DCBOOKS
Malayalam News Literature Website

‘അവളുടെ ആത്മനൊമ്പരങ്ങളുടെ ഹൃദയതാളം എനിക്കു സുപരിചിതമായിരുന്നു’

കെ.എസ്. സുധക്കുട്ടി

എറണാകുളത്തെ പ്രശസ്തമായ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിന്റെ മുറിക്കുപുറത്ത് പൂര്‍ണ ഗര്‍ഭിണിയായ മകളുമൊത്ത് ഇരിക്കുകയായിരുന്നു ഞാന്‍.

‘ദാ നോക്കിക്കേ,അമ്മേടെ എച്ച്മുക്കുട്ടിയല്ലേ അത്’. ശ്രീക്കുട്ടി ശബ്ദം താഴ്ത്തി ചോദിച്ചു.

അതെ, അത് അവള്‍ തന്നെ. ഒപ്പം അതിസുന്ദരിയായ മകളും ഭര്‍ത്താവും. ഒളികണ്ണിട്ട് നോക്കാനേ എനിക്ക് ധൈര്യം ഉണ്ടായുള്ളൂ. ഓടിച്ചെന്ന് ചേര്‍ത്ത് പിടിക്കണമെന്ന് തോന്നിയെങ്കിലും.

ഞങ്ങള്‍ കണ്‍സള്‍ട്ട് ചെയ്യുന്ന ഡോക്ടറെ തന്നെയാണ് അവര്‍ക്കും കാണേണ്ടതെന്ന് തോന്നി. കുടുംബത്തിന്റെ സ്വകാര്യത എന്തിനെക്കാളും വലുതാണ്. അതിനാല്‍ ഞാനാ ഭാഗത്തേക്ക് പിന്നെ നോക്കിയതേയില്ല.

കണ്ടമാത്രയില്‍ തിരിച്ചറിയാന്‍ തക്ക അടുപ്പം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുമില്ല. അവളെ വായിച്ചിരുന്നു. ഇടക്ക് ചാറ്റ് ചെയ്യുമായിരുന്നു.

ചെക്കപ്പിനെത്തിയവരുടെ പേര് രേഖപ്പെടുത്തുമ്പോള്‍ അവളുടെ മകള്‍ പേര് തെല്ലുച്ചത്തില്‍ ഉരുവിട്ടു. ആ പേര് അത്ര മനോഹരമായി ഉച്ചരിക്കാന്‍ അവള്‍ക്കേ കഴിയൂ.

‘എന്തൊരു ആക്‌സന്റ്, എന്തൊരു കോണ്‍ഫിഡന്‍സ്’.എന്റെ മകള്‍ കാതില്‍ മന്ത്രിച്ചു.

എച്ച്മു ഇരുന്നിടത്തേയ്ക്ക് ഞാന്‍ അപ്പോഴും നോക്കിയില്ല. ചുരിദാറിട്ട കാല്പാദങ്ങളിലേക്ക് ഇടയ്‌ക്കൊന്ന് പാളി നോക്കി. അത് പൊള്ളിയമര്‍ന്ന് കരുവാളിച്ചിട്ടാണോ? തീക്കനലിലൂടെയായിരുന്നല്ലോ നടത്തം.

ഈ മകളെ പ്രസവിക്കാനാണല്ലോ പാതിരാത്രിയില്‍ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേയ്ക്ക് നിരാലംബയായ ഒരു ഒരു പെണ്‍കുട്ടി യാത്ര ചെയ്തതെന്നോര്‍ത്ത് എന്റെ കണ്ണ് പെട്ടെന്ന് നിറഞ്ഞു. അവളുടെ പ്രസവകാല ദൈന്യതകളോരോന്നായി എന്റെയുള്ളില്‍ തിടം വച്ചുണര്‍ന്നു.

എന്റെ പ്രിയ ചങ്ങാതി കെ.എ ബീനയാണ് എച്ച്മുവിന്റെ ജീവിതം വായിക്കാന്‍ എന്നോടാവശ്യപ്പെട്ടത്. എന്റെ അനുഭവങ്ങളുടെ നിസ്സാരത അങ്ങനെയാണ് എനിക്ക് ബോധ്യപ്പെട്ടത്.

അഷിതയും എച്ച്മുവും ജീവിതം പറഞ്ഞ് എന്നെ തളര്‍ത്തിക്കളഞ്ഞുവെന്ന് ഫെയ്‌സ്ബുക്കില്‍ ഞാനൊരു കുറിപ്പിട്ടപ്പോള്‍ പരിചയക്കാരായ ചിലര്‍ ഫോണില്‍ വിളിച്ചു, ഇതൊക്കെ നേരാവുമോ എന്നറിയാന്‍. അവര്‍ക്കറിയാത്ത, അവരനുഭവിക്കാത്ത ചില നേരുകള്‍ അവരെങ്ങനെ ഉള്‍ക്കൊള്ളും? അതവരുടെ കുറ്റമല്ല.

ദുരനുഭവങ്ങളാല്‍ വൃണപ്പെട്ടു പോയവര്‍ക്ക് നുണ പറയാനാവില്ല. തീവ്രനൊമ്പരങ്ങള്‍ ഉള്ളില്‍ പേറുന്നവര്‍ക്ക് പളപളപ്പുള്ള ഭാഷയില്‍ പൊതിഞ്ഞ് ജീവിതം എഴുതാനാവില്ല. അവരുടെ വാക്കുകള്‍ നന്മ വറ്റാത്ത മനസ്സുകളില്‍ കണ്ണാടിച്ചീളുകളായി പതിഞ്ഞ് ചോരച്ചാലുകളുണ്ടാക്കും.

