ഡോ. ജോര്‍ജ് തയ്യിലിന്റെ ‘ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം’ പുസ്തകപ്രകാശനം മാര്‍ച്ച് 22-ന്
കൊച്ചി: ഹൃദയാഘാതത്തെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുകയും ഒപ്പം ഈ രോഗത്തെക്കുറിച്ചുള്ള ഭയം അകറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത ഹൃദയാരോഗ്യവിദഗ്ധനായ ഡോ. ജോര്‍ജ് തയ്യില്‍ രചിച്ച ഹാര്‍ട്ട് അറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം എന്ന കൃതിയുടെ പ്രകാശനം മാര്‍ച്ച് 22-ന്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത മലയാള സാഹിത്യകാരന്‍ സേതു ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഷൈജു തോപ്പിലിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. പ്രൊഫ.ഡോ. പ്രിമൂസ് പെരിഞ്ചേരി പുസ്തകത്തെ പരിചയപ്പെടുത്തും. കൊച്ചി മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജ്, ഡോ.ജോര്‍ജ് തയ്യില്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഹൃദയാഘാതത്തെ പേടിക്കാതെ ജീവിക്കാന്‍ വേണ്ട എല്ലാ വിവരങ്ങളും ഏറ്റവും ലളിതമായും സമഗ്രമായും ആധികാരികമായും വിവരിക്കുന്ന കൃതിയാണ് ഹാര്‍ട്ട് അറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം. 56 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി ഹൃദ്രോഗങ്ങളെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും പരിഹരിക്കത്തക്ക വിധത്തിലാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ചോദ്യോത്തരങ്ങളുടെ രൂപത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് പ്രതിപാദ്യവിഷയത്തെക്കുറിച്ച് വിശദീകരിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള 200ഓളം പഠനങ്ങള്‍ ക്രോഡീകരിച്ചാണ് ഡോ. ജോര്‍ജ് തയ്യില്‍ ഈ പുസ്തകം രചിച്ചിട്ടുള്ളത്. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗ്രന്ഥകാരന്റെ മറ്റു പുസ്തകങ്ങളെ പോലെ ഈ കൃതിയും വിറ്റുകിട്ടുന്ന ലാഭം നിര്‍ദ്ധനരായ ഹൃദ്രോഗികളുടെ ചികിത്സക്കും മറ്റുമായി വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Comments are closed.