DCBOOKS
Malayalam News Literature Website

അത്ഭുതലോകത്തിലേക്ക് ഒരു ആത്മസഞ്ചാരം

ശംസുദ്ദീന്‍ മുബാറക്കിന്റെ ‘മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍’ എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ച് നിസാം ചാവക്കാട്.

ലോക, പ്രാദേശിക ഭാഷാ സാഹിത്യങ്ങളില്‍ മരണവും അനന്തര ജീവിതവും വിഷയമാകുന്ന ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. വികാരരഹിത കൊമാലയെ അവതരിപ്പിച്ച യുവാന്‍ റൂള്‍ഫോയുടെ ‘പെഡ്രൊ പരാമൊ’ എന്ന നോവലായിരുന്നു അവയില്‍ പ്രധാനപ്പെട്ടത്. അമ്മയുടെ അന്ത്യാഭിലാഷ സഫലീകരാണര്‍ത്ഥം കൊമാലയിലെത്തുന്ന പ്രേസിയാദോ എന്ന കഥാപാത്രം അവിടെ കണ്ടുമുട്ടിയവരെല്ലാം മരിച്ചവരായിരുന്നെന്ന് ഒടുവില്‍ തിരിച്ചറിയുന്നു.

വൂള്‍ഫോയുടെ നോവലില്‍നിന്ന് കൊമാലയെന്ന മലയാള കഥ ഉത്പാദിപ്പിച്ച സന്തോഷ് ഏച്ചിക്കാനം തന്റെ വായനാനുഭവം പങ്കുവച്ചത് അത്ര അടുക്കും ചിട്ടയും ആശയതെളിച്ചവുമില്ലാത്ത റൂള്‍ഫോ എഴുത്താണിതെന്നാണ്. സ്ഥലകാല അതിര്‍ത്തികളില്ലാത്ത സാഹിത്യത്തിലെ ഈ വിടവാണ് യുവ എഴുത്തുകാരന്‍ ശംസുദ്ദീന്‍ മുബാറകിന്റെ ‘മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍‘ എന്ന നോവലിന്റെ ഇടം.

കോളനിവത്കരണത്തിന്റെയും യുദ്ധങ്ങളുടെയും ഭൂമിയില്‍നിന്ന് അതിജീവനം പ്രമേയമാക്കിയ റിയലിസ്റ്റിക്, സെമി റിയലിസ്റ്റിക്, ഫാന്റസൈസഡ് ഫിക്ഷനുകള്‍ ഇന്ദ്രിയചിന്തകളില്‍ (എംബരിസിസം) ചുരുങ്ങി സമര ആഖ്യാനങ്ങളായപ്പോള്‍ ധൈഷണികമായ ചില നിരീക്ഷണങ്ങളുടെ പ്രതിഫലനം അസാധ്യമായി എന്നതാണ് ആ വിടവിന്റെ ചരിത്രപരമായ കാരണം. മരണം ആഘോഷമാക്കിയ സംസ്‌കാരങ്ങളെ ഒപ്പിയെടുക്കുന്ന ആഖ്യാനങ്ങളുടെ ദൗര്‍ലഭ്യത അത്തരം സംസ്‌കാരങ്ങളുടെ ഇല്ലായ്മയെ ഫലം ചെയ്യുന്നില്ല. മരണം തീര്‍ത്തും ഒരു ആഘോഷമാണ്.

മരണമെന്താണ് ? ഒടുവിലത്തെ ശ്വാസവും എടുത്തുകഴിഞ്ഞാല്‍ ജീവിതത്തിന്റെ ക്ലൈമാക്‌സില്‍ ഉതിര്‍ന്ന് വീഴുന്ന തിരശ്ശീല എന്നതിനപ്പുറം മരണമെന്താണ്? മെറ്റീരിയലിസം മരണത്തെ ഒരന്ത്യം മാത്രമായി കാണുന്നു. അതിനാല്‍ മരണം അനന്തകാല ദുഃഖത്തിന്റെ കരിങ്കൊടി ഉയര്‍ത്തുന്നു. റഫീഖ് അഹ്മദിന്റെ ‘തോരാമഴ’യും ‘മരണമെത്തുന്ന നേരത്തും’ എം.ടിയുടെ ‘സ്വര്‍ഗം തുറക്കുന്ന സമയ’വുമാണ് മലയാളിയുടെ മരണാവിഷ്‌കാര സാഹിത്യങ്ങളില്‍ പ്രധാനം.

