത്രിയില്‍ നിന്നും വിടുമ്പോള്‍ വീട്ടില്‍ ചാരുകസേരയില്‍ കിടന്ന് ഒരു നാടകമെഴുതാനുള്ള തന്റെ ആഗ്രഹം വേലുക്കുട്ടി ഓര്‍ക്കുന്നു .ഒപ്പം കഴിഞ്ഞകാല ജീവിതത്തിലേക്ക് ഒരു എത്തിനോട്ടവും.
ഓച്ചിറയിലെ പരബ്രഹ്മ ക്ഷേത്രത്തിന്നടുത്തുള്ള മേമനയിലെ പണ്ടാര കുടിലില്‍ ചാമിപ്പിള്ളയുടേയും എച്ച്മിയുടേയും മകനായി ജനനം. അതിപ്രശസ്തനാവുമെന്ന ജാതകം. ഭജനപ്പാട്ടുകാരനായ അച്ഛന്റെ കൂടെ പാട്ടു പാടിയാണ് അരങ്ങിലെ തുടക്കം. നാടകങ്ങളില്‍ സ്ത്രീ വേഷം കെട്ടുന്ന അമ്മാവന്‍ ,അനന്തരവനെ ആശാന്റെ ബാല നാടക സമിതിയില്‍ ചേര്‍ക്കുന്നു. അവിടെ സഹായിയായി നിന്ന് എല്ലാം കണ്ട് പഠിക്കാനുള്ള ആശാന്റെ നിര്‍ദ്ദേശം. വേലു വന്നതില്‍ പിന്നെ ഒരു സൂചി പോലും സ്ഥാനം തെറ്റിയിട്ടില്ലെന്ന ആശാന്റെ പ്രോല്‍സാഹനം. ഒടുവില്‍ ഒരു ദിവസം അവിചാരിതമായി സ്ത്രീവേഷം കെട്ടി വേലുക്കുട്ടി അരങ്ങത്തേക്ക്…
പിന്നീട് നാടകത്തില്‍ നിന്നുമൊഴിവാക്കാതിരിക്കാന്‍ നോക്കിലും വാക്കിലും ഇരിപ്പിലും നടപ്പിലും സ്ത്രീകളെ അനുകരിക്കല്‍… വേലുക്കുട്ടി എന്ന നായികാനടന്‍ ജനിക്കുകയായിരുന്നു. വീട്ടില്‍ ചെന്ന അവനെ കണ്ടു സഹോദരങ്ങള്‍ പോലും ചോദിച്ചു ‘അണ്ണനെന്താ ഇങ്ങിനെ ?’. സത്യവാന്‍ സാവിത്രി, ജ്ഞാനസുന്ദരി എന്നീ നാടകങ്ങള്‍ കളിച്ചു മടുത്തപ്പോഴാണ് വേദിയില്‍ ആശാന്റെ ‘കരുണ ‘നാടകമാക്കാന്‍ ഒരുങ്ങുന്നത്. അതില്‍ വാസവദത്തയെ അവതരിപ്പിച്ചതോടെ പ്രശസ്തി വീണ്ടും വര്‍ദ്ധിച്ചു. അണിയറയില്‍ വേഷം മാറുമ്പോള്‍ രണ്ടു പുരുഷന്മാര്‍, അത് സ്ത്രീയാണോ പുരുഷനാണോയെന്നറിയാന്‍ വാതുവെച്ച് നടനെ കാണാനെത്തുന്നു. അതെല്ലാം വേലുക്കുട്ടിയിലെ നടിക്ക് കിട്ടിയ അംഗീകാരങ്ങളാണ്. അവര്‍ക്കു വേലുക്കുട്ടി നല്‍കുന്ന മറുപടി വേദനയുളവാക്കും.
