നോവലിന്‍റെ ആഖ്യാനപരിസരം കൊണ്ട് തന്നെ വായനക്കാരെ ഉദ്വേഗഭരിതരാക്കാന്‍ പര്യാപതമാണ്
രജത് ആറിന്റെ ‘ബോഡി ലാബ്’ എന്ന പുസ്തകത്തിന് മരിയ റോസ് എഴുതിയ വായനാനുഭവം
ഡോ. രജത് എഴുതിയ രണ്ടാമത്തെ നോവല്‍ “ബോഡി ലാബ്” വളരെ Ambitious ആയൊരു നോവല്‍ ശ്രമമാണ്. അദ്ദേഹത്തിന്‍റെ ആദ്യനോവലിനെക്കാള്‍ വളരെയധികം മുന്നിലാണ് ഈ നോവല്‍ എന്ന് ഞാന്‍ വിചാരിക്കുന്നു. ഫോറന്‍സിക് പശ്ചാത്തലം കടന്ന് വരുന്നുണ്ട് എങ്കില്‍ പോലും ആദ്യനോവല്‍ എഴുതാന്‍ പതിവ് കുറ്റാന്വേഷ്ണനോവലുകളുടെ കണ്‍വെന്‍ഷനുകളെ തന്നെ എഴുത്തുകാരന്‍ ആശ്രയിക്കുമ്പോള്‍ ഈ നോവല്‍ അദ്ദേഹത്തിന്‍റെ പ്രൊഫഷണല്‍ വൈദഗ്ധ്യത്തെ ആശ്രയിക്കുന്നു എന്നതാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. അഥവാ പ്രൊഫഷണല്‍ മേഖലയുമായുള്ള ഫസ്റ്റ് ഹാന്‍ഡ് അനുഭവപരിചയമാണ് ഈ നോവലിന്‍റെ അനുഭവതലം വായനക്കാരിലേയ്ക്ക് പകരുന്നത്.
ചില തൊഴില്‍ മേഖലകള്‍ അതുമായി ബന്ധപ്പെടാതെ പുറത്ത് നില്‍ക്കുന്ന പൊതുജനത്തിന് എപ്പോഴും ആകാംക്ഷ ജനിപ്പിക്കുന്നതാണ്. അത്തരത്തില്‍ ഒന്നാണ് ഫോറന്‍സിക് വിഭാഗം. അതൊരു അറിവ് മേഖലയായിരിക്കുമ്പോള്‍ തന്നെ അവ ഉദ്വേഗജനകവുമായിരിക്കുന്നു എന്നത് ആ പശ്ചാത്തലത്തില്‍ എഴുതുന്ന പുസ്തകങ്ങളെയും അങ്ങനെയാക്കിത്തീര്‍ക്കുന്നു. ഡോ. സിഡ്നി സ്മിത്തിന്‍റെ ഫോറന്‍സിക് അനുഭവക്കുറിപ്പ് : Mostly Murder, മലയാളത്തില്‍ ഡോ. ഉമാദത്തന്‍റെ “ഒരു പോലീസ് സര്‍ജന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍” എന്നീ പുസ്തകങ്ങള്‍ അവയുടെ ആഖ്യാനഗുണം കൊണ്ടും അവയുടെ അറിവ്-ഉള്ളടക്കം കൊണ്ടും നമ്മളെ ആകര്‍ഷിക്കും. ഡോ. രജത്തിന്‍റെ “ബോഡിലാബും” നോവലിന്‍റെ ആഖ്യാനപരിസരം കൊണ്ട് തന്നെ വായനക്കാരെ ഉദ്വേഗഭരിതരാക്കാന്‍ പര്യാപതമാണ്.