കടലുപ്പുപോലെ ദുഃഖം കലര്‍ന്ന കണ്ണീരെഴുത്തുകളാണ് മലയാളിയുടെ മരണമെഴുത്തുകള്‍ എന്ന് ചുരുക്കം. മരിച്ചവന്റെ സ്വത്വത്തിലേക്ക് ഭൗതികയുടെ നഷ്ടത്തിലൂടെ നോക്കുന്നുവെന്നതാണ് ഈ കൃതികളുടെയെല്ലാം പൊതുരീതി. എന്നാല്‍, മരണശേഷം ആത്മാവ് തന്റെ ഭാഗദേയം മനസ്സിലാക്കുന്നതിലൂടെ വ്യത്യസ്ത വികാരതലങ്ങളെ ഫലത്തിലാക്കുന്നുണ്ട് താനും.

ദൈവത്തിലും അവന്റെ കര്‍മ്മനിപുണതയിലും വിശ്വാസമര്‍പ്പിക്കുന്ന ഒരു സമൂഹം മരണത്തെ രണ്ടു ചലനങ്ങള്‍ക്കിടയിലെ നിശ്ചലതയായും രണ്ട് ജീവിതങ്ങള്‍ക്കിടയിലെ ഇടനാഴികയായും കാണുന്നു. മരണം വലിയൊരു തുടക്കത്തിനു മുന്നിലെ ഒടുക്കം മാത്രമാവുന്നു. മതങ്ങള്‍ വാഗ്ദാനം ചെയ്ത സ്വര്‍ഗാനുഭൂതിയിലേക്കുള്ള വാതായമാകുമ്പോള്‍ മരണം ആനന്ദത്തിന്റെ മന്ദഹാസം മുഖങ്ങളില്‍ വിരിയിക്കുന്നു.

ഒരു വര്‍ഷത്തിനിടെ മൂന്നാം പതിപ്പും അച്ചടിക്കപ്പെട്ട നോവലിന്റെ പുതിയ മുഖചിത്രം സിദ്‌റത്തുല്‍ മുന്‍തഹയുടെ താഴ്‌വരയിലൂടെ ആനന്ദ ലഹരിയായൊഴുകുന്ന അരുവിയുടേതാണ്. മരണമെന്ന പൊലിപ്പിക്കപ്പെട്ട ദുഃഖമുഖത്തെ വലിച്ചുകീറി മരണത്തെ സന്തോഷസാന്ദ്രമാക്കാനുള്ള ശംസുദ്ദീന്‍ മുബാറകിന്റെ ശ്രമത്തിന് വര്‍ണ്ണപ്പകിട്ടാര്‍ന്ന വരയുടെ പിന്തുണയാണ് ഡിസൈനര്‍ ഷിയാസ് അഹ്മദ് നല്‍കിയിരിക്കുന്നത്.

