DCBOOKS
Malayalam News Literature Website

ബൊളീവിയന്‍ വിപ്ലവത്തിന്റെ അനുഭവങ്ങള്‍

സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ സാര്‍വ്വലൗകിക പ്രതീകമായ ചെ ഗുവാര ലോകം കണ്ടതില്‍ വച്ച് ഏറ്റവും ശക്തരായ വിപ്ലവകാരികളിലൊരാളായിരുന്നു. ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളായ ചെ ഗുവാര പിന്നീട് ലോകമെമ്പാടുമുള്ള വിപ്ലവങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രതീകമായി മാറുകയായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ക്യാപിറ്റലിസ്റ്റ് ചൂഷണത്തില്‍നിന്ന് ജനതയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്ന ഏണെസ്‌റ്റോ ചെ ഗുവാര വിപ്ലവ പ്രസ്ഥാനത്തിലേക്ക് തിരിഞ്ഞത്.

ഗറില്ലാ യുദ്ധതന്ത്രങ്ങളിലൂടെ വിപ്ലവം നയിച്ച ചെ ഗുവാര 1966-67 കാലഘട്ടത്തില്‍ ബൊളീവിയയില്‍ നടന്ന വിപ്ലവത്തിന്റെ അനുഭവങ്ങളാണ് ബൊളീവിയന്‍ ഡയറി എന്ന കൃതിയിലൂടെ എഴുതിയത്. 1966 നവംബര്‍ 7 മുതല്‍ 1967 ഒക്ടോബര്‍ 7 വരെയുള്ള ഡയറിക്കുറിപ്പുകളാണ് ഈ കൃതിയില്‍ സമാഹരിച്ചിട്ടുള്ളത്. 1967 ഒക്ടോബറില്‍ ബൊളീവിയന്‍ സൈന്യം അദ്ദേഹത്തെ പിടികൂടുകയും വധിക്കുകയും ചെയ്തു.

ഗറില്ലാദിനങ്ങളില്‍, സഖാക്കളുടെ വിശ്രമവേളകളില്‍, ഡോക്ടറായ ചെ ആര്‍ക്കും പെട്ടെന്നു മനസ്സിലാക്കാന്‍ കഴിയാത്ത കൈപ്പടയില്‍ കുറിപ്പുകള്‍ എഴുതിയിടുമായിരുന്നു. ആ കുറിപ്പുകളാണു ക്യൂബന്‍ വിപ്ലവത്തിന്റെ ചരിത്രമെഴുതാന്‍ അദ്ദേഹത്തിനു സഹായകമായതു. ഉരുക്കുപോലെ ഉറച്ചതായിരുന്നു അദ്ദേഹത്തിന്റെ ഇച്ഛാശക്തി. അതുകൊണ്ടാണു. കൊളോണിയലിസത്തിന്റെ അഗ്‌നിജ്വാലയായി മാറാന്‍ അദ്ദേഹത്തിനുകഴിഞ്ഞതും. ഒരു അസാധാരണ വ്യക്തിത്വത്തിന്റെ ഹൃദയത്തുടിപ്പുകളാണ് ഈ ഡയറി; ഒപ്പം ഗറില്ലാസമരത്തിന്റെ അനുഭവപാഠങ്ങളും. ഈ ഡയറിക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ ലോക മനഃസാക്ഷി ആവേശം കൊള്ളുന്നു.

ചെ ഗുവാരയുടെ ജീവിതത്തിലെ അവസാന പതിനൊന്ന് മാസത്തെ ജീവിതാനുഭവങ്ങളാണ് ബൊളീവിയന്‍ ഡയറിയില്‍ കുറിച്ചിട്ടിരിക്കുന്നത്. ഏണെസ്‌റ്റോ ചെ ഗുവാരയുടെയും അദ്ദേഹത്തിന്റെ ഗറില്ലാ യുദ്ധവീരന്‍മാരുടെയും യാതനകളുടെയും ദുരിതങ്ങളുടെയും അനുഭവങ്ങളാണ് ഈ ഡയറിക്കുറിപ്പുകളിലുള്ളത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും തെളിവായി ഈ കൃതി കണക്കാക്കപ്പെടുന്നു.

ലോകസമത്വത്തിനും സാഹോദര്യത്തിനുമായി പോരാടാന്‍ എക്കാലവും പ്രചോദനമേകുന്ന അനശ്വര കൃതിയാണ് ബൊളീവിയന്‍ ഡയറി. 1968-ലാണ് ബൊളീവിയന്‍ ഡയറി ആദ്യമായി പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകൃതമായപ്പോള്‍തന്നെ ഈ കൃതി ബെസ്റ്റ്‌സെല്ലര്‍ ആയി. ചെ ഗുവാരയുടെ പത്‌നി അലൈഡ മാര്‍ച്ച് പരിഷ്‌ക്കരിച്ച പതിപ്പ് 2001-ല്‍ പുറത്തിറങ്ങി. പരിഷ്‌കരിക്കപ്പെട്ട കൃതിയുടെ മലയാള പരിഭാഷയാണ് ബൊളീവിയന്‍ ഡയറി എന്ന പേരില്‍ത്തന്നെ ഡി സി ബുക്‌സ് 2011ല്‍ പ്രസിദ്ധീകരിച്ചത്. ഫിദല്‍ കാസ്‌ട്രോയാണ് പുസ്തകത്തിന് അവതാരികയെഴുതിയിരിക്കുന്നത്.

ഓരോ ദിവസത്തെയും പ്രധാന സംഭവങ്ങള്‍ കുറിച്ചുവെയ്ക്കുന്ന ശീലംകാരണം അദ്ദേഹത്തിന്റെ ബൊളീവിയന്‍ജീവിതത്തിലെ യാതനയും ദുരിതവും നിറഞ്ഞ വീരോചിതമ ഐതിഹാസികപോരാട്ടങ്ങളുടെ അന്ത്യനാളുകളുകളെപ്പറ്റിയുള്ള വിശദവും വിലപ്പട്ടതുമായ വിവരണങ്ങള്‍ മനുക്ക് ലഭിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതിയും നിശ്ചയദാര്‍ഢ്യത്തെയും ഈ കൃതി ഒരിക്കല്‍കൂടി വെളിവാക്കുന്നു എന്ന് ഫിദല്‍ കാസ്‌ട്രോ അവതാരികയില്‍ കുറിച്ചിരിക്കുന്നു..!

പരിഷ്‌കരിച്ച് പണ്ട് ചേര്‍ക്കാതെ പോയ വിവരങ്ങളും, ഇതുവരെ പ്രസിദ്ധീകരിക്കാത്ത ചിത്രങ്ങളും ചേര്‍ത്ത് പ്രസിദ്ധീകരിച്ച ബൊളീവിയന്‍ ഡയറിയുടെ വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത് കെ.എം.ചന്ദ്രശര്‍മ്മയാണ്.

Comments are closed.