നളിനി ജമീല ജീവിതം എഴുതുമ്പോഴും സരിത എസ്. നായര്‍ അവര്‍ നടന്ന വഴികളെപ്പറ്റി പറയുമ്പോഴും കന്യാമഠത്തിനുള്ളില്‍ സന്യാസിനി വിതുമ്പുമ്പോഴും ഷക്കീല എന്ന താരം ചാനലില്‍ വന്ന് വളച്ചുകെട്ടില്ലാതെ സ്വജീവിതം വിളമ്പുമ്പോഴും പുറംപൂച്ച് വെടിഞ്ഞ് പുറത്ത് വരുന്നത് സത്യമെന്ന് കരുതാനാണ് എനിക്കിഷ്ടം. പൊള്ളയായ വിശ്വാസങ്ങളുടെ ഉരകല്ലില്‍ ഏറ്റക്കുറച്ചിലോടെ ചിലര്‍ അതിനെ തരാതരത്തില്‍ വിശകലനം ചെയ്യുകയും പരിഹസിക്കുകയും നിര്‍വൃതിയടയുകയും ചെയ്യും.

അയാള്‍ക്കൊരു പ്രണയമുണ്ടെന്നറിഞ്ഞിട്ടും ഈ പെണ്‍കുട്ടി ചാടിപ്പുറപ്പെട്ടതെന്തിന് എന്ന് എച്ച്മുക്കുട്ടിയെ വായിച്ച് എന്നോട് കെറുവിച്ചു, പ്രശസ്തയായ ഒരു വനിത. അവരോടെന്ത് പറയാന്‍!

പ്രണയകാലത്ത് വിപ്ലവം പറയുകയും, ഇരുട്ടി വെളുക്കുംമുന്‍പ് പ്രണയത്തെ തള്ളിപ്പറഞ്ഞ് മറ്റൊരാളോടൊപ്പം ജീവിതം പങ്കിടുകയും ചെയ്യുന്ന ചില ആദര്‍ശശാലികള്‍ പില്‍ക്കാലത്ത് കടുത്ത സദാചാരവാദികളെന്ന അപരനാമധേയത്താല്‍ അറിയപ്പെടും!

എച്ച്മുക്കുട്ടിയുടെ ജീവിതകഥയില്‍ പരാമര്‍ശിക്കപ്പെട്ട, ഒരിക്കല്‍ എനിക്ക് പ്രിയങ്കരരായിരുന്ന എല്ലാവരെയും ഞാന്‍ വെറുത്തു പോയി.

ഡി.വിനയചന്ദ്രന്‍ എന്ന കവി ഇപ്പോള്‍ എന്റെ ഇഷ്ട ഗുരുനാഥനല്ല. സാറാ ജോസഫ്, ഗീതാ ഹിരണ്യന്‍ അങ്ങനെയെത്രയെത്ര പേര് മനസ്സില്‍ നിന്ന് വേര്‍പെട്ട് പോയി. സദാചാരവാദിയായതുകൊണ്ടല്ല, ന്യായാന്യായങ്ങള്‍ ചികഞ്ഞിട്ടുമില്ല. തീര്‍ത്തും നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ തുണയ്ക്കാത്തവരെ സ്‌നേഹിക്കാനാവാത്തതു കൊണ്ട്. സുഹൃത്തിന്റെ ഭാര്യയില്‍ നഖമുന ആഴ്ത്തുന്നവന്‍ കവിയായിട്ടെന്ത് കാര്യം?

‘സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും’

എന്ന് പാടിയ ഒരു കവി എന്റെ ജന്മനാട്ടില്‍ ഉണ്ടായിരുന്നേ…

എച്ച്മുവിന്റെ ദുരന്തകഥയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പങ്കെന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍ ബാലന്‍ ഏറ്റുപറഞ്ഞു. ‘അവള്‍ എന്നെക്കുറിച്ച് എഴുതിയതെല്ലാം സത്യം. അവളുടെ മുന്നില്‍ നിശ്ശബ്ദം തലതാഴ്ത്തി കൈകെട്ടി നില്‍ക്കാം ഞാന്‍, എത്ര തല്ല് തന്നാലും എന്റെ ചെയ്തികള്‍ക്ക് പ്രതിഫലമാകില്ല’.

വിശന്ന് പൊരിഞ്ഞപ്പോള്‍ ഭക്ഷണവും തല ചായ്ക്കാനിടവും നല്‍കിയ ചങ്ങാതിമാരുടെ ദയയില്‍ ഊറ്റം കൊണ്ട ഊരുതെണ്ടിയുടെ പിഴയ്ക്ക് മറ്റെന്ത് പരിഹാരം?

എച്ച്മൂ, അപരിചിതത്വം നടിച്ച് നിന്നെ കണ്ടില്ലെന്ന മട്ടില്‍ പോകാന്‍ എനിക്കായില്ല. നീ ഇരുന്ന ഭാഗത്തേക്ക് വന്നപ്പോള്‍, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അതുവരെ പരസ്പരം കണ്ടിട്ടില്ലെങ്കിലും ഉള്‍വിളിയെന്നോണം നീ എഴുന്നേറ്റു. നെഞ്ചോട് ചേര്‍ത്തപ്പോള്‍ ആ ഹൃദയതാളം ഞാന്‍ വ്യക്തമായും കേട്ടു. പിഞ്ഞിച്ചിതറി, കൂട്ടിക്കെട്ടിയെടുത്ത ആ മിടിപ്പ് എനിക്ക് സുപരിചിതമായിരുന്നു.

നിന്റെ മകളുടെ മുഖത്ത് അപ്പോള്‍ വിരിഞ്ഞ ചന്തമുള്ള അമ്പരപ്പ് എന്നും എന്റെ ഓര്‍മയിലുണ്ടാകും.

Comments are closed.