നോവലിന്റെ ആശയവും ആകാരവും വായനാര്‍ത്ഥികളെ ഏറെ വശീകരിക്കുന്നുണ്ട്. സാമ്പ്രദായിക നോവലെഴുത്ത് വാര്‍പ്പുമാതൃകയായി പരിഗണിക്കുന്ന ഖണ്ഡശ രീതിയില്‍നിന്നും മാറി ഡയറിക്കുറിപ്പ് രൂപത്തിലാണ് നോവലിന്റെ രചന നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍, ഒരു മലയാളി ഭ്രാന്തന്റെ ഡയറിക്കുറിപ്പുകള്‍ തുടങ്ങിയ ചുരുക്കം നോവലെഴുത്തുകളില്‍ മാത്രം ഉപയോഗിക്കപ്പെട്ട രീതിയാണിത്. കഥാപാത്രത്തെ ജീവിതത്തിന്റെഗിരിമുകളില്‍നിന്നു മരണത്തിന്റെ കരിമ്പാറക്കെട്ടിലേക്ക് തള്ളിയിട്ട് ആശ്വസിക്കുന്നതിനു അപവാദമായി കഥാപാത്രത്തിന്റെ മരണത്തോടെ എഴുത്തുകാരന്‍ ചിന്തയുടെയും ഭാവനയുടെയും അജ്ഞാതവും അനന്തവുമായ ലോകത്തേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെടുകയാണ്.
തയ്യിലപ്പറമ്പില്‍ അബൂബക്കറിന്റെ മകന്‍ ബഷീറിന്റെ മരണത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ബഷീറിന്റെ ഭൗതിക ശരീരത്തില്‍നിന്നു ആത്മാവ് (റൂഹ്) പ്രത്യേക ലോകത്തേക്ക് യാത്രയാവുന്നു. ഖബ്‌റിലെ ശിക്ഷാനുഭവ സന്ദര്‍ഭങ്ങളില്‍ അത് ശരീരത്തിലേക്ക് തിരികെ വരുന്നു. അരിസ്‌റ്റോട്ടില്‍ ക്രിയാത്മക യുക്തിയെന്നും ജോണ്‍ലോക് അഭൗതികവും അനശ്വരമെന്നും അല്‍കിന്ദി ഉണ്മയെന്നും ഗസ്സാലി ശരീര അധികാരിയെന്നും വിവരിച്ച ആത്മാവിന്റെ ഫിലോസഫിക്കല്‍ കാഴ്ച്ചപ്പാടുകളില്‍നിന്നു നോവലിസ്റ്റ് യുക്തിസഹമായ തിരഞ്ഞെടുപ്പ് നടത്തുന്നതായി കാണാം.

ലോകാവസാനം വരെ അലഞ്ഞുനടക്കുന്ന ആത്മാവ് അഭൗതിക ലോകത്തുനിന്നു ലൗകികവും അലൗകികവുമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ബഷീറിന്റെ ജീവിതത്തിലെ ചെറുതല്ലാത്ത തെറ്റുകളുടെ അളവടിസ്ഥാനത്തില്‍ നരകത്തിലേക്കും കാലങ്ങള്‍ക്കു ശേഷം സ്വര്‍ഗത്തിലേക്കും ആനയിക്കപ്പെടുന്നു. അവിടെ ആത്മാവും ശരീരവും സര്‍വ്വമുക്തരാവുന്നു. ഇതാണ് മരണത്തിലെ അക്ഷയാനന്ദം.

മരണത്തെ ചുറ്റിപ്പറ്റിക്കിടക്കുന്ന ചടങ്ങുകള്‍, ആചാരങ്ങള്‍, ആത്മാവിന്റെ സഞ്ചാരങ്ങള്‍, ലോകാവസാനത്തിന്റെ അടയാളങ്ങള്‍, നരകം, സ്വര്‍ഗം, ഇവകളിലേക്കുള്ള പാലം (സിറാത്ത്) തുടങ്ങി മരണാനന്തര ജീവിതത്തെക്കുറിച്ച് കഥകളിലൂടെയും പുരാണങ്ങളിലൂടെയും കേട്ടുപരിചയിച്ച മെറ്റാഫിസിക്കല്‍ വിഷയങ്ങള്‍ക്ക് പുറമേ ജീവിതത്തില്‍ അഭിമുഖീകരിക്കാറുള്ള പ്രവാസം, ഏകാന്തത, ദാരിദ്യം, മക്കളുടെ വിയോഗം, നെക്രൊഫീലിയ, ഭാര്യയുടെ സ്വഭാവ ദൂശ്യം എന്നിവയും നോവലില്‍ വിഷയമാകുന്നു. അഭൗമതലത്തില്‍നിന്നു ലൗകികതയെ നിരീക്ഷിക്കുന്നുവെന്നതാണ് മരണപര്യന്തത്തെ ഏറെ വ്യത്യസ്തമാക്കുന്നത്.

