DCBOOKS
Malayalam News Literature Website

നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? എം.ബി രാജേഷിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു

സമകാലിക സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് എം.ബി രാജേഷ് എം.പി സമൂഹമാധ്യമങ്ങളിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമായ  നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? എന്ന കൃതി പുറത്തിറങ്ങുന്നു. ഡി.സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. 2019 മാര്‍ച്ച് 13-ന് ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഒറ്റപ്പാലം ബി.ഇ.എം. യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.സുനില്‍ പി. ഇളയിടം പുസ്തകം പ്രകാശനം ചെയ്യും. പി. ഉണ്ണി എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.

സ്റ്റീഫന്‍ ദേവസ്സി, എന്‍.പി സ്‌നേഹ, ടി.ആര്‍.അജയന്‍, എം.ബി രാജേഷ് എന്നിവരുള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രഗത്ഭര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് പനമണ്ണ ശശിയും സംഘവും അവതരിപ്പിക്കുന്ന നാദവാദ്യലയവും അരങ്ങേറുന്നുണ്ട്.

സമകാലിക ഇന്ത്യയില്‍ നടന്ന വിവിധ സംഭവങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ നുണകളെ ചരിത്രത്തിന്റെയും തെളിവുകളുടെയും പിന്‍ബലത്തില്‍ പ്രതിരോധിക്കുന്ന വസ്തുനിഷ്ഠമായ ലേഖനങ്ങളാണ് എം.ബി രാജേഷിന്റെ നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? എന്ന കൃതിയിലുള്ളത്. സത്യാനന്തരകാലം സൃഷ്ടിക്കുന്ന ആശയസങ്കീര്‍ണ്ണതകളെയും വൈകാരികതകളെയും അഴിച്ചു കളഞ്ഞ് രാജ്യം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും ഈ പുസ്തകം വായനക്കാരെ ക്ഷണിക്കുന്നു.

Comments are closed.