DCBOOKS
Malayalam News Literature Website

സിനിമയ്ക്കുള്ളിലെ ശരീരാധിനിവേശങ്ങള്‍: രാജേഷ് കെ. എരുമേലി

സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ആഗോളവത്കരണത്തിന്റെ കമ്പോള യുക്തികളാണ് പുതിയ താരോദയങ്ങള്‍ രൂപപ്പെടുത്തുന്നതും അവര്‍ വലിയ മൂലധന ഉടമകളായി മാറുന്നതും. പല സൂപ്പര്‍ താരങ്ങളും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഭാഗമായി മാറി. താരസംഘടനകളുടെ നേതൃത്വവും അവര്‍ ഏറ്റെടുത്തു. ഇത് മാഫിയാവത്കരണത്തിന് ആക്കം കൂട്ടി. ക്രിമിനലുകളും ബിസിനസുകാരും സിനിമയെ നിയന്ത്രിക്കാന്‍ തുടങ്ങി. താരങ്ങള്‍ക്ക് ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാകുന്നത് ഇതേ സമയത്താണ്. ന്യൂ ജനറേഷന്‍ സിനിമയുടെ ഭാഗമായവരെ താരങ്ങള്‍ അവരുടെ സംഘടനയില്‍ ചേര്‍ക്കാന്‍ തയാറായില്ല.

ജസ്റ്റിസ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവന്നതോടെ മലയാളസിനിമാ വ്യവസായത്തിനുള്ളില്‍/കലയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മയുടെ ബലതന്ത്രങ്ങളെയാണ് അഴിച്ചെടുത്തു പരിശോധിക്കേണ്ടത്. ചലച്ചിത്രരംഗത്തെ സ്ത്രീകള്‍ നേരിടുന്നത് ഭാവനാതീത ചൂഷണമാണെന്ന വസ്തുതയാണ് കമ്മിറ്റിയുടെ കണ്ടെത്തലിലെ പ്രധാന ഘടകം. ലിംഗ അസമത്വം, ലൈംഗിക ചൂഷണം, തൊഴില്‍ സുരക്ഷിതത്വമില്ലായ്മ, ഒരേ തൊഴിലിന് വ്യത്യസ്ത കൂലി, ഭീഷണി, കൊലപാതകശ്രമം, കള്ളക്കേസില്‍ കുടുക്കല്‍, ബ്ലാക്ക് മെയിലിങ് തുടങ്ങിയ സംഭവങ്ങളാണ് മലയാള സിനിമാ ലോകത്തെ അകംകാഴ്ചകള്‍ എന്നു വസ്തുതാപരമായ തെളിവുകളുടെയും ഇരകളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുകയാണ് ഹേമ കമ്മിറ്റി. റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി മലയാളസിനിമയിലും പുറത്തും സ്ത്രീപരിചരണം എങ്ങനെയാണ് നടന്നിട്ടുള്ളതെന്ന് കാലാനുസൃതമായി പരിശോധിക്കുകയാണിവിടെ.