ഖബ്‌റിലെത്തുന്ന ബഷീറിനെ ചോദ്യംചെയ്യാനെത്തുന്ന ഭീമന്മാരായ മാലാഖമാര്‍ ചോദ്യങ്ങളാരായുന്നു. ഉത്തരമില്ലാത്ത ഓരോ ചോദ്യങ്ങള്‍ക്കു ശേഷവും കഠിനമായി ശിക്ഷിക്കുകയും പ്രഹരിക്കുകയും ചെയ്യുന്നു.
ഖബ്‌റിന്റെ ഭീകരതകളില്‍നിന്നു ബഷീറിന് പരോള്‍ ലഭിക്കുന്നു. ബഷീര്‍ തന്റെ വീട് സന്ദര്‍ശിക്കാനൊരുങ്ങുന്നു. പ്രവാസിയുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്ന രീതിയിലാണ് സംഭവ വിശദീകരണം. വീട്ടുകാരുടെ ദുഃഖം കൃതൃമമായിരുന്നെന്ന് അയാള്‍ മനസ്സിലാക്കുകയും ഇനിയൊരു മടക്കമില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ആത്മാവ് അറേബ്യന്‍ രാജ്യത്തെ തന്റെ ജോലി സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്നു. ലോകാവസാനത്തിന്റെ അടയാളങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടുന്നു. കൊടുങ്കാറ്റും പേമാരിയും പെരുക്കുന്നു. മാലാഖ കൊമ്പില്‍ ഊതുന്നു. ഭൂമി പോലും മരിച്ചു ശാന്തമാകുന്നു. കാലങ്ങള്‍ക്കു ശേഷം ഒരു മഴപെയ്യുന്നു. മണ്ണില്‍ വിത്തുകളില്‍ നാമ്പെടുക്കുന്നതു പോലെ ആത്മാക്കള്‍ കിളിര്‍ത്തുവരുന്നു. ദൈവത്തിന്റെ വിചാരണ ഭൂമിയും സ്വര്‍ഗ, നരകവും ഒരുങ്ങുന്നു.

സ്ഥിതി സംഭവ ആഖ്യാനങ്ങള്‍ക്കപ്പുറം ക്രിയാത്മകമായ ചിന്തയും സിമ്പോളിക്കല്‍ എഴുത്തും നോവിലിലുണ്ട്. സന്നിഗ്ദതകളും ഉള്‍ക്കഥകളും വായനക്കാരെ ഏറെ ആനന്ദിപ്പിക്കുന്നു. ഖബറിലെ ആദ്യ ദിനങ്ങളില്‍ ബഷീറും വല്യുമ്മയും കണ്ടുമുട്ടുന്ന രംഗമുണ്ട്. ഭൂമിയില്‍ താന്‍ വളര്‍ത്തിയിരുന്ന കോഴിയുടെ വിശേഷമാണ് വല്യുമ്മ ആദ്യം ചോദിച്ചറിഞ്ഞത്. കോഴിയെ അടുത്ത പെരുന്നാളിന് ബിരിയാണിയാക്കിയ കഥ പക്ഷേ ബഷീര്‍ പറയുന്നില്ല. കഥകളും ഉപകഥകളും ചിന്തകളും ചോദ്യങ്ങളും കണ്ണീരും ചിരിയും സന്തോഷവുമായി ആത്മാവിനൊപ്പം വായനക്കാരനും വിചിത്രവും അപരിചിതവുമായ മറ്റൊരു ലോകത്തിലൂടെ നടത്തുന്ന സഞ്ചാരമാണ് മരണപര്യന്തം.

Comments are closed.