മരണവും ജഡങ്ങളുമൊക്കെയായി ബന്ധപ്പെട്ട ഭീതിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നൊരു വാക്കാണ് Macabre. അടിമുടി Macabre ആണ് ബോഡിലാബ്. ഒരു കുറ്റാന്വേഷണനോവലാണ് ഇത് എന്ന് പറയാമെങ്കിലും ഒരു Whodunnit ന്‍റെ സ്ഥിരം ഘടന ഉപയോഗിക്കേണ്ടതില്ലാത്ത വിധം എഴുത്തുകാരന്‍ ആഖ്യാനത്തെയും പ്രമേയത്തെയും ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഒരു സ്വകാര്യമെഡിക്കല്‍ കോളേജില്‍ അനാറ്റമി ട്യൂട്ടറായി ജോലിക്കെത്തുന്ന അഹല്യ എന്ന യുവ ഡോക്ടര്‍ മാനസികമായും ശാരീരികമായും വെല്ലുവിളികള്‍ നേരിടുന്നവളാണ് കുട്ടികളെ പഠിപ്പിക്കാന്‍ അവളുടെ മുന്നിലെത്തുന്ന ഒരു കഡാവര്‍ അവളില്‍ ദുരൂഹമായ സംശയങ്ങള്‍ ഉണര്‍ത്തുന്നതും അതിനെ പിന്നാലെയുള്ള അവളുടെ യാത്രകളുമാണ് നോവലിന്‍റെ പ്രമേയം. അഹല്യയുടെ അന്വേഷണത്തിന് ഒരു ഔദ്യോഗികമോ അനൌദ്യോഗികമോ ആയ ഒരു ഡിറ്റക്ടീവിന്‍റെ അന്വേഷണത്തിന്‍റെ സ്വഭാവമല്ല ഉള്ളത്. അവള്‍ വളരെയധികം Human ആയ, Vulnerable ആയ ഒരു മനുഷ്യജീവിയായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് നോവലിന്‍റെ ഗുണപരമായ വശം. കഥാപരിസരം സ്വതേ തുറന്ന് വയ്ക്കുന്ന ഭീതി-യും ഉദ്വേഗവും നിറഞ്ഞ അന്തരീക്ഷത്തെ സെന്‍സേഷണലൈസ് ചെയ്യാതിരിക്കുന്നതും മിതമായ- Ornamental അല്ലാത്ത ഭാഷയും നോവലിന് ഗുണകരമായി വന്നിട്ടുണ്ട്. മെഡിക്കല്‍ സംബന്ധമായ വിവരങ്ങളും മുഴച്ച് നില്‍ക്കാതെ ആഖ്യാനത്തിന്‍റെ ഭാഗമായിത്തന്നെ നില്‍ക്കുന്നു.
സ്കോട്ട്ലന്‍ഡിലെ ശവമോഷ്ടാക്കളായിരുന്ന ബര്‍ക്കിന്‍റെയും ഹെയറിന്‍റെയും ജീവിതപരിസരത്ത് നിന്ന് ആര്‍ എല്‍ സ്റ്റീവന്‍സന്‍ എഴുതിയ The Body Snatcher എന്ന കഥ സമാനമായി ഡിസക്ഷന്‍മുറിയുടെയും കഡാവറുകകളുടെയും ലോകത്തെക്കുറിച്ച് പറയുന്ന ഒരു ലോകകഥയാണ്. അലന്‍ പോ, മോപ്പസാങ്ങ് ഇവരെല്ലാം Macabre കഥകള്‍ പറയാന്‍ ഇഷ്ടപ്പെട്ടവരാണ്. ഈ നോവലിന് വേണ്ടി ഡോ. രജത് എടുത്ത എഫര്‍ട്ട് തികച്ചും സാര്‍ത്ഥകമായിരിക്കുന്നു എന്ന് പറയാന്‍ സന്തോഷമുണ്ട്. ഇനി ഈ മേഖലയെക്കുറിച്ച് ഒരു നോവല്‍ വരുമ്പോള്‍ അയാള്‍ക്ക് ഇതിന് മേലെ എഫര്‍ട്ട് ഇടാന്‍ ബാധ്യസ്ഥനാണ് . എഴുത്തുകാരന് ആശംസകള്‍. മലയാളത്തില്‍ ഒരു റോബിന്‍ കുക്ക് എന്ന പോലെ ഇനിയും തനിക്ക് പരിചിതമായ പരിസരങ്ങളുടെ ഉദ്വേഗജനകമായ സാധ്യതകള്‍ explore ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
മരിയ റോസ്
Comments are closed.