‘ബുക്ക് ബ്രഹ്മ സാഹിത്യോത്സവം’ ആഗസ്റ്റ് 9 മുതൽ
മലയാളത്തില്‍ നിന്നും ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഡി സി ബുക്‌സും
ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവത്തിന് ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 10ന് ബെംഗളൂരു കോറമംഗലയിലെ സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ തുടക്കമാകും. മലയാളത്തില്‍ നിന്നും ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഡി സി ബുക്‌സുമുണ്ട്. കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ മുന്നൂറോളം എഴുത്തുകാരും നൂറിലേറെ പ്രസാധകരും നിരവധി കലാകാരന്മാരും അണിചേരുന്ന സാഹിത്യോത്സവം മൂന്നു ദിവസം നീണ്ടുനില്‍ക്കും.
ഉദ്ഘാടനച്ചടങ്ങില്‍ ജയമോഹന്‍, എച്ച്.എസ്. ശിവപ്രകാശ്, വിവേക് ശാന്‍ഭാഗ് എന്നിവരോടൊപ്പം കവി സച്ചിദാനന്ദനും പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് ‘മലയാളനോവലിലെ വ്യത്യസ്ത ഭൂമികകള്‍’ എന്ന സെഷനില്‍ സുഭാഷ് ചന്ദ്രന്‍, രാജശ്രീ, സോമന്‍ കടലൂര്‍ എന്നിവര്‍ ഭാഗമാകും. എ വി പവിത്രന്‍ മോഡറേറ്ററാകും. ഒരു മണിയ്ക്ക് ‘മലയാള ചെറുകഥ- പുത്തന്‍ പ്രവണതകള്‍’ എന്ന സെഷനില്‍ സന്തോഷ് ഏച്ചിക്കാനം, കെ. രേഖ, ഇ. സന്തോഷ് കുമാര്‍ പങ്കെടുക്കും. മോഡറേറ്റര്‍- കുഞ്ഞിക്കണ്ണന്‍ വാണിമേല്‍. മണ്ഡപ, മഥന, അങ്കല എന്നീ പ്രധാന വേദികളിലാണ് സെഷനുകള്‍ നടക്കുന്നത്.
അറുപതു സ്റ്റാളുകളുള്ള പുസ്തകമേളയില്‍ കേരളത്തില്‍ നിന്ന് ഡി സി ബുക്‌സിന് പുറമേ മാതൃഭൂമി, ഗ്രീന്‍ ബുക്‌സ്, കൈരളി തുടങ്ങിയ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്‌കാരം പെരുമാള്‍ മുരുകന് സമ്മാനിക്കും. പുസ്തകരചന, പ്രസാധനം, വിപണനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും മൂന്നുദിവസവും ഉണ്ടായിരിക്കും. വേറിട്ട കലാപരിപാടികളും അനുബന്ധമായി അരങ്ങേറും. സക്കറിയ, ബെന്യാമിന്‍, കെ വി സജയ്, ഇ പി രാജഗോപാലന്‍, എം കെ ഹരികുമാര്‍, എസ്. ജോസഫ്, വിമീഷ് മണിയൂര്‍ തുടങ്ങി പ്രമുഖര്‍ തുടര്‍ദിവസങ്ങളിലെ വ്യത്യസ്ത സെഷനുകളില്‍ പങ്കെടുക്കും.
Comments are closed.