ഉപഗുപ്തനെ അവതരിപ്പിച്ച കുഞ്ഞുകുഞ്ഞു ഭാഗവതരെ നോക്കി നിന്നു കള്ളച്ചിരി ചിരിച്ച വാസവദത്തയെന്ന വേലുക്കുട്ടി ഒരു മാത്ര ആഗ്രഹിച്ചു പോവുന്നുണ്ട്. താനൊരു സ്ത്രീയായിരുന്നെങ്കിലെന്നും ഭാഗവതര്‍ തന്റെ രാജകുമാരന്‍ ആയിരുന്നെങ്കിലെന്നും. വാസവദത്തയുടെ ചായങ്ങള്‍ അഴിച്ചു മാറ്റാന്‍ കണ്ണാടിക്കു മുന്നിലിരിക്കുന്ന വേലുകുട്ടിയുടെ ചിന്ത അതിമനോഹരമായി കഥാകൃത്തു വര്‍ണിച്ചിട്ടുണ്ട്.
‘ഓരോ നാടകാവതരണത്തിലും വാസവദത്തയെ കൂടുതല്‍ സുന്ദരിയും മദാലസയുമാക്കാന്‍ ഞാന്‍ ശ്രമിച്ചു. നാടകത്തറകളില്‍ വാസവദത്തക്ക് കാമുകന്മാര്‍ ഏറി വന്നു. അവരില്‍ മോഹം നിറക്കുന്ന പൂര്‍ണ വേശ്യാംഗനയായി ഞാന്‍. അവരുടെ കിനാവുകളില്‍ കേളികളാടണമെന്നത് എന്റെ സ്വകാര്യമായ ആനന്ദമായി. …അങ്ങനെയങ്ങനെ ഞാന്‍ വേലുക്കുട്ടിയെ മറന്നു…
‘ഞാനിപ്പോള്‍ വാരസുന്ദരി
ഞാനിപ്പോള്‍ വാസവദത്ത
വാസവദത്ത വാസവദത്ത വാസവദത്ത’
വിവാഹം കഴിച്ചില്ലെങ്കില്‍ അത് തന്റെ ആണത്തത്തെ ചോദ്യം ചെയ്യുമെന്നോര്‍ത്ത് കുഞ്ഞിക്കുട്ടിയുമായി വിവാഹം. അവര്‍ക്കിടയില്‍ ‘വാസവദത്ത’ എത്തിനോക്കാന്‍ തുടങ്ങിയപ്പോള്‍ കലഹം. വേലുക്കുട്ടിയുടെ അരങ്ങിന് പുറത്തെ ജീവിതവും സംഭവബഹുലം.
‘താനെല്ലാം ഓര്‍ത്തെടുത്തോയെയെന്ന് നോവലിന്റെ അവസാനം വേലുക്കുട്ടി ആശങ്കപ്പെടുന്നു…കഥ അവസാനിക്കുന്നു. അല്ല, തുടരുന്നു…ജീവിതനാടകം അവസാനിക്കുന്നേയില്ലല്ലോ.
മൂന്നാംലിംഗക്കാരെ വെള്ളിത്തിരയില്‍ ധാരാളമായി കണ്ടിട്ടുണ്ട്. ‘ചാന്തുപൊട്ടി’ലും ‘ഞാന്‍ മേരിക്കുട്ടി ‘എന്ന ചിത്രത്തിലും ദിലീപും ജയസൂര്യയും ആ ഭാഗങ്ങള്‍ ഭംഗിയാക്കി. എന്നാല്‍ അത്തരമൊരാളുടെ മാനസിക വ്യാപാരങ്ങള്‍ അക്ഷരങ്ങളിലേക്കു പകര്‍ത്തുക അത്ര എളുപ്പമല്ല.
