‘ബോഡി ലാബ്’ ; രഹസ്യാത്മക ലോകത്തിലേക്കുള്ള യാത്ര
രജത് ആറിന്റെ ‘ബോഡി ലാബ്’ എന്ന പുസ്തകത്തിന് ബഷീര്‍ മാത്തോട്ടം എഴുതിയ വായനാനുഭവം
വായനയുടെ ലോകത്ത് നിന്ന് നിനക്കെന്താണ് ലഭിക്കുക എന്ന അതിശയോക്തി നിറഞ്ഞ ചോദ്യത്തിന് നിരവധി ഉത്തരങ്ങള്‍ വായനക്കാരന്റെ ആവനാഴിയില്‍ അവന്‍ നിറച്ച് വച്ചിരിക്കും. പിന്നെ ചോദ്യകര്‍ത്താവിന്റെ മുന്നിലേക്ക് തന്നില്‍ വായന നിറച്ച വ്യത്യസ്തമാര്‍ന്ന അനുഭവങ്ങള്‍ അവരില്‍ നിന്ന് അരുവികള്‍ ഒഴുകുന്നത് പോലെ നിറഞ്ഞൊഴുകും. വ്യത്യസ്തമാര്‍ന്ന രൂപത്തിലും ഭാവത്തിലും അതിലെ വിവരണങ്ങള്‍ അതിര്‍വരമ്പ് കടക്കുമ്പോള്‍ ചോദ്യകര്‍ത്താവ് ഒരുപാട് സമസ്യകള്‍ക്കുള്ള ഉത്തരങ്ങള്‍ തേടി അലയുകയായിരിക്കും. അതെ, വായന നമ്മില്‍ നിറക്കുന്നത് അത്ഭുതകരമായ ചില സമസ്യകളാണ്, അത് വ്യത്യസ്ഥമാര്‍ന്ന രീതികളിലായിരിക്കും പല എഴുത്തുകാരും നമ്മുടെ മുന്നിലേക്ക് നിവേദ്യമാക്കി നല്‍കുക. പല സന്ദര്‍ഭങ്ങളിലും വേറൊരു ലോകത്ത് ജീവിപ്പിക്കുവാന്‍ അവര്‍ നമ്മെ പ്രേരിപ്പിക്കും. അങ്ങിനെയുള്ള ഒരു മഹാ ലോകത്തായിരുന്നു ഞാന്‍ കുറച്ചു ദിവസം .
ഡോ അഹല്യയുടെ കൂട്ടുകാരനായി, അവരുടെ മാനസിക പിരിമുറുക്കങ്ങളും സംശയകരമായ ചിന്താശേഷിയും കൂട്ടിയിണക്കി അവര്‍ കോര്‍ത്തെടുത്ത മാസ്മരിക ലോകത്തില്‍ അവരുടെ കൂടെ. വായനക്കിടക്ക് പലപ്പോഴും പുസ്തകം മാറ്റി വെച്ച് ഞാനതിനെ നോക്കി നിന്നിട്ടുണ്ട്. വായിക്കാതെ അതിനെ മൂലയിലേക്ക് മാറ്റി വെച്ചിട്ടുണ്ട്. എന്തിനെന്നോ, അതിനെ കരങ്ങളിലേക്കെടുത്താല്‍ വായന തീര്‍ത്ത് ഡോ അഹല്യയില്‍ നിന്ന് വഴിദൂരം മാറി നില്‍ക്കേണ്ടി വരുമെന്നോര്‍ത്ത്. അത്രത്തോളം മനുഷ്യ ശരീരത്തിലെ മായാക്കാഴ്ച്ചകളെ കുറിച്ച് ഡോ അഹല്യ എനിക്ക് പറഞ്ഞു തന്നു. ശരിക്കും കഴിഞ്ഞ ഒരാഴ്ച്ചയായി MBBS സ്റ്റുഡന്റായി ഞാന്‍ അവരുടെ കൂടെ അനാട്ടമി ലാബിലുണ്ടായിരുന്നു. ആ കഡാവറിന്റെ (മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വേണ്ടിയുള്ള മൃതശരീരം) രഹസ്യത്തിലേക്ക് അവര്‍ ചൂഴ്ന്നിറങ്ങിയപ്പോള്‍ നിശബ്ദനായി ഞാനവിടെയുണ്ടായിരുന്നു, ഡോ സഞ്ജുവിന്റെ സഹപാഠിയായി, വരാനിരിക്കുന്ന രഹസ്യങ്ങളുടെ ലോകമെന്തെന്ന് അറിയാത്ത മറ്റൊരു കഡാവറായി.
‘ഒന്നാം ഫോറന്‍സിക് അദ്ധ്യായത്തിലൂടെ’, എഴുത്തിന്റെ മാസ്മരിക ലോകത്തിലേക്ക് നമ്മെ കൈ പിടിച്ചുയര്‍ത്തിയ ഡോ രജതിന്റെ തൂലികയില്‍ നിന്ന് വിടര്‍ന്ന രഹസ്യാത്മക ലോകത്തിലേക്കുള്ള യാത്രയാണ് ‘ബോഡി ലാബ്’, തീര്‍ത്തും ഹൃദയമിടിപ്പിന്റെ വേഗത ക്രമാതീതമായി വര്‍ദ്ധിക്കുന്ന ‘അനാട്ടമി ത്രില്ലര്‍ ‘. ഒരു കോസ്മോളജിസ്റ്റ് ആകാശത്തെ വര്‍ണ്ണിച്ചാല്‍ നാമിരിക്കുക എങ്ങനെയായിരിക്കും, അത് പോലെ ഒരു അനാട്ടമി പ്രൊഫസര്‍ ശരീരത്തിലെ രഹസ്യങ്ങളെ കുറിച്ച് പറഞ്ഞാലോ !
ആധുനിക കാലഘട്ടത്തിലെ വായനയുടെ എല്ലാ ഭാവങ്ങളും ഒത്തിണങ്ങിയ പുസ്തകം, വായിച്ചില്ലെങ്കില്‍ നഷ്ടം നമുക്കാണ്. അടുത്ത പുസ്തകത്തിനായി ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.