DCBOOKS
Malayalam News Literature Website

‘കിളിമഞ്ജാരോ ബുക്‌സ്റ്റാള്‍’ എം.മുകുന്ദന്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: മലയാളത്തിലെ നോവല്‍സാഹിത്യം എത്രദൂരം മുന്നോട്ടുപോയി എന്നതിന്റെ ഉത്തരമാണ് രാജേന്ദ്രന്‍ എടത്തുംകരയുടെ കിളിമഞ്ജാരോ ബുക്സ്റ്റാള്‍ എന്ന നോവലെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്‍. ഇത്ര മനോഹരമായ പ്രണയത്തിന്റെ സാന്നിധ്യം അടുത്തകാലത്തൊതൊന്നും താന്‍ ഒരു നോവലിലും അനുഭവിച്ചിട്ടില്ലെന്നും നോവലിലെ റാഹേല്‍ എന്ന കഥാപാത്രത്തെ വായനക്കിടയില്‍ താന്‍ സ്വപ്നം കാണുകപോലുമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. റാഹേലിനെ കഥാപാത്രമാക്കി ഒരു സിനിമ വരുന്നത് കാത്തിരിക്കുകണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ കിളിമഞ്ജാരോ ബുക്സ്റ്റാള്‍  പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു എം.മുകുന്ദന്‍.

ഈ നോവല്‍ വായിച്ചുതീര്‍ന്നപ്പോള്‍ എന്നെങ്കിലും ഒരു ബുക്സ്റ്റാള്‍ ആരംഭിക്കണമെന്ന തോന്നലാണുണ്ടായത്. അങ്ങനെയൊരു ബുക്സ്റ്റാള്‍ സംഭവിച്ചാല്‍ അതിന്റെ പേര് കിളിമഞ്ജാരോ ബുക്സ്റ്റാള്‍ എന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകങ്ങളും മനുഷ്യരും കഥകളും കവിതകളും കൂട്ടിപ്പിണഞ്ഞുകിടക്കുന്ന ഈ നോവല്‍ കഥപറച്ചിലിന്റെ മാന്ത്രികത കൊണ്ടും വായനാസുഖം കൊണ്ടും വേറിട്ടുനില്‍ക്കുന്നതായും എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

പ്രശസ്ത സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. എ.കെ.അബ്ദുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. സംഗീതം വഴിയുന്ന ഭാഷയാണ് രാജേന്ദ്രന്‍ എടത്തുംകരയുടേത് എന്ന് എം.ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. വി.ആര്‍.സുധീഷ് ആമുഖപ്രഭാഷണം നടത്തി. ഒരേസമയം നേരമ്പോക്കും തത്വശാസ്ത്രവും സംസാരിക്കുന്ന കഥാപാത്രങ്ങളാണ് കിളിമഞ്ജാരോ ബുക്സ്റ്റാളിന്റെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. നോവലിന്റെ സങ്കേതങ്ങളും ആഖ്യാനസാധ്യതകളും കൈവരിച്ച പുതിയദൂരങ്ങളെക്കുറിച്ച് സര്‍ഗാത്മകമായ അവബോധമുള്ള ഒരു എഴുത്തുകാരനെ ഈ നോവല്‍ മലയാളിയ്ക്ക് കാണിച്ചുതരുന്നുണ്ട്. ഓരോ കഥാപാത്രത്തെ വെച്ചും ഓരോ നോവലെഴുതാവുന്നത്രയും സമ്പുഷ്ടമാണ് കിളിമഞ്ജാരോ ബുക്സ്റ്റാളിന്റെ ആഖ്യാനമെന്നും വി.ആര്‍. സുധീഷ് അഭിപ്രായപ്പെട്ടു.

എം.സി അബ്ദുള്‍ നാസര്‍ പുസ്തകം പരിചയപ്പെടുത്തി. ഒരുപക്ഷെ, ഉറൂബിനുശേഷം മനുഷ്യന്റെ സാധ്യതകള്‍ക്കുനേരെ മലയാളനോവല്‍ പ്രത്യാശയോടെ നോക്കുന്നത് ഇതാദ്യമായി ആയിരിക്കുമെന്ന് അബ്ദുള്‍ നാസര്‍ പറഞ്ഞു. യു.കെ.കുമാരന്‍, സി.പി.അബൂബക്കര്‍, ആര്‍.ഷിജു, കെ.വി.ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. ഡി സി ബുക്‌സും കോഴിക്കോട് സാംസ്‌കാരികവേദിയും സംയുക്തമായാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചത്.

Comments are closed.