DCBOOKS
Malayalam News Literature Website

ജയ് എന്‍.കെ യുടെ ‘റോയല്‍ മാസെക്കര്‍’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു

ജയ് എന്‍.കെ യുടെ ‘റോയല്‍ മാസെക്കര്‍’ എന്ന ഏറ്റവും പുതിയ പുസ്തകം റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. ഒക്ടോബർ ഒന്നിന് ഉച്ചക്ക് 1 മണിക്ക്  ഡി സി ബുക്ക്സ് സ്റ്റാൾ E41-ൽ നടക്കുന്ന ചടങ്ങിൽ സൗദി ലുലു ഗ്രൂപ്പിന്റെ ഡയറക്ടറായ ഷെഹിം മുഹമ്മദിൽ നിന്നും മുഹമ്മദ് ഷബീര്‍ ഐ എഫ് എസ് പുസ്തകം സ്വീകരിക്കും.

ഒക്ടോബര്‍ 8 വരെയാണ് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. പുസ്തകമേളയില്‍ വൈവിധ്യമാര്‍ന്ന പുസ്തക ശേഖരവുമായി ഈ വര്‍ഷവും ഡി സി ബുക്സ് പങ്കെടുക്കുന്നുണ്ട്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ ‘ഹിസ്റ്റോറിക്കല്‍ ക്രൈം ഫിക്ഷണല്‍ സ്റ്റോറി’ ആണ് ‘റോയല്‍ മാസെക്കര്‍’. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഭരണാധികാരം നിലനിര്‍ത്തിയിരുന്ന ഏക ഹിന്ദുരാജകുടുംബമായിരുന്ന നേപ്പാളിലെ ‘ഷാ’ രാജവംശത്തിനെ ഒന്നടങ്കം ഇല്ലാതാക്കിയ കൂട്ടക്കൊലപാതകം തെക്ക് കിഴക്കന്‍ ഏഷ്യയെ മാത്രമല്ല ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്. ഒരു പ്രണയത്തിന്റെ ബാക്കിപത്രമെന്ന് പിന്നീട് വിശേഷിക്കപ്പെട്ട ആ ദുരന്തം നേപ്പാളിന്റെ സവിശേഷമായ രാഷ്ട്രീയസാമൂഹിക ഭൂമികയില്‍ നിന്ന് കൊണ്ട് ഭാവനാത്മകമായി ചിത്രീകരിക്കുന്ന ഈ നോവല്‍ നോക്കിക്കാണുന്നത് നേപ്പാളിന്റെ ചരിത്ര,സാമൂഹിക, രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്ത്യയും നേപ്പാളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ നിറഞ്ഞ ബന്ധങ്ങളും, നേപ്പാളിലെ മാവോയിസത്തിന്റെ വളര്‍ച്ച താഴ്ചകളും, കലാപങ്ങളും, വിപ്ലവവുമെല്ലാം ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍ ഒരു രാജ്യത്തിന്റെ ചലനത്തെത്തന്നെ ഏങ്ങനെ ബാധിക്കുന്നുവെന്ന അതിവിചിത്രമായ യാഥാര്‍ത്ഥ്യങ്ങള്‍ ഈ നോവലില്‍ കാണാം. ചരിത്രവും ഭാവനയും മിത്തും ഫാന്റസിയും ഇട കലരുന്ന ഒരു വായനാനുഭവമാണ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഈ നോവല്‍ വാഗ്ദാനം ചെയ്യുന്നത്.

Comments are closed.