സമൂഹമനഃസാക്ഷിയുടെ കോടതിയില്‍ വിചാരണ നേരിടേണ്ട കുറിപ്പുകള്‍
എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന കൃതിക്ക് അര്‍ച്ചന ടി.ആര്‍ എഴുതിയ വായനാനുഭവം.
ജീവിതത്തിലെ അത്യന്താപേക്ഷിതമായ ചില തീരുമാനങ്ങളെടുക്കുന്നതിലെ പാകപ്പിഴവുകളിലേക്കാണ് താന്‍ സ്വയം നടന്ന് നീങ്ങുന്നതെന്ന് തീരെയും ബോധ്യമില്ലാതെ, കാലം കാത്തുവച്ച ഓരോ കനല്‍ച്ചൂളയും കല്ലുകളും ഉരുകുന്ന മനമോടെ ഏറ്റുവാങ്ങിയവളാണ് കഥാകാരി. ആത്മകഥനമെന്നതിലുപരി, ഭാഷയുടെ വഴുവഴുപ്പിലെങ്ങും പുതയുന്ന വേദനപ്പതകളെ അവര്‍ എങ്ങനെയാണ് സഹിച്ചതെന്ന് വായനയ്ക്കിടയിലും ഒടുവിലുമായി നെഞ്ചില്‍പ്പേറുന്ന കനത്ത വിങ്ങലോടെയാവണം ഞാനപ്പോള്‍ ഓര്‍ത്തിരിക്കുക. ഇത് സമൂഹമനഃസാക്ഷിയുടെ കോടതിയില്‍, തീര്‍ച്ചയായും വിചാരണ നേരിടേണ്ട കുറിപ്പുകളാണ്.
മതക്കുറിപ്പുകളെന്ന് ആദ്യം നാമകരണം ചെയ്യപ്പെട്ട കുറിപ്പുകള്‍ പിന്നീട് ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്നിങ്ങനെയായി മാറിയതില്‍ ഒട്ടുമേ അതിശയോക്തിയില്ല. അത്യുന്നതങ്ങളില്‍ വിരാജിക്കുന്ന ചില വിഗ്രഹങ്ങള്‍ വക്കും പൊട്ടുമില്ലാതെ ഉടഞ്ഞുവീഴുന്നത്, ആത്മബന്ധങ്ങളായി ഊട്ടിയുറപ്പിക്കേണ്ട മാനുഷിക ബന്ധങ്ങളിലെ വൈകാരിക മുത്തുകള്‍ പൊട്ടിച്ചിതറുന്നത് ഒക്കെയും എത്ര തീക്ഷ്ണമായി അവര്‍ പറഞ്ഞുവയ്ക്കുമ്പോള്‍, ഒരു സ്ത്രീയെന്ന നിലയിലെന്റെ ഉള്ള് ഉല പോലെ എരിയുകയാണെന്ന് തോന്നിപ്പോയി. വായനയില്‍ കണ്ണ് നിറഞ്ഞ്, നെഞ്ച് വേദനിച്ച്, ഇത് വെറുമൊരു സാങ്കല്പിക സൃഷ്ടിയായിരുന്നുവെങ്കിലെന്ന് ഞാന്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇതേവരെ കണ്ടിട്ടേയില്ലാത്തൊരു കുഞ്ഞുമകളെ മനസുകൊണ്ട് ഞാനും ചേര്‍ത്തണച്ചിട്ടുണ്ട്.
പ്രണയവും വിവാഹവും മൂലം അവര്‍ ചെന്നുപെട്ട വാരിക്കുഴിയുടെ സര്‍വ്വകോണുകളും അവര്‍ തുറന്നുവയ്ക്കുന്നുണ്ട്. ഇരുമതങ്ങളാല്‍ കൂട്ടിയിണയ്ക്കപ്പെട്ട തീര്‍ത്തും ദാരുണമായിപ്പോയ ദാമ്പത്യത്തിന്റെയും പിന്നെ പൊന്നുമകള്‍ക്കായി ഒരമ്മ ഓടിയ ഓട്ടങ്ങളുടെയും പോയനാളുകളുടെ നിഴലുകളാണ് ഇതിലെ ഓരോ വാക്കും.
വായിച്ചവസാനിപ്പിക്കുമ്പോള്‍ എച്ച്മുക്കുട്ടി ഹൃദയത്തിലെ കടുത്ത വേദനയാണ്. അത്ഭുതമാണ്…എങ്ങനെയീ ദുരിതക്കടല്‍ അവര്‍ താണ്ടിയെന്നോര്‍ക്കുമ്പോള്‍, തളര്‍ന്നുവീണേക്കാവുന്നിടങ്ങളില്‍ അവരെ തുണച്ചവരെയെല്ലാം ഏറെ സ്‌നേഹത്തോടെ ഓര്‍ക്കുമ്പോള്‍…ഏവരും വായിച്ചിരിക്കേണ്ട ഈ പുസ്തകത്തെ ഞാനെന്റെ നെഞ്ചോട് ചേര്‍ക്കുന്നു.
ഡി സി ബുക്‌സ് വെബ് പോര്‍ട്ടലിന്റെ വായനാനിരൂപണ മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.
Comments are closed.