ആദ്യ നായികയായ പി.കെ.റോസിക്കു സംഭവിച്ചത് ഫ്യൂഡല്‍ ആണ്‍കോയ്മയുടെ ആക്രമണമായിരുന്നു. ദലിത് സ്ത്രീയായ റോസി സവര്‍ണ Pachakuthira Digital Editionനായികയായി അഭിനയിച്ചു എന്ന കാരണത്താലാണ് ആക്രമിക്കപ്പെട്ടത്. രണ്ടാമത്തെ സിനിമയായ മാര്‍ത്താണ്ഡവര്‍മ്മ നിര്‍മ്മിച്ച ആര്‍.സുന്ദര്‍രാജിനും ബന്ധുവായ ജെ.സി.ഡാനിയേലിന് ഉണ്ടായതുപോലുള്ള അനുഭവമാണുണ്ടായത്. നോവലിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിഷയമാണ് മാര്‍ത്താണ്ഡവര്‍മ്മയെ പെട്ടിയിലാക്കിയത്. പകര്‍പ്പവകാശ കേസില്‍ സുന്ദര്‍രാജ് തോല്‍ക്കുകയും സ്വന്തം സ്റ്റുഡിയോ വിറ്റ് കടങ്ങള്‍ വീട്ടുകയുമായിരുന്നു. ബ്രാഹ്മണസ്ത്രീയായ ദേവകിഭായിയെ കല്യാണം കഴിച്ചതും അദ്ദേഹത്തെ ദുരിതത്തിലാക്കി. ഇരുവരും വീട്ടില്‍നിന്നും പുറത്താക്കപ്പെട്ടു. ജോലി തേടി മധുരയിലും സിലോണിലും അലഞ്ഞെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അവര്‍ തിരിച്ച് തിരുവനന്തപുരത്തെത്തി. കണ്ണമ്മൂലയില്‍ റേഷന്‍കട നടത്തി ജീവിക്കവെയാണ് സുന്ദര്‍രാജ് വിടപറഞ്ഞത്. ദേവകീഭായിയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയില്‍ നായികയായി അഭിനയിച്ചത്. മതവും ജാതിയുമാണ് ഇവിടെ പ്രശ്‌നമായത്. 1930 കളില്‍ കേരളീയസമൂഹം മിശ്ര വിവാഹങ്ങളെപ്പോലും അംഗീകരിച്ചിരുന്നില്ല എന്നതാണ് ഇരുവരുടെയും ജീവിതത്തില്‍നിന്നും തിരിച്ചറിയാനാകുന്നത്.

1930കള്‍ മുതല്‍ 1940കള്‍വരെ ജാതിക്കും ജന്മിത്വത്തിനുമെതിരേ നിരവധി പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. 1930കളിലാണ് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നിയമലംഘനപ്രസ്ഥാനം ഉയര്‍ന്നു വരുന്നത്. അതിന്റെ അലയൊലികള്‍ കേരളത്തിലുമുണ്ടാകുന്നുണ്ട്. അയിത്തത്തിനെതിരേ വൈക്കം സത്യാഗ്രഹം നടക്കുന്നത് 1934-ലാണ്. ദേശീയ പ്രസ്ഥാനത്തിലേക്കു ജനങ്ങള്‍ ആകൃഷ്ടരാകുന്ന അതേ സമയത്തുതന്നെയാണ് ജാതീയമായ വേര്‍തിരിവുകള്‍ അനുഭവിക്കേണ്ടി വരുന്നതും. ഈ സന്ദര്‍ഭത്തിലൊന്നും സാമൂഹികപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ അക്കാലത്തെ സിനിമ തയാറാകുന്നില്ല. മാര്‍ത്താണ്ഡവര്‍മ്മ ചിത്രീകരിക്കുന്ന സമയത്താണ് മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും ഉണ്ടാകുന്നത്. സവര്‍ണകേന്ദ്രിത യുക്തികളെ സ്ഥാപിക്കുന്ന തരത്തിലുള്ള സിനിമകളുടെ നിര്‍മ്മിതി ഏതാണ്ട് അമ്പതുകള്‍വരെ നീളുന്നുണ്ട്. അതിലെല്ലാം സ്ത്രീവിരുദ്ധമായ കാഴ്ചകളെയാണ് കൂടുതലായി അവതരിപ്പിക്കുന്നത്. ബാലന്‍ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനുശേഷമാണ് ജ്ഞാനാംബിക (1940) വരുന്നത്. രണ്ടാനമ്മയുടെ പോരും സ്ത്രീപീഡനവുമാണ് ഇതിന്റെ ഇതിവൃത്തം. കയ്യൂര്‍സമരം നടക്കുന്ന 1941-ലാണ് പുരാണകഥയെ കേരളത്തിന്റെ സാമൂഹിക ഇടത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമവുമായി “പ്രഹ്ലാദ’ വരുന്നത്. പൂര്‍ണമായല്ലെങ്കിലും സ്ത്രീയെ കര്‍തൃത്വപരമായി ഭാഗികമായി അവതരിപ്പിക്കുന്നത് സ്വാതന്ത്ര്യാനന്തരമിറങ്ങിയ നിര്‍മ്മല (1948)യാണ്.

പൂര്‍ണ്ണരൂപം 2024 സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

Leave A Reply