(മുകളില്‍ പറഞ്ഞ സിനിമ നടന്‍മാര്‍ തങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ വിട്ടൊഴിഞ്ഞു പോകാന്‍ ദിവസങ്ങളും മാസങ്ങളുമെടുത്തു എന്ന് പറഞ്ഞത് വായിക്കുകയുണ്ടായി. അത്തരത്തില്‍ നോക്കിയാല്‍ സ്ഥിരമായി സ്ത്രീവേഷം കെട്ടിയിരുന്ന വേലുക്കുട്ടി ആശാനെ മനസിലാക്കാന്‍ കഴിയും. )
ഡി സി പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട ഈ നോവല്‍ ഓച്ചിറ വേലുക്കുട്ടി എന്ന നായികാ നടന്റെ അനുഭവ സാക്ഷ്യമാണ്. വേലുക്കുട്ടിയുടെ കൂടെ ജീവിച്ചിരുന്നവരാരും ഇന്നില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്കൊരെത്തിനോട്ടം ദുഷ്‌കരം തന്നെ. അക്കാലത്തെ ജീവിതത്തെ കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും നല്ല ഗൃഹപാഠം രചയിതാവ് നടത്തിയിട്ടുണ്ട്. (ഒരുപക്ഷെ ഒന്നോ രണ്ടോ ചിലപ്പോള്‍ അതില്‍ കൂടുതലോ വര്‍ഷങ്ങളിലെ കഠിന പ്രയത്‌നം. )
ലളിതമായ ഭാഷയിലാണ് കഥാകൃത്തു സംവദിക്കുന്നത്. അതുകൊണ്ടു തന്നെ നായകന്റെ വേദന യാതൊരു ഏച്ചുകെട്ടലുകളും ഇല്ലാതെ തന്നെ വായനക്കാരനിലേക്ക് കടന്നുചെല്ലുന്നു. ബാലനായ വേലുക്കുട്ടി നാടക സമിതിയിലേക്ക് യാത്രയാവുമ്പോള്‍ സഹോദരങ്ങളോടും മാതാപിതാക്കളോടും യാത്ര ചോദിക്കുന്ന ഭാഗത്ത് കണ്ണ് നിറഞ്ഞത് എന്റെ മാത്രമോ?
എന്റെ ഓര്‍മ്മകള്‍ തെളിയുമ്പോഴേക്കും മലയാളികള്‍ നാടകവും നാടക അഭിനേതാക്കളെയും ഉപേക്ഷിച്ചു സിനിമ എന്ന വിനോദത്തിലേക്കു ചുവടു മാറിയിരുന്നു. എന്‍.എന്‍.പിള്ളയെപ്പോലെ ചില നാടകാചാര്യന്‍മാരെ വായിച്ചു പരിചയമുണ്ടെങ്കിലും(സിനിമയിലും കണ്ടു) പൊതുവെ ഇപ്പോഴുള്ള തലമുറകള്‍ക്കു നാടകവും അഭിനേതാക്കളും അന്യംതന്നെ. അതിനാല്‍ അതിലേക്കു വെളിച്ചം വീശുന്ന ഈ പുസ്തകം വരും തലമുറക്കൊരു മുതല്‍ക്കൂട്ടാണ്.
ഡി സി പ്രസിദ്ധീകരിച്ച ഈ പുസ്തകം എറണാകുളം പബ്ലിക് ലൈബ്രറിയില്‍ നിന്നുമാണ് എനിക്ക് ലഭിച്ചത്. കണ്ടപ്പോള്‍ തന്നെ പുസ്തകം കൈയിലെടുത്തു. ഞാനാണ് ആ പുസ്തകത്തിന്റെ ആദ്യ വായനക്കാരിയും. ഇന്നുവരെ ലൈബ്രറിയില്‍ നിന്നും എടുക്കുന്ന ഒരു പുസ്തകത്തിലും ചെയ്യാത്ത ഒരു കുത്തിവരക്കല്‍ അതില്‍ ചെയ്യുകയും ചെയ്തു.. അത് നിങ്ങളോടും ഞാന്‍ ആവര്‍ത്തിക്കുന്നു.’ഓരോ മലയാളികളും അറിഞ്ഞിരിക്കേണ്ട/വായിച്ചിരിക്കേണ്ട പുസ്തകം.’
Comments are closed.