DCBOOKS
Malayalam News Literature Website

സംഗീത ശ്രീനിവാസന്റെ നോവല്‍ ആസിഡിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്യുന്നു

എഴുത്തുകാരിയും തിരക്കഥാകൃത്തുമായ സംഗീത ശ്രീനിവാസന്റെ ശ്രദ്ധേയ നോവല്‍ ആസിഡിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ നിര്‍വ്വഹിക്കുന്നു. സെപ്റ്റംബര്‍ 29 ശനിയാഴ്ച വൈകിട്ട് 5.30ന് എറണാകുളത്തുള്ള എച്ച്&സി സ്റ്റോഴ്‌സില്‍ വെച്ചാണ് ചടങ്ങ് നടക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ആസിഡിന്റെ ഇംഗ്ലീഷ് പതിപ്പ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പുറത്തിറക്കിയിരിക്കുന്നത്. പുസ്തക പ്രകാശനത്തിന്റെ ഭാഗമായി സംഗീത ശ്രീനിവാസനുമായി പ്രിയ കെ. നായര്‍ നടത്തുന്ന അഭിമുഖസംഭാഷണവും ഇതോടൊപ്പമുണ്ട്.

ലെസ്ബിയന്‍ പ്രണയത്തിന്റെ അമ്ലലഹരിയാണ് ആസിഡിന്റെ പ്രമേയം. ഓര്‍മ്മകളും സ്വപ്‌നങ്ങളും കൂടിക്കലരുന്ന ജീവിതപരിസരങ്ങളിലൂടെ രണ്ടു സ്ത്രീകളുടെ പ്രണയത്തിന്റെയും കലഹത്തിന്റയും സഞ്ചാരങ്ങളാണ് ഈ നോവലില്‍ പറയുന്നത്. കമലയുടെയും ഷാലിയുടെയും പ്രണയത്തിന്റെയും കലഹത്തിന്റെയും കഥയില്‍ രണ്ട് കുട്ടികളുടെ ജീവിതവും കടന്നുവരുന്നു. വിചിത്രമായ മനോനിലകളുടെ അപരിചിതലോകത്തേക്ക് തന്നെയാണ് ആസിഡ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. അമ്ലലഹരിയില്‍ കൂടിക്കുഴയുന്നതും ചിതറിത്തെറിക്കുന്നതുമായ ഓര്‍മ്മകളുടെ ആവിഷ്‌കരണമെന്ന നിലയിലുള്ള ആഖ്യാനവും ഈ നോവലിനെ വേറിട്ട ഒന്നാക്കി മാറ്റുന്നു.

Comments are closed.